കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Wednesday, April 8, 2020

പട്ടിയും രാമുട്ട്യേട്ടനും പിന്നെ അവനും....

"എടോ?"
"എന്താ,, രാമുട്ട്യേട്ടാ "
"താനെന്തിനാ കിടന്നിങ്ങനെ ഓടുന്നത് "
"അതെ, എന്നെയെങ്ങാനും പട്ടി കടിക്കാൻ വന്നാലോ?"
"അയിന്,,,, "

"ഓടിക്കൊണ്ടിരിക്ക തന്നെ ശരണം"

"ഇങ്ങനെ ഓടിയിട്ടും പട്ടി കടിക്കാൻ വന്നില്ലെങ്കിലോ??"

"ഭാഗ്യം, അല്ലാതെന്താ പറയാ?"

"ഉപദേശിക്കാന്ന് തോന്നരുത് ഞാനൊരു കാര്യം പറയാം"

"പറയൂ..."

" ആദ്യം നീ ഓട്ടം നിർത്തൂ..ഇല്ലേൽ ഞാനും കൂടെ ഓടണ്ടേ ഇത് പറയാൻ..”

"അപ്പോ പട്ടി? "

"അത് വരുമ്പോൾ വരട്ടെ അപ്പോൾ ഓടാലോ"

"എങ്ങാനും കടിച്ചാലോ?"

"കടിച്ചാലല്ലെ എത്രയോ വഴികളുണ്ടു്, കടിക്കാത്ത പട്ടിയെ ഓർത്ത് ഇപ്പഴേ വശം കെടണോ "

" ന്നാലും എന്താപോംവഴി രാമുട്ട്യേട്ടാ...?"

"പട്ടി കടിച്ചാൽ ചികിത്സകളുണ്ട്.. മ്മടെ രാജ്യത്ത്.  ഓർമ്മേലുള്ള ചിലത് പറയാം"

" പറയ് ൻ്റെ രാമുട്ട്യേട്ടാ "

"മെഡിക്കൽ കോളേജിൽ പോയി പൊക്കിളിന് ചുറ്റും  സൂചി കുത്താം"

"അപ്പോ നല്ല വേദന ആവും ല്ലേ? പിന്നെ "

“ അതിപ്പോ പട്ടി കടിച്ചാലും വേദനിക്കൂലോ...”

“ അതെ അതുകൊണ്ടാണല്ലൊ കടികൊള്ളാതിരിക്കാൻ ഞാനീ ഓടുന്നത്..”

" കൊരക്കണ പട്ടി കടിക്കില്ലടാ, കടിക്കണേൻ്റെ മുൻപ് പട്ടിയെ കെട്ടിയിട്ടു് വിഷമിളകുന്നുണ്ടോന്ന് നോക്കാം, വിഷ ലക്ഷണം കണ്ടാൽ തല്ലിക്കൊല്ലാം "

"അതിന് പട്ടി നമുക്ക് പിടിക്കാൻ നിന്നുതരോ..? “

" പാങ്ങില്ലാത്ത കാര്യങ്ങളുണ്ടോ ഭൂമിയിൽ?, പിന്നെ വൈദ്യരെ കണ്ടു് നാട്ടുമരുന്ന് ചികിത്സ നടത്താം, പെരുമ്പടപ്പിൽ പോയി വെളിച്ചെണ്ണയും നൂലും കെട്ടാം, ഇടവകലേച്ചൻ്റെ മുന്നിൽ കുരിശ് മുത്തി മുട്ടിപ്പായി പ്രാർത്ഥിക്കാം, അമ്പലത്തിൽ പോയി ഒന്നു മുട്ടിറക്കാം , ഉഗ്രശക്തിയുള്ള ദേവിമാർ രക്ഷിക്കാതിരിക്കില്ല."

“  ഇതൊക്കെ വല്യ ചെലവല്ലേ,... കൈകൂലി കൊടുത്താലല്ലാതെ ദൈവങ്ങൾ ഒന്നും കേൾക്കില്ലാലൊ .?”

"വടക്കേലെ പോത്തൻ വക്കീലിനെ കണ്ടു് മേൽക്കോടതിയിൽ ഒരു പരാതി കൊടുക്കാം, മേലിൽ ഒരു പട്ടിയും കടിക്കാതിരിക്കാൻ സർക്കാർ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് "

"സർക്കാരും കേടതിയും നന്നായി വിയർക്കണ്ടു്ന്നാ കേട്ടത് "

"അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഒരു അറ്റകൈ പ്രയോഗമുണ്ടു് ഈ പട്ടികളെയൊക്കെ നമ്മുടെ ആടിനെ കടിച്ച പേപ്പട്ടികളായി അങ്ങട് തല്ലിക്കൊല്ലാം.. ഒന്നോ രണ്ടോ ആടുകളെ മുറ്റത്ത് കെട്ടിയിടണം അവറ്റകൾക്ക്.... കുശാലായി വെള്ളവും വറ്റും കൊടുക്കണം...  അത് കണ്ടാ മ്മളു ആടുകളെ പൊന്ന് പോലെ നോക്കണ്ണ്ട്ന്ന് തോന്നേം ചെയ്യും "

"ഇങ്ങക്കിതൊക്കെ പറയാം.... നേരം വെളുക്കോളം ഉപാദികൾ ഉപദേശിക്കാം എന്നെ പട്ടി കടിക്കും കടിച്ചു പൊളിക്കും
ഞാൻ ഓടാണ്.... ഓടട്ടെ രാമുട്ട്യേട്ടാ "

"പറയാനുള്ളത് പണ്ടേ മുതൽ പറയുന്നതാടാ ചെക്കാ....ഇല്ലാത്ത പട്ടി കടിക്കു ച്ചാൽ നീ ഓടിക്കോ"

ശുചിത്വം പാലിക്കുക ...
വീട്ടിനകത്ത് തന്നെ ഇരിക്കുക...
സാമൂഹിക അകലം പാലിക്കുക...

ദേ, വീണ്ടും ....പട്ടി... രാമുട്ട്യേട്ടാ....

ശുഭം

ഒരു ഉട്ടോപ്പിയൻ കഥ
- കമർ
06/04/2020
Share:

Sunday, August 6, 2017

താക്കോൽ പഴുതിലൂടെ


ഒരു നാളൊടുങ്ങുന്ന
ജീവിത യാത്രയില്‍
ഒരുമിച്ച്‌ കളകളം പോലൊഴുകീ

കുന്നിലും കല്ലിലും
താഴ്‌വരകളോരോന്നിലും
കൗതുകം മാറാതെ
പുളഞ്ഞൊഴുകീ...

ഇരുളിന്‍ കരിമ്പടത്തില്‍
പൊന്‍ വെളിച്ചമായ്‌
കണ്ണിണകളില്‍ വർണ്ണക്കാഴ്ചയായി
ചുണ്ടിൽ നറു പുഞ്ചിരി നിറവായി
വണ്ടുണര്‍ന്നീടും വിസ്‌മയ പൂങ്കുലയായ്‌

നിശ്ശബ്ദ യാമങ്ങളില്‍ രാഗ മാലയായ്‌
വിരസതയിൽ പദ നിസ്വനം
നൃത്തമായ്‌
ചടുലമാം ചുവടുകളൊരു ചഷകമായി
ലഹരിയായ്‌
രാഗമായ്‌
സംഗീത സുധയായി
പെയ്‌തൊടുങ്ങിയതും
ഓര്‍‌മ്മയായോ..?

പണ്ടേതോ
ഏകാന്ത രാവിൽ
നിർവൃതിയിൽ
പാതി മയക്കത്തില്‍ ചെവിയിൽ നീ മന്ത്രിച്ച
പ്രണയാക്ഷരങ്ങളുടെ സ്വര ജതികള്‍
നീയില്ലായിരുന്നെങ്കിൽ...പ്രിയേ.....
എന്ന കനലക്ഷരങ്ങളുടെ പ്രതിധ്വനികള്‍

ജീവിത സായാഹ്ന ചക്രവാളത്തിലെ
പ്രഭ തീര്‍ന്ന സാന്ധ്യയിലെത്തിയപ്പോള്‍
കാര്‍കൊണ്ട വാനത്തെ മേഘങ്ങള്‍
തമ്മിലുടക്കുന്ന ഗര്‍‌ജ്ജനം കേട്ടു ഞെട്ടി
മഴ തോരുന്നതും കണ്‍പാര്‍ത്തിരുന്നപ്പോള്‍
ഗരിമയുടെ ഗർജ്ജനം കാതിലെത്തി

എന്തു ചെയ്‌തെന്തു ചെയ്‌തെന്ന ചോദ്യാക്ഷരം
എന്തു ചെയ്‌തെന്തു ചെയ്‌തെന്ന തോന്ന്യാക്ഷരം
ശരം കണക്കെന്റെ നെഞ്ചില്‍ തറച്ചൂ...

ഇത് കേട്ടെൻ ഉള്ളറയിലെ താഴിട്ട് പൂട്ടിയ
കിളിക്കൂടിൻ താക്കോൽ പഴുതിലൂടെ ...
നോക്കിക്കളിയാക്കി കിളി ചൊല്ലി ശരിയല്ലേ
നീ എന്തു ചെയ്തൂ ? നിനക്കായി മാത്രം
നീ എന്തു ചെയ്‌തൂ...നിനക്കായ്‌ മാത്രം.

റഹി​
Share:

Thursday, March 23, 2017

ഇറോം എന്ന ബലിജന്മം....

ചോര നനഞ്ഞ
പകലുകളെയോര്‍ത്തു
രുചി വെടിഞ്ഞതു 
വേട്ടയാടപെട്ടവര്‍ക്കായിരുന്നു
സമരാഗ്നിയില്‍
ഉരുകിയ യൌവ്വനവും 
വിശപ്പു തിന്നൊട്ടിയ
അന്നക്കുഴലും
ഊഷരമാക്കിയ 
ഗർഭ പാത്രവും
ശോഷിച്ച  കൈകാലുകളും
നീ ആർക്കുവേണ്ടി
ഹോമിച്ചുവോ -
അവർ മാത്രം
നിന്നെ തിരിച്ചറിഞ്ഞില്ലല്ലോ ?

നിനക്ക് നഷ്ടപ്പെട്ട
നീലാകാശവും
കടലും കായലും
കാവും കരക്കാറ്റും
ചുംബനങ്ങളും
രതിരസങ്ങളും
നാസാരന്ദ്രങ്ങളെ
തുളക്കുന്ന
തീൻ വിഭവങ്ങളും
തലച്ചോറിന്റെ മേൽ
തടയണ കെട്ടി
ആർക്കു വേണ്ടിയാണോ
ഉപേക്ഷിച്ചത്
അവർ മാത്രം,
നിന്നെയിനിയും
അറിയുന്നില്ലല്ലോ ??

നിന്റെ ചോരയെ
വിരട്ടാനും
ആക്രമിക്കാനും
രാജ്യ ദ്രോഹിയെന്ന്
ചാപ്പ കുത്തി
തടവിലടാനും
പട്ടാള ബൂട്ടിന്ന് മുതുക്
തകർക്കാനും
ജനാധിപത്യം നിവേദിച്ച
കാടൻ വിഗ്രഹങ്ങൾ
കുഴിച്ച് മൂടാൻ,
നിന്റെ ഉടലടയാളങ്ങൾ
പരിചയാക്കിയ
നീയൊരു
നഷ്ടപ്പെട്ട തേൻമഴയായി
ഞങ്ങളിൽ
വർഷിച്ചു കൊണ്ടേയിരിക്കുന്നു.

മഹാ വൃക്ഷങ്ങൾക്ക്
കീഴിൽ കിളിർത്ത് വളർന്ന തൈമരമിന്ന്
മറ്റൊരു മഹാവൃക്ഷമായ്,
മുറിച്ചു മാറ്റാനാകാത്തവണ്ണം-
കട്ടിയുള്ള കാതലായ് മാറിയിരിക്കുന്നു.

നിന്റെ മന്ത്രണങ്ങൾ
നിന്റെ നിശ്വാസങ്ങൾ
നിന്റെ കണ്ണീരിന്റെ നനവും
എനിക്ക് തരിക
പ്രിയപ്പെട്ടവളെ
നിനക്ക് പകരം
നീ മാത്രമായതിനാൽ
ഞാനെന്റെ
കുലത്തിനെല്ലാം
നിന്നെ പകുത്തും കൊടുക്കാം

നീ അറിയുക
നീതി മണക്കുന്നോരു വോട്ടും
ഇവിടെയില്ലെന്ന്
അറിയുക,
നിന്റെ പ്രാണനില്‍
മുക്കിയെഴുതാനെത്രയോ
തൂലികകള്‍ കാലം
കാത്തുവച്ചിട്ടുണ്ടെന്നു

അറിയുക,
കിരീടവും
ചെങ്കോലുമില്ലാതെ
രാജ്യ രാജ്യാന്തരങ്ങളിലേക്ക്
പറന്നുയർന്ന നിന്റെ
നിശബ്ദ വാമൊഴികൾ
പറയുന്നുണ്ട് നീ
നിരാകരിക്കപ്പെട്ടവളല്ലെന്ന്

കമർ ബേക്കർ
22/03/2017⁠⁠⁠⁠
Share:

Monday, November 21, 2016

മനസ്സിന്റെ ഈണങ്ങൾ

*മനസ്സിന്റെ ഈണങ്ങൾ*
അവർ,
സ്നേഹ മതത്തിന്റെ പ്രവാചകർ....
ഇന്നത്തെ ഈണത്തിലലിഞ്ഞ്
ഞാനെന്നെ ഒരിക്കൽക്കൂടി ആദരിച്ചു.
അവരുടെ ആരവങ്ങളിൽ
ലഹരിപൂത്തിറങ്ങിയത്
ഇഷ്ടങ്ങളുടെ ഓർമ്മക്കടമ്പുകൾ...
ചിലരങ്ങിനെയാണ്...
തന്നിലേയ്ക്കു മാത്രം
തുറക്കുന്ന ജാലകങ്ങളെ,
അവരിലേക്ക് മാത്രം നീളുന്ന പാതകളെ,
പുറംകാഴ്ചകളിൽ നിന്ന് അടർന്നു മാറി
സ്വന്തം നിഴലിനെ പ്രണയിക്കുന്നവർ
അവർക്ക് ഇന്നത്തെ ഈണവും
ഇഴയടുപ്പവും
ഇനിയൊരു നാളിലെങ്കിലും
കണിയായ് കനിവായി
കരുതി വെയ്ക്കുക.
ചിലരിങ്ങനെയും....
അവനവരെ പുണർന്ന്
ഇന്നിൽ അലിഞ്ഞ്
കെെകോർത്ത്,
പരസ്പരം വണങ്ങി,
വർത്തിക്കുന്നിടത്തെല്ലാം
വർണ്ണങ്ങൾ തിരയുന്നവർ
വ്രണിത ഹൃദയങ്ങളിലേയ്ക്ക്
സ്നേഹം പെയ്യാൻ മടിക്കാത്തവർ
ജീവന്റെ പുസ്തകത്താളിലിടം കൊടുക്കുന്നവർ
പ്രവാസത്തിന്റെ
നഷ്ടത്തുരുത്തുകളിൽ
മനസ്സിന്റെ വിങ്ങലുകളെ
കൂട്ടിവായിച്ചും,
തങ്ങളിലങ്ങനെ ഊന്നുവടികളാകുന്നവർ
ഉഷ്ണശെെലങ്ങളി-
ലടയിരിക്കുമ്പോഴും
വീണുകിട്ടുന്ന ഇത്തിരിമാത്രകളെ വലിച്ചുകുടിക്കുന്നവർ
സ്നേഹ പ്രവാചകരായിരുന്നു അവർ,
അഹന്തയുടെ നുരപോലുമില്ലാതെ
അറിവാഴങ്ങളെ അനുഗ്രഹമായി,
സ്നേഹത്തിന്റെ അനന്തതയിൽ
അഭിരമിക്കുന്നവർ
നിങ്ങൾക്കെന്റെ പ്രണാമം.
ജയ് കേച്ചേരിയൻസ്

കമർ അൽബേക്കർ കേച്ചേരി
12/11/16
Share:

Friday, November 18, 2016

ചിത.....റാഹി

മീനമാസത്തിലെ സൂര്യന്റെ ചൂട് നെറുകയിൽ എത്തി നിൽക്കുന്നുണ്ടെങ്കിലും, അമ്പല മൈതാനി ജനനിബിഡമായി തുടരുകയാണ്. ഒരു വിജനമായ 
വീഥി ഇവിടെ അന്യം തന്നെ.

ദൈവത്തിന്റെ പ്രീതിയ്ക്കും, അനുഗ്രഹങ്ങൾക്കും വേണ്ടി വഴിപാടുകളാൽ മൽസരിച്ച് ജനം മുന്നേറി കൊണ്ടിരിക്കുന്നു, ദൈവ കടാക്ഷത്തിനായ് ആളുകൾ നെട്ടോട്ടമോടുന്നു, വിശ്വം കാക്കാൻ കണ്ണും കാതും കൂർപ്പിച്ച് വിശ്രമമില്ലാതെ ഈശ്വരനും സദാസമയം തിരക്കിൽ തന്നെ.

പതിയെ വിരസമായ സായാഹ്നവും അടുത്തെത്താറായി, മങ്ങിയ വെയിൽ വിട പറഞ്ഞ് സന്ധ്യയ്ക്ക് വഴിമാറി കൊടുക്കുമ്പോൾ എന്റെ മനസിന്റെ ആഴങ്ങളിൽ കിടക്കുന്ന നൊമ്പരങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങും. ഉള്ളിൽ വിങ്ങുന്ന വിഷമങ്ങൾ ഒരു നെടുവീർപ്പായി മാറും. സന്ധ്യ സമയത്ത് ആൽമരത്തിന്റേയും, മറ്റു വൃക്ഷലതാദികളുടേയും മർമ്മരങ്ങൾ എന്റെ ചെവിയിൽ മൂളാറില്ല. അവയുടെ തെന്നൽ എന്നെ തലോടാറില്ല. ചന്ദന തിരികളുടേയും, ഭസ്മത്തിന്റേയും ഗന്ധം സുഖകരമായി തോന്നാറുമില്ല.
ആകാശത്ത് ഇരുണ്ട മേഘക്കീറുകൾ സ്ഥാനം പിടിക്കും തോറും അമ്പലനടയിൽ ദീപാലങ്കാരങ്ങൾക്ക് മോടികൂടും, എന്തോ ഈ വൈകുന്നേരത്തിന് ഇത്തിരി ഉൻമേഷം തോനുന്നുണ്ടോ?

ഭിക്ഷാപാത്രത്തിൽ തുടർച്ചയായി വീഴുന്ന നാണയ തുട്ടുകളുടെ ഈണത്തിൽ, ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നു, ആരാണ് ദാതാവ് എന്നറിയാൻ മുഖം പതിയെ ഒന്ന് ഉയർത്തി നോക്കി. അതെ ഞാൻ അയാളെ വ്യക്തമായി കണ്ടു..........

നിമിഷങ്ങൾക്ക് മുന്നെ ഉണ്ടായ എന്നിലെ ഉണർവ് പെട്ടെന്ന് മാഞ്ഞുപോയി. എന്റെ അസ്വസ്ഥതകളും നിരാശകളും മൂർദ്ധന്യത്തിലെത്തി, നടന്ന് പോകുന്ന ആളിനേയും കൂടെ തൊട്ടുരുമ്മി പോകുന്ന സ്ത്രീയേയും കണ്ടപ്പോൾ എന്റെ രക്തസമ്മർദ്ദം ക്രമാധീതമായോ? ശരീരത്തിൽ വൈദ്യുതി തരംഗം ഏററത് പോലെ ചടുലമായ ഒരു വിറയൽ അനുഭവപെട്ടോ? എന്നിലെ അന്ധാളിപ്പ് വർദ്ധിച്ചോ? എന്റെ കണ്ണിലെ നീരുറവകൾക്ക് വേഗത കൂടിയോ?
ഒരു സ്ത്രീയുടെ ആശകളും, അഭിലാഷങ്ങളും ഉള്ളിൽ ഒതുക്കി പ്രതീക്ഷകളില്ലാതെ, യാന്ത്രികമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഭൂതകാല ജീവിതത്തിലെ നിയോഗം എന്നിൽത്തന്നെ നിക്ഷേപിച്ച്, ആ ഭാണ്ഡവുമായി തനിയെ സഞ്ചരിക്കുകയായിരുന്നു ഇതുവരെ.

നന്മയുടെ പൂർണതയോടെ ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിൽ , അഛന്റെ ഉമയായും ,അമ്മയുടെ ദേവിയായും, ഞാനെന്ന ഉമാദേവിക്ക് കൊതിത്തീരുവോളം ജീവിക്കാൻ കഴിഞ്ഞില്ല.അഞ്ചാം വയസിൽ അച്ഛന് അപസ്മാരകം കൂടി, പിടഞ്ഞ് മരിക്കുന്ന നേർകാഴ്ചയാണ് എന്റെ ആദ്യത്തെ ദുരന്തം, എനിക്ക് അമ്മയും, അമ്മക്ക് ഞാനും എന്ന യാഥാർത്ഥ്യത്തിൽ ജീവിച്ചിരിക്കെ, നാലാം ക്ലാസിൽ , സ്ക്കൂളിൽ നിന്ന് വരുമ്പോൾ ഞാൻ കാണുന്നത് ഗോതമ്പ് നിറമുള്ള അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമാണ്, അതോടെ എന്നത്തേയ്ക്കും ഉള്ള ദുരന്തമായി. പിന്നീട് മുതിർന്നപ്പോൾ ഞാൻ കേട്ടിരുന്നു, ഏതോ പൈശാചിക രൂപത്തിൽ, കാമവെറി മൂത്ത കഴുകൻമാരുടെ വിളയാട്ടമായിരുന്നു, അമ്മയുടെ ആത്മാഹുതിക്ക് കാരണമെന്ന് .

ആ രണ്ട്ര്‌  ദീപങ്ങൾ പോയതോടെ മുന്നോട്ടുള്ള വഴി കൂരിരുട്ടായി, ശേഷിച്ച ജീവിതം അഛന്റെ അകന്ന ബന്ധുക്കൾ വീതം വെച്ചു. ശംബളം ഇല്ലാതെ ജോലിക്കാരിയെ കിട്ടിയതിലെ ആശ്വാസമായിരുന്നു എല്ലാവരിലും, ഓരോ ദിവസവും ഏത് വീട്ടിലേക്കാണ് എന്നതിന്റെ വ്യക്തമായ പട്ടിക അവരുടെ പക്കൽ തന്നെയാണ് . ഞാൻ വളരുന്നതോട് കൂടി എനിക്കുള്ള ജോലികൾക്കും വർദ്ധനവുണ്ടായി.വാത്സല്യത്തോടെ ഒന്ന് പെരുമാറാനോ സ്നേഹിക്കാനോ ഒരു വീട്ടിലും ആർക്കും അറിയില്ലായിരുന്നു. അടുത്തുള്ള സ്കൂളിൽ പോകാനുള്ള കാരുണ്യമായിരുന്നു എനിക്കുള്ള പ്രതിഫലം. വ്യത്യസ്ഥമായ ജോലികളാൽ ഞാൻ എപ്പോഴും തിരക്കിലാണ്. ചെയ്യാൻ പറ്റില്ല എന്നോ, വയ്യ എന്നോ മറുത്തൊരു മറുപടി വ്യക്തമായി പറയാൻ എനിക്ക് ആവില്ലല്ലോ, ഞാൻ സംസാരിക്കുമെങ്കിലും അത് എന്താണെന്ന് മനസ്സിലാക്കാനോ ശ്രദ്ധിക്കാനോ ആരും ശ്രമിക്കാറില്ല. കാരണം ശബ്ദത്തിലെ അവൃക്തതയാണ് എന്റെ ജീവിതത്തിലെ മറ്റൊരു തീരാശാപം.പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാവരും തീരുമാനത്തിൽ എത്തി "ഈ തൊണ്ടയിൽ കുരുങ്ങുന്ന വർത്തമാനവുമായി ബസ് കയറി പോയിട്ടൊന്നും ഇനി പഠിക്കേണ്ട, വീട്ടിലെ പണിയൊക്കെ എടുത്ത് ഇവിടെ കഴിയട്ടെ " അതോടെ എന്റെ പഠനവും പൂർത്തിയായി.

കുട്ടിമാമയുമായി അച്ചനുണ്ടായിരുന്ന ബന്ധം ഒന്നും എനിക്കറിയില്ലെങ്കിലും കുട്ടികൾ എല്ലാവരും രാജൻ കുട്ടി ചേട്ടനെ കുട്ടിമാമ എന്നാണ് വിളിക്കുന്നത്, ഞാനും അങ്ങിനെ വിളിക്കാൻ തുടങ്ങി, അടുക്കളയിൽ പലരും അതിന്ന് എതിരുപറഞ്ഞെങ്കിലും കുട്ടിമാമ മാത്രം ഒന്നും പറഞ്ഞില്ല.(എനിയ്ക്കും ആകെ ഒരു അടുപ്പംതോന്നിയതും കുട്ടിമാമയോട് മാത്രമാണ്)ജീവിതത്തിലാദ്യമായി കുട്ടിമാമ എന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞു " ഉമാദേവിയെ തയ്യൽ പഠിപ്പിക്കാൻ ഞാനാ സാവിത്രിയുടെ കടയിൽ ഏർപ്പാടാക്കീണ്ട്, വീടുകളിലെ പണിയൊക്കെ ഒതുക്കി വെച്ച് അത് പോയി പഠിച്ചൊ, ഒരു കൈ തൊഴിൽ ആകൂലോ", ഈ തീരുമാനത്തിൽ എത്താൻ അവർക്ക് രണ്ട് വർഷം വേണ്ടിവന്നു. എന്തായാലും ആദ്യമായാണ് ഒരാൾ എന്റെ പേര് വിളിച്ച് കാര്യം പറയുന്നത്, ഏത് വീടുകളിലും എന്റെ പേരിന് ഒരു പ്രസക്തിയും ഞാൻ കണ്ടിട്ടില്ല.

ആദ്യമൊന്നും താൽപര്യം തോന്നിയില്ലെങ്കിലും, ഒരു അടുക്കളയിൽ നിന്ന് വേറൊരു അടുക്കളയിലേക്ക് എന്നലോകത്തിൽ നിന്നുള്ള മാറ്റം ഞാൻ ഇഷ്ടപെടാൻ തുടങ്ങി. പുറത്തെ ശുദ്ധവായു എന്നിൽ പ്രത്യേക ഊർജം ഉണ്ടാക്കിയെടുത്തു, ഏത് വിഷയത്തോടുമുള്ള എന്റെ പ്രാവീണ്യം തയ്യൽ പഠിപ്പും എളുപ്പമാക്കി , ശരം വിട്ട പോലുള്ള യാത്രയിൽ ആരുടേയും കണ്ണിൽ പെടാതെയുള്ള എന്റെ നടത്തത്തിൽ സ്വപ്നചിറകുമായി പറക്കാൻ ദീപക് എന്ന ദീപു എത്തി, സാവിത്രി ചേച്ചീടെ ചാർച്ചക്കാരനാണ്, ഒരുപാട് വാക്കുകളാൽ നിശബ്ദമാവുന്ന എന്റെ ശബ്ദം കൊണ്ട് കുറെയേറെ എതിർത്തു നോക്കി. എന്റെ മനസിന് പുത്തൻ ഉണർവ് നൽകി കൊണ്ട് ദീപു ആ തീരുമാനത്തിൽ ഉറച്ച് നിന്നു. ആദ്യമായി വരണ്ട ആത്മാവിൽ പുതുമഴ വർഷിച്ച ദീപുവിനെ എന്തിനേക്കാളും ഞാൻ വിശ്വസിച്ചു

കണ്ണാടിയിൽ വിഷാദ രൂപത്തിൽ മാത്രം കണ്ടിട്ടുള്ള എന്റെ പ്രതിബിംബത്തെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തങ്കനിറമുള്ള ചർമത്തിന് തിളക്കം കൂടി, അധരങ്ങളുടെ വശ്യതയും കണ്ണുകളിൽ ഒളിഞ്ഞിരുന്ന തീഷ്ണതയും പുറത്തേയ്ക്ക് പ്രകടമായി, കറുത്ത് ചുരുണ്ട് ഇടതൂർന്ന മുടി എന്റെ മുഖത്തിന് കൂടുതൽ മോടിയാക്കി, പക്ഷെ തൊണ്ടയുടെ താളാത്മകമായ സ്വരത്തിന് മാത്രം ദൈവത്തിന്റെ പിശുക്ക് തുടർന്നു.എന്റെ പേരിനും, ശബ്ദത്തിനും അർത്ഥമുണ്ടാകാൻ തുടങ്ങി, സ്വപ്നനത്തിന് മഞ്ഞപൂക്കളും ചുവന്നപൂക്കളും ചേർത്ത ഉടുപ്പുകൾ ഞാൻ തയ്‌ച്ചുണ്ടാക്കി, ആകാശത്തിലേക്ക് രണ്ടും കൈ ഉയർത്തി പിടിച്ച് ഈ ലോകത്തിന്റെ കിരീടാവശി ഞാനാണെന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നിച്ച നിമിഷങ്ങൾ, ജീവിച്ച് തീർത്തതിൽ ഏറ്റവും തിളക്കമായ ദിവസങ്ങൾ.

അടക്കത്തോടേയും, അനുസരണയോടുമുള്ള ജീവിതയാത്രയിൽ സാവിത്രി ചേച്ചി ഒഴിച്ച് അധികമാരും ഞങ്ങളുടെ പ്രണയം അറിഞ്ഞില്ല, ഈ ലോകത്ത് ഏറ്റവും നല്ല സുന്ദരനും സുന്ദരിയുമായി, ഒരേ താളത്തിലും ഒരേ രാഗത്തിലും ചുവട് വെച്ച് ഞങ്ങളുടെ യാത്ര തുടർന്നു.

പുതിയ ജോലി കിട്ടി ദീപു മദ്രാസിലേക്ക് പോകുമ്പോഴുള്ള വേർപാട് മനസ്സിനെ വല്ലാതെനൊമ്പരപ്പെടുത്തിയെങ്കിലും എന്നെ സ്വന്തമാക്കുന്ന ദിവസം അടുക്കാനായല്ലോ എന്ന പ്രതീക്ഷയിൽ ക്ഷമയോടെ കാത്തിരുന്നു. നേരിട്ട് ഫോൺ ചെയ്യാനോ, കത്തുകൾ അയക്കാനോ സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ടാണ് ദീപു ചെയ്യാത്തത് എന്ന് ഞാൻ വിശ്വസിച്ചു. വീട്ടുജോലിയുടെ കൂടെ കുടുംബകാർക്കുള്ള വസ്ത്രങ്ങളുടെ തയ്യലും ഒരു ബാധ്യത ആയി എന്റെ ദിവസങ്ങൾ മുന്നോട്ട് പോയി.

ഒരു ദിവസം ദീപുവിന്റെ കൂട്ടുകാരൻ മനോജ് എനിക്ക് ഒരെഴുത്ത് മായി വന്നു, ഒപ്പം മനോജിന്റെ മൊബൈൽ ഫോണിൽ ഒരു സന്ദേശവും കാണിച്ചു തന്നു, "മനോജ് തരുന്ന എഴുത്ത് സമാധാനമായി വായിക്കുക, അനുസരിക്കുക "
ഞാൻ സന്തോഷത്തോടെ ആരും കാണാതെ മുറിയുടെ ഒരു കോണിൽ ചെന്ന് ആർത്തിയോടെ കത്ത് തുറന്നു,

"ഉമാദേവിക്ക് ദീപക് എഴുതുന്നത് " എന്ന ആദ്യ തലക്കെട്ട് വായിച്ചപ്പോൾ തന്നെ എല്ലാ പ്രസരിപ്പും ചോർന്ന് പോയി, (എന്റെ ദേവത, എന്റെ ദേവീ, എന്റെ ദേവീകടാക്ഷം എന്നെല്ലാം വാതോരാതെ ആവർത്തിച്ച് വിളിച്ചിരുന്ന വാക്കുകൾ ചെവിയിൽ അലയടിച്ചു) ഞാൻ വായനതുടർന്നു."ഇവിടെ വന്നതിൽ പിന്നെ ശക്തമായ വയറ് വേദനയായിരുന്നു, അതിന്ന് ശേഷമുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിൽ എന്റെ ജീവന്റെ കാലയളവ് അവർ ഏകദേശം തിട്ടപ്പെടുത്തി. ഏറിയാൽ ആറ് മാസമാണത്രേ, അപ്പോൾ എന്നെതന്നെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്, ആയതിനാൽ നമ്മുടെ ഒന്നിച്ചുള്ള സ്വപ്നം അസാധ്യമാണ്. അത് സംഭവിച്ചാൽ കൂടുതൽ നമ്മൾ സങ്കടപ്പെടും, അത് കൊണ്ട് നീ ബുദ്ധിയോടെ കാര്യങ്ങൾ മനസിലാക്കുക, അവിവേകമൊന്നും കാണിക്കാതിരിക്കുക,
മാപ്പ് "

ഞാൻ നിൽക്കുന്നിടം കീഴ്മേൽ മറിയുന്ന പോലെ തോന്നി, ചുമരിന്റെ മൂലയിൽ മുറുക്കെ പിടിച്ച് ഒരു പാട് നേരം ഇരുന്നു. ഇനി വിളിക്കാത്ത ദൈവങ്ങൾ ഇല്ല, ഒരു മണിക്കൂറായാലും ഒരു ദിവസമായാലും ഒന്നിച്ചുള്ള ജീവിതത്തിനും മരണത്തിനും ഞാൻ കൂട്ട് വരാമെന്ന് അവ്യക്തമായ ശബ്ദത്തിൽ കരഞ്ഞു പ്രാർത്ഥിച്ചു. തിരിച്ച് ദീപുവിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു വഴിയുമില്ലായിരുന്നു. എന്റെ മനസിന്റെ തുടിപ്പ് എങ്ങിനെയും അറിയിക്കാൻ കഴിഞ്ഞില്ല.

വീണ്ടും എന്റെ സംഗീതം ശോകമായി, എന്റെ സ്വരം അപസ്വരമായി. എങ്കിലും എല്ലാം സുഖമായിവരും എന്ന പ്രതീക്ഷയോടെ കുറെ കൂടി കാത്തിരുന്നു, എല്ലാം മാറിയാൽ ഒരു ദിവസം എന്നെ ഇറക്കി കൊണ്ട് പോകും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു.

ദീപുവിന് കൂടപ്പിറപ്പായി ഒരു സഹോദരി ഉണ്ടെന്ന് സാവിത്രി ചേച്ചി പറഞ്ഞു, അവരേയും എന്റെ അന്വേഷണത്തിൽ കാണാൻ സാധിച്ചില്ല, കാലം അതിന്റെ നേർരേഘയിൽ ദീർഘദൂരം സഞ്ചരിച്ചു. അവസാനം എന്റെ കാത്തിരിപ്പിന്റെ ശക്തിക്കുറഞ്ഞ് വന്നു. ദീപുവിന്റെ പ്രാണൻ പോയിക്കാണുമെന്ന തീരാദു:ഖത്തിൽ ഞാൻ ഉരുകി ഇല്ലാതായി, കുട്ടിമാമയുടെ വിയോഗവും എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

എനിക്ക് പ്രായമേറി വന്നപ്പോൾ അന്ധന്റേയും, വികലാംഗന്റെയുമൊക്കെ വിവാഹാലോചനകളുമായി, കാർന്നവന്മാർ മുന്നോട്ട് വന്നിരുന്നു.എന്റെ നിസംഗത ആരും പിന്നെ നിർബന്ധിച്ചില്ല. ആദ്യമായുള്ള നിഷേധം, തുടർന്നുള്ള അവിടുത്തെ നിലനിൽപ്പിനെ ബാധിച്ചു, എന്റെ മനസിന്റെ വിഷമം ശരീരത്തിനെയും ക്ഷീണിപ്പിച്ചു, പഴയ പോലെ ജോലിയെടുത്ത് ആരേയും തൃപ്തിപെടുത്താൻ കഴിയുന്നില്ല, അതോടെ എല്ലാവർക്കും ഞാനൊരു ബാധ്യതയായി.

ശേഷിച്ച ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ട് പോകും എന്ന ചോദ്യം വല്ലാതെ അലട്ടി, ആത്മഹത്യയ്ക്കുള്ള ആത്മബലം എന്നിൽ കണ്ടില്ല, ഒടുവിൽ ശാന്തി തേടിയുള്ള ഒരു യാത്ര ഞാൻ തീരുമാനിച്ചു, ദൂരെ എവിടെയെങ്കിലും ഒരു അമ്പലനട ലക്ഷ്യം വെച്ച് ഞാൻ ഇറങ്ങി, ഒരു തിരിച്ച് വരവില്ലാത്ത ഇറക്കം. അവസാന പടിയിറങ്ങുമ്പോൾ ആരും അരുത് എന്ന് വിലക്കിയില്ല,

എന്റെ രൂപത്തെ സൂക്ഷമമായി ഞാൻ തന്നെ വിലയിരുത്തി , എന്റെ ചർമ്മത്തിന് പണ്ടത്തെ പോലെ സ്വർണ്ണത്തിളമില്ല, കണ്ണിന് ആദ്യത്തെ വശ്യതയില്ല, ചുണ്ടുകളിൽ പുഞ്ചിരിയില്ല, ചീകിയൊതുക്കാത്ത വെളളി നൂലുകളാൽ മിശ്രിതമായ എന്റെ മുടിയിഴകൾ മുഖത്തിന് യോജിയ്ക്കുന്നില്ല.
യാത്ര തുടർന്നു, വാടിത്തളർന്ന്, മുഷിഞ്ഞ നിറം മാറിയ വസ്ത്രം ധരിച്ച ഞാൻ ദൂരെയേതോ അമ്പലനടയിലെ യാചകരിൽ ഒരാളായി, അവർ ഒരു ഭിക്ഷാപാത്രവും വിരിപ്പും എനിക്ക് സമ്മാനിച്ചു, എനിക്ക് കിട്ടുന്ന നാണയ തുട്ടുകളുടെ വിഹിതം എന്റെ സുരക്ഷയ്ക്ക് വേണ്ടി അവർക്കും വീതിച്ചു കൊടുത്തു, പ്രാണൻ പോകുന്നത് വരെ മാനം കെടാതെ ജീവിക്കണം.
കുട്ടിക്കാലത്ത് കുട്ടിമാമയുടെ വീട്ടിലെ പണിക്കാരിയും (ചീരു) ഞാനും പാത്രം കഴുകുമ്പോൾ പറയും "മോൾടെ ജന്മം എന്ത് ജന്മാ, വല്ലാത്തൊരു ജാതകം തന്നെ " ഇന്നീ നിമിഷം വരെ ഞാനതിന്റെ പൊരുൾ ഉൾകൊണ്ടിരുന്നില്ല.

എന്റെ കൺമുന്നിൽ ഇപ്പോഴും കാലം അധികം മാറ്റം വരുത്താതെ അയാളെ കാണുന്നത് വരെ, ആ മനുഷ്യന്റെ നിഴൽ കണ്ടാൽ പോലും ഞാൻ തിരിച്ചറിയും, അത്രയ്ക്കും തിളക്കത്തോടെ കൊത്തിവെച്ചതാണ് എന്റെ മനസിൽ.കണ്ണിന്റെ കൃഷ്ണമണി പോലെ നോക്കാമെന്ന് ഉറപ്പ് തന്നതും, എന്റെ ദേവിക്ക് ഇനി ഒരു കുറവുകളും ഉണ്ടാവില്ല എന്ന് ഒരായിരം തവണ പറഞ്ഞതും എന്നെക്കാൾ വിശ്വസിച്ചു. അയാളുടെ കണ്ണുകളിലെ നീചത്വം ഒരിക്കലും ഞാൻ മനസിലാക്കിയില്ല, എന്തിനായിരുന്നു ഈ ചതി, ഇത് കൗമാര പ്രായത്തിൽ പെൺകുട്ടിക്ക് പറ്റിയ അമളിയല്ല, ആര് കേട്ടാലും നെറ്റി ചുളിക്കുന്ന പ്രണയ നൈരാശ്യവുമല്ല.

മറിച്ച് ആശയ്ക്കോ സ്വപ്നങ്ങൾക്കോ സ്ഥാനമില്ലാതിരുന്ന ജീവിതത്തിൽ, എന്റെ കുറവുകൾ നിസാരവൽക്കരിച്ച് എന്നെ വിശ്വസിപ്പിച്ച് വഞ്ചിച്ചത് എന്തിനായിരുന്നു?ഈ വാഗ്ദാനം കൊണ്ട് അയാൾക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇനിയുംകിട്ടിയില്ല.

കാലം തെററി പെയ്തമഴയുടെ തുള്ളികൾ ,നിർത്താതെ ദേഹത്ത് വീണ കുളിർമയിൽ എന്റെ ബോധം വീണ്ടെടുത്തു. അതെ ശേഷിച്ച അരണ്ട വെളിച്ചവും അണഞ്ഞിരിക്കുന്നു, ഇനിയെന്ത്??? എന്ന ചോദ്യചിഹ്നത്തിൽ കാലംപരിഹാസചിരിയുമായി ഇനിയും ബാക്കി നിൽക്കുന്നു.
ഒടുവിൽ എന്റെ നഷ്ട സ്വർഗ്ഗത്തിൽ കരിഞ്ഞുണങ്ങിയ സ്വപ്ന കൂമ്പാരങ്ങളുടെ ചിതയ്ക്ക്, ഞാൻ തീ കൊളുത്തുകയാണ്, അതിലെ പുകയാണ് ഇനിയെന്റെ ശ്വാസം.

എന്റെ ഭിക്ഷാ പാത്രത്തിൽ വീഴുന്ന നാണയ തുട്ടുകളുടെ ശബ്ദം എനിക്ക് കേൾക്കേണ്ട, ആരുടെ ദാനമാണിതെന്ന് അറിയേണ്ട, എന്റെ മുഖം ഇനി ഉയർത്തില്ല. ഒരു നിറവും എനിക്ക് കാണേണ്ടiii
- റഹി -
സഹോദരി റാഹി എഴുതിയ 'ചിത' വായനക്കാര്‍‌ക്ക്‌ സമര്‍‌പ്പിക്കുന്നു.



Share:

Wednesday, August 24, 2016

പിശുക്ക്

പിശുക്കുണ്ടെനിയ്ക്ക്,
കളങ്കമായി കരയുവാൻ..
നിന്റെ
കണ്ണിലെയൊരു
കരടായിത്തീരുവാൻ..

പിശുക്കുണ്ടെനിയ്ക്ക്,
നിന്റെ കരളിൽ,
കനലുകൾ
കോരിയിടാൻ..
കഴുത്തറുത്ത് നിന്റെ,
പണമത്രയും പിടുങ്ങുവാൻ..

പിശുക്കുണ്ടെനിയ്ക്ക്,
കഠാര കയറ്റി നിന്റെ,
തിളയ്ക്കുന്ന ചോര ചുരത്തുവാൻ..
ശഠിച്ചും,
പിന്നെ
നിന്നോട് കലഹിച്ചും,
കാര്യങ്ങൾ കാണുവാൻ..
ഞാൻ,
പരമശുദ്ധനെന്ന് നടിക്കുവാൻ..

പിശുക്കുണ്ടെനിയ്ക്ക്,
കള്ളങ്ങൾ നിരത്തി നിന്നെ,
കെണിയിൽപ്പെടുത്തുവാൻ..
കണ്ടതൊക്കെയും കട്ടെടുത്ത് പിന്നെ,
നിനക്ക് മുന്നിൽ,
കള്ളസത്യങ്ങൾ
പലവുരു ചൊല്ലുവാൻ..

പിശുക്കുണ്ടെനിയ്ക്ക്,
കരയും കായലുമവർ,
കവർന്ന്പ്പോകുന്നതൊക്കെയും
കണ്ടില്ലെന്ന് നടിക്കുവാൻ..
കത്തുന്ന വയറുകൾക്കിത്തിരി
അന്നമൂട്ടാതിരിക്കുവാൻ..

പിറവിയിലെ പിഴവല്ല
എന്റെയീ പിശുക്കുകൾ..
പിറവിയുടെ കാരണക്കാർ..,
അവരുടെ പിഴവാണ്
എന്റെയീ പിശുക്കുകൾ..

പിശുക്കിയും,

പിശുക്കുകളിൽ പിശുക്കാതെയും,
പിശുക്കാത്തവർ പലർക്കിടയിലും ഞാൻ,
ഇനിയുമെത്ര കാലമിവിടെ മനുഷ്യനായി..?
ഇനിയുമെത്രകാലമൊരു പിശുക്കനായി...?

കമർ അൽ ബേക്കർ കേച്ചേരി
Share:

Monday, August 22, 2016

വെറുതെ ഒരു വിചാരം

വീടണഞ്ഞു
ഉടുതുണി അഴിച്ചു -
നിശാ വസ്ത്രത്തിലേക്ക്
വഴുതി വീഴുന്നതിന്ന്
മുമ്പുള്ള
തേച്ച് കുളിയിലേക്കു കടക്കുന്നു.
നിലക്കണ്ണാടിൽ പതിവുപോലെ
നെഞ്ചത്തെ കറുപ്പിൽ നിന്നും
വെളുപ്പിലേക്ക് കുടിയേറുന്ന തൂവലുകളിൽ തലോടി എന്നെ
പൂർണ്ണനായി നോക്കിക്കണ്ടു
ഇന്നും തോന്നിയതു
ഇന്നലെ തോന്നിയതു തന്നെയായിരുന്നു
ഇല്ല, കാര്യമായ പരിക്കൊന്നും എനിക്കേറ്റിട്ടില്ല
കാലം എന്നെ കാര്യമായി
പിടികൂടിയിട്ടില്ല.:....
ഇനിയെന്റെ
നീരാടൽ
മൂളിപ്പാട്ടു്
പിന്നെ സുഖന്ദലേപന പ്രക്ഷാളനം
നിശാവസ്ത്രത്തിലേക്ക്
അത്താഴമുണ്ണൽ
ചാനൽ ചർച്ചകൾ
പുതപ്പിലേക്ക്
നിദ്രയിലേക്ക്
സ്വപ്നങ്ങളിലേക്ക്
ഒരു നീണ്ട നാളിന്റെ
ഓർമ്മകൾ അന്വേഷിക്കുന്ന എനിക്ക്
ഇമകൾ ചിമ്മിയടക്കും മുമ്പ്
വീണ്ടും
ഒരു ഇന്ന് വന്ന് വിളിക്കുന്നു
സുപ്രഭാതം...
പിന്നെ ഒരു നാൾ
ശുഭം.....

കമർ
Share:

നുറുങ്ങുകള്‍

ചിന്തകളുടെ ചില സ്കെച്ചുകൾ
പലപ്പോഴായി കുറിച്ചിട്ടത്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,:

ഉറക്കം?
............
എനിക്കിപ്പോൾ
പുതപ്പിനുള്ളിലേക്കു
മടങ്ങാനുള്ള സമയമായോ...
ഭുമിയിലെ പറുദീസ ഒരു വലിയ പുതപ്പിനാൽ മൂടപ്പെട്ടതാണ്
പുതിയ ചിന്തകളിൽ
ആഗ്രഹിച്ചതെല്ലാം
അരികിലെത്താൻ
അനുഗ്രഹിക്കുന്ന
തലയിണകൾ
കൂട്ടുകിട്ടിയിരുന്നെങ്കിൽ


ഇഷ്ട സൗഹൃദങ്ങൾ
............................
സ്നേഹവും
സാഹിത്യവും
സമാധാനവും
കായ്ക്കുന്ന,
രണ്ടു മരങ്ങൾ :
നട്ടുപിടിപ്പിച്ചു
കാതലിന്നു
ക്ഷതമേൽക്കാതെ
പരസപരം
തണലാകട്ടെ,
ഇരു മരങ്ങളും.
മരങ്ങളിൽ
മധു നുകരാനും
ഫലം ഭുജിക്കാനും
ഒരുപാടു് കിളികൾ
പറന്നെത്തട്ടെ...
സേനഹം
കായ്ക്കുന്ന
വിവിധ തരം
മരങ്ങൾ കൊണ്ടു്
ഭൂമി നിറഞ്ഞു കവിയട്ടെ ...

ഒരു തൈ തരുന്നത്
......................
സ്നേഹം
വിതക്കുന്ന
പൂക്കളം കായ്കളും...
 നിറഞ്ഞ മരത്തിൽ
 പലകിളികളും
 വന്നു
 ചേക്കേറി കൊണ്ടിരിക്കും
കലപില കൂട്ടും...
കിളിക്കുഞ്ഞുങ്ങളും
പുതിയ തൈകളും
പിറക്കും


കേട്ടറിവ്
.......................
ഒരു  പക്ഷി
ഞാനറിയാതെ
ജനൽ പാളിതുറന്ന്
എവിടെ നിന്നോ
കയറി വന്നു..
ഇരുണ്ട വർണങ്ങളിൽ പൊതിഞ്ഞ
നീളൻ ചിറകുകളുള്ള
പതുങ്ങിയ സ്വരമുള്ള പക്ഷി.
ശ്രവണസുഖം ആവോളം
തന്നുകൊണ്ടു്
കൊച്ചു കൊച്ചു
കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു
ലിപിയറിയാതെ ഉഴറിയ
എന്റെ കിനാക്കൾക്കു
കാതുകൾ തന്നു,
കൊക്കുരുമ്മി,
കുശലം പറഞ്ഞു....
പക്ഷി പറന്നകന്നു
ജനൽ പാളികളിൽ
കണ്ണും ...കാതും
പായിച്ച് ഞാൻ കാത്തിരുന്നു


.ഹാർട്ട് ഡ്രൈവ് ഡിസ്ക്
................:........
ഇപ്പോൾ
അയച്ചു തന്ന
 ചിത്രം
ഞാൻ സ്കാൻ ചെയ്തു
 ഹൃദയ ഭിത്തിയിൽ
 തറച്ചിടും
 ആവശ്യങ്ങൾക്കിനി
ഒരു ബട്ടൻ
ക്ലിക്ക്
ചെയ്താൽ മതിയല്ലോ
നന്ദിയുണ്ടു്
ഹൃദയത്തിൽ
സൂക്ഷിക്കാൻ
ചിത്രങ്ങൾ
അയച്ചു തന്നതിന്ന്


വിചിത്രജീവി
..........:.....
സങ്കടങ്ങൾക്ക്
പലതരം ചേരുവയുണ്ടു്
പണമോ
സുഖമോ
ലഹരിയോ
അത് നിർണയിക്കില്ല...
മനസ്സ് ഒരു വലിയ
വിചിത്ര ജീവിയാണത്രെ!!

കാലം പഴകുന്നു
.............................
അയാൾ വളരെ
ചെറുപ്പമാണിപ്പോഴും
അമ്പതാണ്ടു് കടന്ന
കാലപ്പഴക്കം എന്നത്
അയാളുടെ കുറ്റമല്ല
അയാൾക്കു പിറകെ
ജനിച്ചവരുടെതുമല്ല
ഇരുപത്തിയെട്ടു വയസ്സുകാരനിൽ
എത്തിയപ്പോഴാണ്
അവളെ കൂട്ടുകൂടിയത്
അവിടെ നിന്നും
ഒരു മാറ്റവും
അയാള്‍ക്കുണ്ടായിട്ടില്ല
പക്ഷെ ചിന്തകൾക്കും
സ്വപ്നങ്ങൾക്കും
ഒരായിരം
ആണ്ടുകളുടെ
പഴക്കമുണ്ടായിരിക്കുന്നു......


നടനം
................
എല്ലാ നടനങ്ങളും
അങ്ങിനെയൊക്കെ
തന്നെയാകുന്നു
എങ്ങിയൊക്കെയോ
ഭാഗ്യങ്ങളും
നിർഭാഗ്യങ്ങളും
ചേർന്ന തിരക്കഥയിൽ
കാലം ചിട്ടപ്പെടുത്തിയ
 നടനം..

നല്ല നമസ്ക്കാരം
..............................
ഇന്ന് പതിവിലധികം
ആഹ്ളാദത്തിലാണ്
എന്റെ മനസ്.
പതിവിലുപരി,
ഒരു കാരണവും
ഇല്ലാതെ അജ്ഞാതമായൊരു
ആനന്ദം..
ഇതൊരു,
നിമിത്തമാകാനാണ് സാധ്യത...
പക്ഷെ എങ്ങിനെയെന്ന്
പരിശോധച്ചറിയാൻ
യന്ത്രങ്ങൾ കണ്ടു പിടിക്കപ്പെട്ടില്ല
എന്നതിനാൽ
വരുമ്പോൾ മാത്രം
സ്വാഗതമോതാൻ
കഴിയുന്ന സന്ദർശകന്
നല്ല നമസ്ക്കാരം

ഒറ്റയാൻ
....................
ഒരൊറ്റപ്പൂരാടൻ
ജീവിതം....
ചില നേരങ്ങളിൽ
വാടക വീട്ടിലെ
ഏകാന്തത
വലിയ ചിന്തകളും
പുതിയ അത്ഭൂതിയും തരും ... 
ചിലപ്പോൾ സങ്കടവും
പക്ഷെ,
കണ്ടുമുട്ടുന്ന പൊയ്മുഖങ്ങളിൽ
നിന്നും വായിച്ചെടുക്കുന്ന
അറപ്പിനെക്കാൾ
ഒറ്റയാനെന്ന
എന്റെ അഹങ്കാരം
എന്നോടു് ഇളിച്ചു കാട്ടുന്നു


സുഖം പ്രാപിക്കൽ
................................
എന്നും
നിലനിക്കുന്ന സുഖവും
എപ്പോഴും
പിന്തുടരുന്ന ദു:ഖവും
ആർക്കും ഉണ്ടാവില്ല
പത്ത് മണിക്കൂർ നേരം
ദുഖം സഹിച്ച് ധരിച്ച
എന്റെ കാലുറകൾ
അടുത്ത പതിനാല് മണിക്കൂർ നേരത്തേക്ക് ഉപേക്ഷിച്ച് ഞാനിത്തിരി
സുഖം പ്രാപിക്കട്ടെ...

കമർ
Share:

Monday, July 18, 2016

ടിക്... ടിക്.... ടിക്

ചെറുകഥ..........ടിക്... ടിക്.... ടിക്........റഹി
------------------------------
ചെറിയഛൻ പറഞ്ഞതായിരുന്നോ ശെരി " എന്റെ ചങ്കുരൂന്റെ മോൾക്ക് ആ പലചരക്ക് കട നടത്തുന്ന ഗോപിയെ മതി, അവനാകുമ്പോൾ ഒന്നും അന്വേഷിക്കാനും ഇല്ല, നമ്മുടെ കൂട്ടത്തിൽ ഉള്ള പയ്യനല്ലെ, ഈ വയസ് കാലത്ത് എനിക്കിനി ആരേയും തേടിപ്പിടിക്കാൻ വയ്യ, ഞാൻ പറഞാൽ അവൻ കേൾക്കും, കാണാനും തെറ്റില്ല.നല്ല അദ്ധ്വാനിക്കുന്നോനാ ഗോപി .കാർത്യാനി... നീയെന്താ പറണേ, വയസൊക്കെ മൂക്കാനായി ഇവൾ ഇനി എവിടേക്കാ നീട്ടികൊണ്ടോണത് " ഇതിന് മുമ്പും പ്രതികരിക്കാത്ത അമ്മ അങ്ങിനെ തന്നെ നിന്നു.
പക്ഷെ ഞാനത് കേട്ട് ദേഷ്യപെട്ടില്ല, ഒരു ഡോക്ടറായ എനിക്ക് ചെറിയഛൻ കണ്ട് വെച്ചത് ഈ ഗോപി ചേട്ടനെയാണോ? ഉള്ളിലെ സങ്കടം സഹിക്കാതെ ഞാനൊന്നേ പറഞ്ഞുള്ളൂ, "എനിക്ക് ഡോക്ടർ തന്നെ മതി ചെറിയഛാ കുറച്ച് കഴിയട്ടെ അതൊക്കെ ശരിയാകും"

അച്ചൻ ചങ്കുരു ( ശങ്കരൻ ) തെങ്ങ് കയറിയും, ബാക്കിയുള്ള സമയത്ത് ചുമടെടുത്തുമാണ് എന്നെയും, അമ്മയേയും, ലോകത്തിലെ ഒരു കളങ്കവും അറിയാത്ത സ്വയം ചലിക്കാൻ പോലും കഴിയാത്ത എന്റെ ചേട്ടനെയും പുലർത്തിയത്.ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചേട്ടൻ സ്വർഗത്തിലേക്ക് യാത്രയായി. ചേട്ടന്റെ വിയോഗംഅച്ചനെ വല്ലാതെ അസ്വസ്ഥനാക്കി. അമിതമായ അദ്ധ്വാനഭാരം കൊണ്ടോ എന്തോ അഛനും താമസിയാതെ ഞങ്ങളെ വിട്ട് പോയി, ഞങ്ങളുടെ ദരിദ്രകുടുബം അതോടെ കീഴ്മേൽ മറിഞ്ഞു,അത് വരെ ചേട്ടനെ നോക്കിയും കിട്ടുന്നത് കൊണ്ട് ,സംതൃപ്തിയിൽ വീട് നോക്കിയിരുന്ന അമ്മ പുറംലോകത്തേക്കിറങ്ങി. ഭാരമുള്ള പണിക്ക് അമ്മയുടെ ശരീരം വഴങ്ങുകയില്ലായിരുന്നു. ഭാഗ്യത്തിന് ഒരു ബുക്ക്സ്റ്റാൾ വൃത്തിയാക്കാനും ബുക്കുകൾ ഒതുക്കി വക്കാൻ ഉള്ള ജോലി അമ്മക്ക് കിട്ടിയതിനാലാണ് എന്റെ ജീവിതം വീണ്ടും പച്ച പിടിച്ചത് ,ഒമ്പതാം ക്ലാസോടെ ഞാനൊരു തീരുമാനമെടുത്തു. പഠിച്ച് ഒരു ഡോക്ടർ ആകണം. ബുക്ക്സ്റ്റാളിൽ നിന്നും അമ്മ ചോദിച്ചും അല്ലാതെയുംകൊണ്ടുവരുന്ന ബുക്കുകൾ എനിക്ക് വഴികാട്ടിയായി.
സന്ധ്യയക്ക് മാനമിരുണ്ട് വിറച്ച് വിറച്ച് വരുന്ന മഴയേയും, കറുത്തിരുണ്ട ഇരുട്ടിനേയും,അഗാധ നിദ്രയിൽെ ഞട്ടിയുണർത്തുന്ന ദുഃസ്വപ്നങ്ങളേയും,മുഖംമൂടി അണിഞ്ഞ മനുഷ്യനേയും,ഞാൻ ഭയന്നില്ല,അക്ഷരങ്ങൾ എനിക്ക് തന്ന ഊർജത്തിൽ ഞാൻ ജൈത്രയാത്ര തുടർന്നു

ഫേഷൻ ഡ്രസ് ഇടാനോ, വിവിധ തരം ഭക്ഷണം കഴിക്കാനോ, ഷോപ്പിംങ്ങ് മാളുകളിലും, തിയറ്ററുകളിലും ചുറ്റി കറങ്ങി നടക്കുന്നതിലോ ഞാൻ ആനന്ദം കണ്ടില്ല, ലക്ഷ്യം ഒന്നു മാത്രം "ഡോക്ടർ " ആവുക

പട്ടികജാതി, പട്ടികവർഗ്ഗത്തിൽ ആയത് കൊണ്ടുള്ള ആനുകൂല്യങ്ങളും, എന്റെ കഠിന പ്രയത്നവും എന്നിലെ സ്വപ്നാടനക്കാരിയെ ആ ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടാൻ സാധിച്ചു.

അങ്ങിനെ 'ഡോ.ജാനകി ശങ്കരൻ' ഭൂജാതനായി, അത് നേടിക്കഴിഞ്ഞപ്പോൾ അപകർഷതാബോധം ഉണർന്ന് വന്നു, എന്നിലെ വർണ്ണം നോവിക്കാൻ തുടങ്ങി. കുട്ടിക്കാലം മുതലേ പട്ടികജാതി എന്ന അടിച്ചമർത്തലുകളിൽ മനസ് കുറെ നൊന്തിട്ടുണ്ട്. ആദ്യം തന്നെ പേരിൽ മാറ്റം വരുത്തി "ഡോ. ജാനി ശങ്കർ '

പഠിക്കുമ്പോൾ തന്നെ റോഷൻ സലീമും ,റിജോ കുര്യനും, സനീഷ്കുമാറുമൊക്കെ ജീവിതത്തിൽ കൂട്ട് തേടി വന്നിരുന്നുവെങ്കിലും ആരിലും ഞാൻ ഒരത്ഭുതവും കണ്ടിരുന്നില്ല, മറിച്ച് സന്ദീപ് മേനോൻ എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു, കാഴ്ചയിൽ സുന്ദരനും, കുലീനമായ പെരുമാറ്റവും . പി.ജി യുടെ അവസാനത്തിൽ ഞാൻ ഒന്നും ആലോചിക്കാതെ വാക്ക് കൊടുത്തു.എന്നിൽ ഉടലെടുത്ത അപകർഷതാബോധമാണ് അതിന്റെ പിന്നിലെ പ്രേരണയെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു, എനിക്ക് പിറക്കാനിരിക്കുന്ന തലമുറ ഞാനനുഭവിച്ച കീഴ്‌ ജാതിയുടെ വിവേചനം അനുഭവിക്കരുതെന്നേ കരുതിയുള്ളൂ. സന്ദീപിന്റെ വീട്ടിലെ എതിർപ്പുകളെ മറികടന്ന് ഞങ്ങൾ ഒന്നായി, പതുക്കെ പതുക്കെ ഞാൻ ശരിയായ സന്ദീപിനെ അറിയാൻ തുടങ്ങി.ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ചലനം പൂർണമാകുന്നത് പുരുഷന്റെ കൂടെയോ? അല്ലെങ്കിൽ വിവാഹത്തോടെയാണോ? പ്രണയിച്ച് കുറച്ച് നാൾ കഴിഞ്ഞ് വിവാഹിതരാകുമ്പോൾ ഓരോ പെണ്ണിനേറെയും ധാരണ രണ്ടു പേരും പൂർണമായും മനസിലാക്കിയെന്നാണ്, തീർച്ചയായും അപ്പോൾ കാണുന്നത് പൊയ്‌ മുഖങ്ങളാണ്. സ്വരചേർച്ചയില്ലായ്മ കൂടുതലായപ്പോൾ രണ്ട് പേർക്കും പിരിയാൻ അധികം സമയം വേണ്ടി വന്നില്ല, അപ്പോഴേക്കും എന്റെ ഉളളിൽ ജീവന്റെ തുടിപ്പ് ഊറിയിരുന്നു.

"ടോക്കൻ നമ്പർ 31, അമ്മിണിയമ്മ 91 വയസ് " നേഴ്സ് നീട്ടി വിളിച്ചു, ഒരു സ്വപ്നം കണ്ട ഞെട്ടലോടെ നോക്കിയപ്പോൾ നിഷ്‌ കളങ്കതയോടെ അമ്മിണിയമ്മ,
"ഇന്നലെ ന്റെ രാജനും കെട്ട്യോളും കൊറെ വഴക്ക് പറഞ്ഞു, ഞാനൊന്നും കഴിക്കാതെ കെടന്നു, ഇന്നെണീറ്റപ്പോൾ നെഞ്ചിന്റെവിടെ എന്തോ ഒരു വെഷമം, ന്റെ ചങ്കുരൂ ന്റ മോളെ കണ്ടാൽ എല്ലാ കേടും മാറും നിക്ക് സുഖാവും അതാ ഇത്രടം വരെ വന്നത് "
അതെ ഇതു വരെ ജീവിതസമരത്തിൽ വിജയലഹരിയിലാണെന്നായിരുന്നു എന്റെ തോന്നൽ
അതായത് ഞാനിവിടെ ജീവിച്ചതൊന്നും ജീവിതമായിരുന്നില്ല, എന്റെ ജീവിതത്തിലെ അമ്പരപ്പിക്കുന്ന പരിണാമത്തിൽ ഞാൻ തീർച്ച പെടുത്തി എന്റെ മോനോ, (മോൾക്കോ ) മതമില്ല, അവൻ ഹിന്ദുവോ, മുസൽമാനോ, കൃസ്ത്യാനിയോ അല്ല. സ്നേഹമാണ് അവന്റെ മതം, ഖുറാനും, ഭഗവത് ഗീതയും, ബൈബിളും അവൻ പഠിക്കട്ടെ, എല്ലാം നന്മമാത്രമാണ് ഉദ്ദേശിക്കുന്നത്, സേവനമാവട്ടെ അവന്റെ ലക്ഷ്യം, ഉണ്ണീ ....
സുഖസുഷുപ്‌തിയിൽ കഴിയുന്ന അമ്മയുടെ ഭ്രൂണത്തിൽ ഉണ്ടാകുന്ന സംരക്ഷണമൊന്നും നിനക്കീ സമൂഹത്തിൽ എനിക്ക് തരാൻ കഴിയില്ല,അവിടെ തന്നെയാണ് സ്വർഗ്ഗം, എങ്കിലും അനുഭൂതിയോടെ നിന്നെ ഞാൻ പ്രസവിക്കും, മുലയൂട്ടും, മാറോടണച്ച് വളർത്തും, എന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ വയറ്റിൽ കിടന്നവൻ പിടഞ്ഞു
ഒരായിരം വർണ്ണങ്ങളും, സങ്കൽപ്പങ്ങളും, സന്തോഷങ്ങൾക്കും നിറഞ്ഞ മഹാപ്രവാഹം ഉണ്ണീ ഞാൻ നിനക്ക് തരാം, നന്മ നിറഞ്ഞ ഒരു പച്ചയായ മനുഷ്യനായാൽ മതി.

പുഞ്ചിരിയോടെ സ്റ്റെത്തെടുത്ത് ഒരു രോഗവും ഇല്ലെന്ന ഭാവത്തിൽ അമ്മിണിയമ്മയുടെ നെഞ്ചോട് ചേർത്ത് ഞാൻ വച്ചു, താളാത്മകമായി ഞാൻ കേട്ടു.
ടിക്.ടിക്.ടിക്.ഇത് അവരുടേതോ
എന്റെ ഉണ്ണിയുടേതോ???

--റഹി
Share:

Sunday, May 22, 2016

ചമയങ്ങൾ ഇല്ലാതെ.....

എന്റെ ഗ്രാമം, എത്ര സുന്ദരം...പുഴകൾ, മലകൾ, തോടുകൾ, കോൾപാടങ്ങൾ... എന്റെ ജീവന്റെ പച്ചപ്പും തുടിപ്പുകളും മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കാൻ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പുണ്യ ഗ്രാമം...

എല്ലാ മനുഷ്യന്റെയും ജീവിതത്തിൽ കണ്ടിരിക്കാനിടയുള്ള ഏറ്റവും സുന്ദരവും സുരക്ഷിതവുമായ പ്രദേശം അയാളുടെ ജന്മനാടു തന്നെയാണ്.
എന്റെ കേച്ചേരിയും, പട്ടിക്കരയും, പെരുമണ്ണും, എരനെല്ലൂരും, പെരുമലയും, ആളൂരും, പൊൻമലയും, ചിറനെല്ലൂരും, തൂവ്വാന്നൂരും.... തുടങ്ങി എനിക്ക് പരിചിതമായ ഗ്രാമങ്ങളുമായുള്ള പൊക്കിൾകൊടി ബന്ധം എന്റെ ജന്മനാടിനെ എനിക്കേറ്റവും പ്രിയങ്കരമാക്കുന്നു....

ഇതെഴുതുന്ന ഞാൻ ഏകദേശം കാൽ നൂറ്റാണ്ടിലിധികം പ്രവാസ ജീവിതം പിന്നിട്ടു ... എന്റെ ജീവിതത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ കാലഘട്ടവും ഇതുവരെ പിന്നിട്ട ആയുസിന്റെ പകുതി ദൂരവും ഓടിപ്പോയത് ഈ പോറ്റമ്മ തന്ന സുരക്ഷിതത്ത്വവും, സാമ്പത്തിക പുരോഗതിയും, അവസരങ്ങളുടെ അറ്റം പിടിച്ച് നടക്കാൻ തുടങ്ങിയ ആദ്യ പ്രവാസിയുടെ പിൻഗാമിയാവാൻ ഞാൻ തീരുമാനിച്ചുറച്ചതുകൊണ്ടു മാത്രമാണ്....

ജീവിക്കാനുള്ള കളരിയിലെ ഒട്ടുമിക്ക അടവുകളും ശീലിപ്പിച്ച അൽകോബാറും, ദമ്മാമും, യാൻബുവും, ഷാർജയും, അജ്‌മാനും, ദുബായിയും, എന്റെ പരിചിതമായ കേച്ചേരി ഗ്രാമങ്ങൾ എന്ന പോലെ മനസ്സിന്റെ ഭാഗമായി.

പല പ്രവാസിയും ഇവിടെ ജീവതം തിരഞ്ഞെടുക്കുന്നത് സ്വന്തം നാടു തരുന്ന തിരസ്‌കരണങ്ങളിൽ നിന്നും രക്ഷപ്പെടാനായിരുന്നു. ഇവിടുത്തെ അവസരങ്ങൾ അനുകൂലമാവുകയും,ആത്മാർത്ഥയും പരിശ്രമവും ഫല സമൃദ്ധമാവുകയും ചെയ്‌തതാണ് പലരുടെയും ജാതകങ്ങൾ മാറിമറിഞ്ഞത് .ഈ വിളനിലം ഉഴുതുമറിക്കാനും വിളയിറക്കി കൊയ്യാനും ... അവസരങ്ങളുടെ ഉപയോഗപ്പെടുത്തൽ മാത്രമാണ് ഇവിടത്തെ പ്രധാന മുദ്രാവാക്യം.പണിയെടുക്കൂ നീ സ്വയം ആർജിക്കൂ... ആരും ആരുടെയും 'ഹക്കിൽ' പിടിച്ച് പറിക്കാനില്ല .ചിലർക്കെങ്കിലും വിത്യസ്‌ത സാഹചര്യങ്ങൾ ഉണ്ടായിരിക്കാം.പക്ഷെ, അതൊക്കെ മനുഷ്യ സൃഷ്‌ടിയുടെ വിത്യസ്‌ത ഭാവങ്ങൾ മാത്രമായിട്ടാണ് തോന്നിയിട്ടുള്ളത് .

സ്വന്തം ജന്മനാടിന്റെ പരിമിതിയിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടാനുള്ള ഒരു ആദ്യയാത്ര.പിന്നീടു ആരും തിരിഞ്ഞു നോക്കാറില്ല, പിന്നിടുന്ന ഓരോ വർഷവും എക്കൗണ്ടു പുസ്‌തകവുമായി കൂട്ടലും, കിഴിക്കലും..ഒരിക്കലും തീരാത്ത ഗണിക്കലും - ഗുണിക്കലുമായി നീളുന്ന ഓട്ടം ....

പ്രവാസികളുടെ യാന്ത്രിക ജീവിതം സ്വന്തം തീരുമാനങ്ങളുടെ മാത്രം ആകത്തുകയാണ്.ജീവിതത്തിന്റെ എന്നും അടങ്ങാത്ത ആഗ്രഹങ്ങൾക്കും  ഒടുങ്ങാത്ത സ്വപ്‌നങ്ങൾക്കും  അപ്പുറമെത്താനുള്ള ഓട്ടങ്ങൾക്കിടയിൽ പലരും പലതും ത്യജിക്കുന്നു... നേടുന്നു....

നാടിന്റെ ദൈനംദിന സ്‌പന്ദനങ്ങൾ തൊട്ടറിയാൻ ഒരു കാലത്ത് ഗൾഫ് പ്രവാസികൾക്ക് ഇന്നത്തെപ്പോലെ കഴിയുമായിരുന്നില്ല. അതുപോലെ പല പ്രവാസികളുടെയും കുടുബ ജീവിതം വർഷങ്ങളുടെ ഇടവേളകളിലെ ചില മാസങ്ങളോ, ദിവസങ്ങളോ മാത്രമായിരുന്നു...

ഇന്നും പലരുടെയും ജീവിതം കണ്ണീർ മഴയിൽ കുതിർന്നതാണ്, നമ്മുടെ നാടിന്റെ പരിമിതികൾ അവരെ പ്രതീക്ഷകളുടെ തടവിൽ ഇവിടെ ജീവിപ്പിക്കുന്നു.

ചമയങ്ങളില്ലാതെ ദൈന്യതയാർന്ന കണ്ണുകളുമായി, തടവുകാരെ കൊണ്ടു പോകുന്ന പോലെ പണിസ്ഥലത്തേക്കും തിരിച്ചും "ഇന്ത്യൻ തൊഴിൽ ശക്തിയെ "വണ്ടിയിൽ അടക്കി പോകുന്നത്‌ പണ്ടൊക്കെ ഒട്ടുമിക്ക ദിവസവും റോളയിൽ നോക്കി നിന്നിരുന്ന കാലം എപ്പോഴും എന്റെ ഓർമ്മയിലെത്താറുണ്ട്.

ഒരു ദിർഹം പത്തു കൊണ്ടു് ഗുണിച്ച്, ദുരിതങ്ങളെ രൂപയുടെ ഡ്രാഫ്റ്റാക്കി മാറ്റി ജീവിതത്തിന്റെ രുചി ആസ്വദിച്ചവർ. അവരായിരുന്നു ഈ നാടിനെ ഇന്ന് കാണുന്ന കോൺക്രീറ്റ് കാടുകൾ ആക്കിയവർ.
ഇന്നും ആ വാഹനങ്ങൾ അഭംഗുരം യാത്ര തുടരുന്നു....

ഈ നാടിന്റെ മാറ്റങ്ങൾ പോലെ നമ്മുടെ മനസ്സിലും ജീവിതത്തിലും ഒടുങ്ങാത്ത മാറ്റങ്ങൾ ഉണ്ടായി.... ഗൾഫ് പോലെയുള്ള രാജ്യങ്ങളുടെ വളർച്ചക്കനുസൃതമായി നമ്മുടെ നാട്ടിലെ അവിദഗ്ദ്ധ തൊഴിലാളികൾ, അഭ്യസ്‌ത യുവത്വങ്ങൾ, ബുദ്ധിജീവികൾ, ഡ്രൈവർമാർ, പാചകക്കാർ, അങ്ങിനെ വിവിധ മേഖലയിലുള്ളവർ ഇവിടം പണിനിലമാക്കിയതിനാലാണ് നമ്മുടെ ചെറു ഗ്രാമങ്ങൾ പോലും ഇത്രയധികം സമ്പന്നതയുടെയും ജീവിത സൗകര്യങ്ങളിലും  വിദ്യഭ്യാസത്തിലും ഉയരങ്ങൾ കീഴടക്കിയത്.

ധിഷണാശാലികളായ ഈ രജ്യത്തെ ഭരണകർത്താക്കളുടെ നന്മയും, വീക്ഷണങ്ങളും നമ്മുടെ വളർച്ചകളെയും, സ്വപ്‌നങ്ങളെയും ആകാശത്തോളം ഉയർത്തി.... നന്ദിയും സന്തോഷവും ഇവിടത്തെ ജനതക്കും, ഭരണകൂടത്തിനും അർപ്പിക്കുന്നു.....
 ,,,,,,,,,,,,,,,,,,,,,,,,,,,,

കമർ അൽബേക്കർ
Share:

Monday, May 16, 2016

പ്രിയ തപാൽക്കാരാ....

പ്രിയ തപാൽക്കാരാ....
നന്ദി !!

ഞാൻ, ഇന്ന വീട്ടിൽ ഇന്ന ആളുടെ മകൻ
എനിക്ക് ഇത്ര മക്കൾ,
ഇവിടെ, ഇന്നയിടത്ത്
ഇത്ര കാലമായി പണിയെടുക്കുന്നു...
ഇതാണെന്റെ മേൽവിലാസം...

അവിടെ നാട്ടിലെ, ഇന്ന റോഡിലെ, ഇത്രാമത്തെ
വഴിയിൽ വലതുവശത്തെ ഇന്ന നിരയിലാണ് എന്റെ വാസം....

രണ്ടു മേൽവിലാസവും
രണ്ടു തിരിച്ചറിയലും
ജനിക്കുന്നു.

തപാൽക്കാരന് നന്ദി!!

തപാൽ കിട്ടി വളരെ സന്തോഷം!!
ഇന്നലെവരെ ഇവരൊക്കെ എവിടെയായിരുന്നു?
ഇവരെന്റെ ആരെല്ലാമായിരുന്നു??
ഇത്രയും നാൾ ഇവരെന്നെക്കുറിച്ച് ഓർത്തിരുന്നുവോ???
സഞ്ചിയിൽ ശേഷിക്കുന്ന,
ഇവരിലിനിയും മേൽവിലാസമറിയാത്തവരെ
ഇനിയെങ്ങിനെ കണ്ടെത്തും..?
നിന്റെ വിളികൾ കേൾക്കാതെ
കതകുകൾ തുറക്കാതെ
മുഖംകോട്ടി, മൗനം തിന്ന് മറവിയിലേക്ക് ഒളിച്ചോടിയവർ സ്വന്തം മേൽവിലാസം ഓർത്തെടുക്കാൻ ആഗ്രഹിക്കാത്തവരുടെ
നീ മടക്കി കൊണ്ടു പോകുന്ന കത്തുകൾ സഞ്ചിയിൽ ഭദ്രമായി ഉറങ്ങട്ടെ!!
മേൽവിലാസമന്വേഷിക്കുക മാത്രമാണല്ലോ നിന്റെ നിയോഗം.

തപാൽക്കാരൻ
തുണിസഞ്ചി തുറന്ന്
ഒരോ കത്തുകളും എനിക്കു തന്നു.
പകരം, എന്റെ വിരലടയാളം മാത്രം ചോദിച്ചു...
വിവിധ വർണങ്ങൾ കൊണ്ടു് അലങ്കരിച്ച കത്തുകൾ...
പക്ഷെ, എല്ലാരുടെയും കയ്യക്ഷരത്തിന്ന്
ഒരേനിറവും വടിവും...
വിലാസങ്ങൾ പരിപൂർണ്ണവും...

തപാൽക്കാരാ....
എനിക്ക് സ്വന്തമായി കിട്ടിയ
എഴുത്തുകളും മേൽവിലാസങ്ങളും
എന്നെ ഒരുപാടു് മോഹിപ്പിക്കുന്നു.

എവിടെയോ തെറ്റിച്ചെഴുതിയ
ചിഹ്നങ്ങളും അക്ഷരങ്ങളും
തെളിഞ്ഞ് വന്ന കുറിമാനങ്ങൾ,
ക്ലാസ് മുറിയിൽ ടീച്ചർ പണ്ടു പറഞ്ഞ, വിട്ടുപോയവ
പൂരിപ്പിക്കാൻ കഴിയാതിരുന്നത്, ഇന്നു ഞാൻ പൂരിപ്പിച്ച ആഹ്ളാദം.

തപാൽക്കാരാ....
കൂട്ടായ്മയുടെ ആവേശവും
കുരുന്നുകളുടെ നിഷ്ക്കളങ്കതയും
കൈകൾ പരസ്പരം കോർത്ത,
കൂറ്റൻ ചിന്തകൾ കൂട്ടിയ കരുത്തും
കൂട്ടവർത്തമാനങ്ങളും
ഒന്നിച്ചൊരു കുഞ്ഞു സദ്യയും
മധുരം നുണയലും
ഞങ്ങളെ കുടുതൽ അടുപ്പിച്ചു.

പാട്ടിന്റെ പാലാഴിയിൽ
പട്ടുകുടയും വിശറിയും വെഞ്ചാമരവും പരസ്പരം വീശി കളിച്ചു ഞങ്ങൾ.
ചിലർ മോഹം തീർത്തത്
മൈക്കൾ ജാക്സനും
പുലിവേഷക്കാരനും കാവടിയാട്ടക്കരനുമായിട്ടായിരുന്നു..

മുതിർന്നവരെല്ലാം തന്നെ കുഞ്ഞുങ്ങൾക്കൊപ്പം
മുന്നിൽ കൂട്ടമായി നിറഞ്ഞാടി.
എല്ലാവരും കുഞ്ഞുങ്ങളായി.
ഒരുവേള, കുടുംബക്കാരനായ ശേഷം
കുട്ടിത്തത്തിലേക്കുള്ള
ആദ്യ തിരിച്ചു നടത്തം.
കളഞ്ഞ് പോയ കളിപ്പാട്ടങ്ങൾ തിരിച്ച് കിട്ടിയ സന്തോഷം.

തപാൽക്കാരാ.....
ഒരു പതാകയും,
മുഖ്യാഥിതിയും കട്ടൗട്ടറുകളും...
ആദരിച്ചാനയിക്കാൻ കുട്ടിയാനകളും നെറ്റിപ്പട്ടവും
ഗവർണ്ണറും ഇല്ലാതെ... പുഷ്പവൃഷ്ടിയും പനിനീർ തളിക്കലും ഇല്ലാതെ
ഗീർവാണ പ്രാസംഗികരോ ചിത്ര സംയോജക വാർത്താസംഘങ്ങളോ,
വിവിധ ചിത്രങ്ങൾ ആലേഖനം ചെയ്ത പരസ്യപ്പലകകളോ ഇല്ലാതെ,
ഒരു വഴിയും ഉപരോധിക്കാതെ,
ഒരു വാഹനവും തടയാതെ,
ഒഴുക്കിനെതിരെ നീന്താൻ
മോഹിപ്പിക്കുക മാത്രമാണ്
തപാൽക്കാരാ നിങ്ങൾ ചെയ്തത്.

മഹാസാഗരം നീന്തിക്കടന്ന് പല ദിക്കിലുമായി
ചിതറിക്കിടന്ന വളപ്പൊട്ടുകൾ പെറുക്കിയെടുത്ത് കളിമുറ്റം തീർത്തതിൽ ഞങ്ങൾ ധന്യരായി..
പൊട്ടിയ കുപ്പിച്ചില്ലുകൾ..
മുറിയാതെ ചേർത്തു വെക്കാൻ
ഓടി നടന്നതിന്ന്...
നിറഞ്ഞ ഹൃദയത്തിൽ നിന്ന്,
തപാൽക്കാരാ നിനക്ക്
ഒരിക്കൽ കൂടി നന്ദി...

കമർ
Share:

Thursday, May 12, 2016

ഒരു കോൽ ഐസിന്റെ കഥ

ഒരു കോൽ ഐസിന്റെ കഥ:റഹി
................................................
എന്റെ രണ്ട് ഓർമ്മക്കുറിപ്പുകൾ വായിച്ച് ഇക്ക (കമർ ) എന്നെഫോൺ ചെയ്‌ത്‌ പറഞ്ഞു "റഹീ നീ കുഴപ്പമില്ലാതെ എഴുതീട്ടുണ്ടല്ലോ ? ഇനി കഥകളും, കവിതകളും ഒന്ന് പരീക്ഷിച്ച് നോക്കൂ .. നിനക്കതിന് സാധിക്കും".എങ്കിൽ ഒരു ശ്രമം നടത്താമെന്ന് ഞാനും. കയ്യിൽ പേനയും,ഡയറിയും എടുത്തു. എന്നിട്ട് കുട്ടികളോട് (ഗാഥൂനോടും, സാവനോടും ) പറഞ്ഞു "മമ്മാനെ കുറച്ച് നേരത്തിന് വിളിക്കേണ്ട. ഞാൻ കഥ എഴുതാൻ പോവുകയാണ്. ശല്യം ചെയ്യരുത്".

ഞാൻ ഏകാഗ്രതയ്‌ക്ക്‌ വേണ്ടി മുറിയടച്ച് ഇരുന്നു. എം.ടി യുടെ അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയേയും, പാതിരാവും പകൽ വെളിച്ചവും അതിലെ ഗോപിയേയും മനസിൽ സങ്കൽപിച്ചു. ഇനി പണ്ട് കലാകൗമുദിയിൽ അംഗോ ഭാഗങ്ങൾ വർണ്ണിപ്പിക്കുന്ന ഒരു നായികയും (പതിപ്പിലെ ചിത്രങ്ങൾ കണ്ടാൽ നമ്മൾ സങ്കടപെടും. ഇത്രയും വിശേഷിപ്പിച്ച നായികയാണോ ഇത് ) പിന്നെ പണ്ട് വായിച്ച കുറെ മനസിലാകാത്ത വാക്കുകളും. ( ആന്തരിക ധാര ,ഇരുമ്പി പെയ്യുന്ന ഇരുണ്ട രാത്രി, നിഗൂഢമായ ആനന്ദം) അങ്ങിനെ കടിച്ചാൽ പൊട്ടാത്ത പദങ്ങളും നിരത്തി കഥ വരുന്നതും നോക്കി ഞാൻ കാത്തിരുന്നു. ഇല്ല.കഥ വരുന്നില്ല. അയ്യോ ഇത് എനിക്ക് പറ്റിയ പണിയല്ല, സത്യം പറഞ്ഞാൽ ഈ കഥകളുടേയും , കവിതകളുടേയും ഭാവന സൃഷ്‌ടാക്കളെയാണ് നാം ഏറ്റവും കൂടുതൽ നമിക്കേണ്ടത് എന്ന് എനിക്ക് മനസിലായി. എന്തായാലും ഈ ദുർഘടം പിടിച്ച പാതയിൽ നിന്ന് തൽക്കാലം വിരമിച്ചു. ഞാൻ എന്നെ തന്നെ വിലയിരുത്തി. എനിക്കതിനൊന്നും കഴിയില്ല. എന്നും തേച്ച് മിനുക്കി വെച്ച പച്ചയായ ഓർമകളെ എനിയ്‌ക്കുള്ളൂ. എങ്കിൽ അറിയാവുന്നത് ചെയ്‌താൽ പോരെ.

എന്റെ നാലാം ക്ലാസിലേക്ക് പോകാം. ഞാനും സുധയും (സുധാ രാധിക, കൃഷ്‌ണനുണ്ണി ഹോട്ടൽ, ശേഖരേട്ടന്റെയും, രാധ ടീച്ചറുടെയും മകൾ ) ബൈജിയും (യൂസഫലി കേച്ചേരിയുടെ മകൾ ) ജ്യോതി (ജനാർദ്ധൻ ഡോക്‌ടറുടെ മകൾ) ഷെബീനയും (ഷെമി മോമത്ക്കാടെ മകൾ )ഇവരായിരുന്നു എന്റെ കൊച്ചു ലോകം.

കേച്ചേരി എൽ.പി സ്‌കൂളിന്റെ മുൻവശത്ത് തന്നെ കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന പല വിധ കച്ചവടങ്ങളും നിരന്നിരിക്കാറുണ്ട്. ചുവന്ന മിഠായി, കപ്പലണ്ടി മായി, പരിപ്പ്, കടല പിന്നെ ഞങ്ങൾക്ക് ആനന്ദാധിക്യം തരുന്ന പലകളറുകളിലുള്ള കോൽ ഐസും. പക്ഷെ ഇതിൽ എന്ത് വാങ്ങി കഴിക്കാനും ഞങ്ങൾക്ക് പേടിയാണ്. എവിടെ തിരിഞ്ഞാലും ഞങ്ങളെ തിരിച്ചറിയുന്നവരാണ് കൂടുതലും. പൈസയും കമ്മിയാകും. സുധയ്‌ക്ക്‌ അന്ന് പൈസ കിട്ടും. ഹോട്ടലിൽ തിരക്കില്ലാത്ത നേരത്ത് പമ്മി പമ്മി നിന്ന് അച്ചനെ മണിയടിച്ച് ചില്ലറ കൈക്കലാക്കും. എനിക്ക് പൈസ കിട്ടുന്ന കഥ രസകരമാണ്. വല്യ ഇക്കയ്‌ക്ക്‌ ( ഷംസു) കോളേജിൽ പോകാൻ ബസിനുള്ള ചില്ലറകൾ ഉപ്പ ഉമ്മാടെ കയ്യിൽ കൊടുക്കും. ഉമ്മ അത് ഭദ്രമായി അലമാരയിൽ ഒരു സ്റ്റീൽ പാത്രത്തിൽ നിക്ഷേപിക്കും.എണ്ണി തിട്ട പെടുത്താറില്ല. കോളേജിൽ പോകുമ്പോൾ പൈസ എടുത്ത് കൊടുക്കുന്ന ജോലി എന്റേതാണ്. ഞാൻ കള്ളത്തരം കാണിക്കില്ല എന്ന ദൃഢവിശ്വാസം ഉമ്മയ്‌ക്കുണ്ട്. ചില്ലറ എടുക്കാൻ അലമാര തുറക്കുമ്പോഴേക്കും ഇക്കയും പിന്നാലെ വരും. ചില ദിവസങ്ങളിൽ ചട്ടമ്പിത്തരം കാണിച്ചും, ചിലപ്പോൾ സ്വരം താഴ്ത്തി ഉപചാര വാക്കുകൾ പറഞ്ഞും എന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കുന്ന ചില്ലറയിൽ വല്ലപ്പോഴും ഞാൻ കരഞ്ഞ് വാങ്ങുന്ന തുട്ടുകളാണ് എന്റെ സമ്പാദ്യം.

അങ്ങിനെ ഒരു ദിവസം ഞാനും സുധയും കൂടി (ബൈജിയും, ജ്യോതിയും,ഷെബിയും ഇല്ലായിരുന്നു ) ചില്ലറ എടുത്ത് ഉച്ചയ്‌ക്ക്‌ സ്‌കൂൾ പടിക്കലേക്ക് ഓടിപ്പോയി, ചുവന്ന മിഠായി കഴിച്ചാൽ ടീച്ചറും അറിയും വീട്ടിലും കാണും. എന്തും പ്രശ്നം തന്നെ. ഒടുവിൽ ശങ്കിച്ച് ശങ്കിച്ച് ഒരു തീരുമാനത്തിൽ എത്തി. കോൽ ഐസ് കഴിക്കാം അതാകുമ്പോൾ ഒരു പൊടിപോലുമില്ല കണ്ട് പിടിക്കാൻ. ഞങ്ങൾ മുന്നോട്ട് നീങ്ങി വലിയ ചതുര പെട്ടി സൈക്കിൾ സ്റ്റാൻഡിൽ വെച്ച ഐസ്‌കാരന്റെ അടുത്തെത്തി. ''രണ്ട് ഐസ് ഒന്ന് ചോപ്പ് ഒന്ന് മഞ്ഞ " സുധ ഓർഡർ ഇട്ടു. അയാളുടെ മുറുക്കിയ തുപ്പലം നിറച്ച വായയിൽ ചുവന്ന പല്ല് കാണിച്ച് ചിരിച്ചു കൊണ്ട് രണ്ട് വിരലുകൾ വെച്ച് നേരെ തുപ്പി ചുണ്ടിൽ ബാക്കി വന്ന പിശിട് ഉള്ളനടിക്ക് മാത്രം വെളുപ്പുള്ള വിരലുകൾ കൊണ്ട് സ്ഥിരമായി ധരിക്കാറുള്ള ഉടുതുണിയിൽ തുടച്ച് ശുദ്ധി വരുത്തി. എന്നിട്ട്‌ രണ്ട് പേർക്കും ഐസ് തന്നു. ഞങ്ങൾക്ക് വൃത്തിയൊന്നും പ്രശ്‌നമില്ല. സെക്കൻറ് ബെൽ അടിക്കുന്നതിന് മുമ്പ്‌ ഈശ്വരാ ഇത് കഴിച്ച് തീർക്കണം. ആ ഉദ്ധേശത്തിൽ വായിൽ വെച്ചതും ബെൽ മുഴങ്ങി.

അത് കേട്ടതും എന്ത് ചെയ്യണമെന്ന വേവലാതി ആയി. അതിനും സുധ ഒരു ഉപായംകണ്ടു. ഭയങ്കര ബുദ്ധിയാണവൾക്ക്. (ടീച്ചറുടെ മകളും പഠിപ്പിസ്റ്റും ) ഒരു കാര്യം ചെയ്യ് നീ ഇത് രണ്ടും ബേഗിൽ ഇടൂ. സ്‌കൂൾ വിടുമ്പോൾ നമുക്ക് കഴിക്കാം .എന്റെ ബാഗിൽ ഇട്ടാൽ അമ്മ കാണും. ഞാൻ ശരിവെച്ചു. കാരണം എനിക്ക് ബുദ്ധി ഇല്ലല്ലോ. നേരത്തെ പറഞ്ഞ പോലെ എന്റെ കൊച്ചു ലോകം ഇവരാണല്ലോ? എന്റെ തോൽ ബാഗിൽ ഐസും ഇട്ട് ഞങ്ങൾ സമാധാനമായി കൊതിയോടെ ബെല്ലടിക്കുന്നതും കാതോർത്തിരുന്നു. അതാ... ഫസ്റ്റ് ബെൽ പിന്നെ കൂട്ടമണിയും. സുധ കേട്ട പാടെ പുറത്തേക്ക് വന്ന് ബേഗ് തുറന്നു. എന്റെ ബുക്കുകൾ ചുവപ്പും മഞ്ഞയും വെള്ളത്തിൽ കുതിർന്ന് കിടക്കുന്നു. രണ്ട് കോലുകൾ മാത്രം മിച്ചം. ഞങ്ങൾക്ക് രണ്ട് പേർക്കും പരാതികൾ ഇല്ല സങ്കടം മാത്രം.

അന്നത്തെ ആ കോൽ ഐസിന് പകരം വെക്കാൻ ഇന്നത്തെ ഒരു സ്വീറ്റ്സിനും കഴിയില്ല. ഉപ്പയും ഉമ്മയും കാണാതെ ബുക്കുകൾ അമ്മേടത്തിയാണ് (ഞങ്ങൾ കുട്ടികളുടെ എല്ലാ കുസൃതികൾക്കും വളം വെച്ച് കൊടുക്കുന്ന സുന്ദരിയായ അമ്മ ) പിന്നെ ഉണക്കിതന്നത്. ഇപ്പോൾ ഞങ്ങൾ ഒരുപാട് നാളായി കണ്ടിട്ടില്ല. കണ്ടാൽ ഞങ്ങൾ ആദ്യം പറയുന്നത് ഈ കഥയാണ്. കാലം മാറി. പിന്നീട് ഒരുപാട് സുഹൃത്തുക്കൾ മിന്നി മറഞ്ഞു. എങ്കിലും അന്നത്തെ നിഷ്‌കളങ്കവും, ഊഷ്‌മളതയോട് കൂടിയതും, നൈർമല്യം നിറഞ്ഞതുമായ ചങ്ങാത്തം ഇന്നുണ്ടോ?
......
റഹിയുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്‌ എന്റെ ബ്‌ളോഗില്‍ സഹോദരിയുടെ രചനകള്‍ക്ക്‌ ഇടം കൊടുക്കുന്നത്.
കമര്‍ ബക്കര്‍.
Share:

ഊരും..ചേരിയും... തിരിച്ചറിയാത്ത തീ!!

 ഊരും..ചേരിയും തിരിച്ചറിയാത്ത തീ!!

ഒന്ന്:
നിങ്ങൾ
എരനെല്ലൂരു - കാരും
ചിറനെല്ലൂരു - കാരും
പരസ്പരം
കലഹിച്ചു
കാര്യ കാരണങ്ങൾ
ഇരു ഊരുകാർക്കും
അന്യം....

രണ്ടു്: 
ഞങ്ങൾ
കേൾവി കേട്ട ചേരിക്കാർ
കേച്ചേരിക്കാർ
കിഴക്കോട്ട് ചേരി തിരിഞ്ഞ്
എല്ലാ കലഹങ്ങളും
കാമറകണ്ണുകളാൽ
ഒപ്പിയെടുത്ത്
വാട്ട്സപ്പിൽ 
ലോകത്തെ അറിയിച്ച്
ഒന്നാമനായി
കേമനായി..

മൂന്ന്: 
ഊരുകാർ
എരനെല്ലൂരുകാർ
ചിരനെല്ലൂരിലെ
 ഊരുകളും
ചിറനെല്ലൂരുകാർ
എരനെല്ലൂരിലെ
ഊരുകളും
തീയിട്ടു !!!

നാല്:
ചേരിക്കാർ
എരനെല്ലൂരുകാരും
ചിറനെല്ലൂരുകാരും
ചേർന്ന്
കേച്ചേരി,
കിഴക്കേ ചേരിയിലെ 
 ഊരുകൾ
ഒന്നായി തീയിട്ടു

അഞ്ച്: 
തീ...  
നാളങ്ങൾക്ക്
പക്ഷവും...
ചേരിയും...  
ഊരും....
പേരും...
നാളും...
 ഉണ്ടായിരുന്നില്ല !!!

ആറ് : 
സാറ്റലൈറ്റ് തകരാർ
പരിഹരിപ്പെടാതിരുന്നതിനാൽ
നാലാമതുരംഗം പ്രക്ഷേപണം
മുടങ്ങിയതിൽ ഖേദം പ്രകാശിപ്പിക്കുന്നു വെന്ന്
ഊരും ചേരിയും തിരിഞ്ഞ്
ചർച്ചയ്ക്ക് ചട്ടം കെട്ടിയിരുന്ന
ചാനൽകാർ ഒന്നായി
വെണ്ടക്ക നിരത്തി....
Share:

Wednesday, May 11, 2016

ഒരു വരി കവിത

ഏറെ നാളായി ഒരു വരി കവിത എഴുതിയിട്ട്
വാക്കുകൾ  വരികളായി തൂലികത്തുമ്പില്‍
വെളിച്ചം തേടി വിലപിക്കുമ്പോള്‍
അവയെല്ലാം വിരിയിക്കപ്പെട്ടതോ
അടയിടിയിരിക്കപ്പെട്ടതോ
ആരോ
വിരിയിക്കാൻ ആഗ്രഹിച്ചവയോ ആയിരുന്നു...

അതിനാല്‍  " ഒരു വരി " കവിത
അക്ഷരം പൂണ്ടുണരാതെ
കാവ്യ പ്രേതലോകത്ത്‌ വിഹരിക്കട്ടെ...

എന്റെ വരികളായി ജന്മം കൊള്ളാന്‍ കൊതിച്ച
വാക്കുകൾ പകുത്തെടുത്ത്‌ കൊള്‍‌ക.
പകരം താളാത്മകമായി പെയ്‌തിറങ്ങുന്ന
അക്ഷരമഴ എനിക്ക് തരിക
വേഴാമ്പലിന്‌ ദാഹജലം പോലെ .......
Share:

Sunday, May 8, 2016

പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ?

പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ? റഹി.
പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ? അതിന് പ്രസക്തിയുണ്ടോ? ഇന്നൊരു ദിവസം ഓർത്തെടുത്ത് മായ്ച്ച് കളയാൻ പറ്റുന്നതാണോ ഈ പൊക്കിൾകൊടി ബന്ധം?
നമ്മുടെ ഓരോ ദിവസത്തിന്റേയും തുടക്കവും ,ഒടുക്കവും അവരുടെ ഓർമകളിലൂടെയാണ്, ഞാനീ കുറിപ്പ് എഴുതാനാരംഭിക്കാൻ തുടങ്ങിയപ്പോൾ ഒരായിരം ഓർമ്മകൾ ഒറ്റ കുതിപ്പിന് പാഞ്ഞു വന്നു, സ്നേഹത്തിന്റെ മണം വീശിക്കൊണ്ട്, എങ്കിലും ഉമ്മാടെ അവസാനത്തെ ദിവസങ്ങൾ ഓരോന്നും ആലോചിക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ്.

അവസാന രണ്ടര മാസക്കാലം ഉമ്മ മദർ ആശുപത്രിയിൽ ആയിരുന്നു, കാലത്ത് എഴുന്നേറ്റ് ഇവിടുത്തെ ഉമ്മാക്കുള്ള ( അമ്മായി അമ്മ എന്ന് വിശേഷിപ്പിക്കാനെനിക്ക് ഇഷ്ടമില്ല, ഞാൻ എന്റെ ഉമ്മയേക്കാൾ കൂടുതൽ ജീവിച്ചത് ഇക്കാടെ ഉമ്മയുടെ കൂടെയാണ് ,എന്റെ ജീവിതത്തിൽ ഒരു പാട് സ്വാധീനിച്ച വ്യക്തി) ആവശ്യങ്ങളും ഭക്ഷണങ്ങളും ഒരുക്കി വെച്ച് വേഗം ആശുപത്രിയിലേക്ക് ഓടണം എന്ന ഒരേ ചിന്തയിലാണ് ഓരോ ദിനവും കടന്ന് പോയിരുന്നത്, പക്ഷെ ആദ്യത്തെ കുറച്ച് ദിവസമേ എനിക്ക് ആ ഭാഗ്യം ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും എന്റെ ജിച്ചുവിന് (എന്റെ മാതൃത്വത്തിന്റെ ആദ്യത്തെ അവകാശി) ചിക്കൻപോക്‌സ് പിടിപെട്ടു, എങ്കിലും അവനെ കുളിപ്പിക്കലും ഭക്ഷണ കാര്യങ്ങളും ചെയ്ത് വെച്ച് ഞാൻ ഉമ്മാനെ കാണാൻ പോകും, രണ്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും അവന്ന് കൂടുതൽ പൊന്താൻ തുടങ്ങി, എനിക്കും ഉമ്മാടെ അടുത്ത് പോകാൻ പേടി ആയി "നീ ഈ അവസ്ഥയിൽ ഉമ്മാനെ കാണാൻ വരേണ്ട, ഉമ്മാക്ക് എന്തെങ്കിലും വന്ന് പെട്ടാൽ അത് നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ റഹീ, നീ മോനെ നന്നായി നോക്ക് " എന്നായി എല്ലാവരും അത് കേട്ടപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി, ഉമ്മാടെ അടുത്ത് ജിച്ചൂന് പനിയാണെന്നും അത് കൊണ്ട് റഹിയോട് വരേണ്ട എന്ന് പറഞ്ഞാൽ മതിയെന്നും തീരുമാനിച്ചു, അങ്ങിനെ ഉമ്മാടെ വിശേഷങ്ങൾ ഫോണിലൂടെയും അല്ലാതേയും അറിഞ്ഞു, പതിനഞ്ച് ദിവസം കഴിഞ്ഞതും ഉമ്മാക്ക് ഇഷ്ടമുള്ള മോര് കറിയും ചോറും ആയി ഞാൻ ഉമ്മാടെ അടുത്ത് സെമി ഐ.സി.യു വിൽ കാണാൻ പോയി, ചോറ് വായിൽ കൊടുക്കുമ്പോൾ ഉമ്മ എന്റടുത്ത് ചോദിച്ചു "അതേ ഇച്ചു മണിക്ക് ( ഉമ്മ അങ്ങിനെയാണ് വിളിക്കാറ്) നല്ല ലൂസ് ഉള്ള ഷർട്ട് ഇട്ട് കൊടുക്കണം ,പൊന്തിയത് ഉള്ളിൽ ഉണങ്ങാൻ കുറച്ച് ദിവസം എടുക്കും, ചിക്കന്‍ കുറച്ച് കഴിഞ്ഞ് കൊടുത്താൽ മതീ ട്ടാ" അത് കേട്ടതും ഞെട്ടി ഞാൻ ഉമ്മാടെ മുഖത്തേക്ക് ചിരിച്ച് കൊണ്ട് എങ്ങിനെ അറിഞ്ഞെന്ന ഭാവത്തിൽ നോക്കി 'എനിക്ക് മനസിലായി ഇത്രയധികം ദിവസം ഒരു പനിക്കൊന്നും നീ എന്നെ കാണാൻ വരാതിരിക്കില്ല എന്ന് 'അതാണ് ഉമ്മ അവർക്ക് അകക്കണ്ണ് കൊണ്ട് എല്ലാം കാണാൻ കഴിയും, കാത് കൂർപിക്കാതെ കേൾക്കാൻ കഴിയും, സ്പർശിക്കാതെ തലോടാൻ കഴിയും, ആ ഉൾകാഴ്ച എത്ര പുകഴ്ത്തിയാലും മതിയാവില്ല, അന്ന് വായ് തോരാതെ കുറെ സംസാരിച്ചു, ആശുപത്രി വിട്ടാലുള്ള കാര്യങ്ങളായിരുന്നു കൂടുതലും, ജീവിതം തിരിച്ച് കിട്ടുമെന്ന് അത്ര വിശ്വാസമായിരുന്നു ,നമ്മുടെ വീട്ടിൽ ചെന്ന് ഉമ്മ കൽത്തപ്പം നെയ്യപ്പം എന്നിവ ഉണ്ടാക്കുന്നതും, മക്കളും പേരമക്കളായി വീട്ടിൽ കഴിയുന്നതും എല്ലാം, ഞാനും ഏറെ സന്തോഷിച്ചാണ് മടങ്ങി പോയത്
ഇവിടെ എത്തുമ്പോൾ എന്റെ സാവനും (രണ്ടാമത്തവൻ) ചെറിയൊരു പനി, രാത്രിയാകുമ്പോഴേക്കും ചിക്കൻപോക്സാണെന്ന തീരുമാനമായി അങ്ങിനെ ഈ പ്രക്രിയ തുടർന്നു ഗാഥൂനും (മോൾ) വന്നു, ഉമ്മാടെ അടുത്തേക്കുള്ള എന്റെ പോക്കിന്റെ ദിവസങ്ങൾ അകന്നകന്ന് പോയി, അത് കൊണ്ടും നിന്നില്ല, ചിക്കന്‍‌പോക്‌സിന്റെ വിരാമം എനിക്കും ഇക്കാക്കും ഒരുമിച്ച് ആരംഭിച്ച് കൊണ്ടായിരുന്നു, എല്ലാവരേക്കാളും കൂടുതലായി എന്നെ വ്രണങ്ങൾ കൊണ്ട് പൊതിഞ്ഞു, മാനസികമായും ശാരീരികമായും ഞാൻ തളർന്നു, ആർക്കും ഒന്ന് വന്ന് സഹായിക്കാൻ പറ്റുന്ന രോഗമല്ലല്ലോ! ഇവിടെ ഉമ്മാക്ക് വരുമോ എന്ന് പേടിച്ചു, ഉമ്മ മാത്രം രക്ഷപെട്ടു, ഞാനും ഇക്കയും ഒരു വിധം ഭേദമാകുമ്പോഴേക്കും ആശുപത്രിയിൽ ഞാൻ കണ്ട് പിരിഞ്ഞ ഉമ്മയെ അല്ല, ഉമ്മാടെ നില കൂടുതൽ വഷളായി, വെന്റിലേറ്ററിലെ സഹായത്താലുള്ള ഉമ്മാടെ ദിവസങ്ങൾ എനിക്കിവിടെ എഴുതാൻ കഴിയില്ല,
ഈ രണ്ടരമാസക്കാലം ഉമ്മ അറ്റാക്കും, ഡയാലിസിസും, ഓപറേഷനും എല്ലാം ആയി ഒരു പാട് വേദനകൾ സഹിച്ചു, ഞാൻ ചിക്കന്‍പോക്‌സ്സ് വരുത്തിയ ശരീരവേദന കൊണ്ടും, എന്റെ ഉമ്മാനെ ഒരു ദിവസം എനിക്ക് ശുശ്രൂഷിക്കാൻ കഴിയാതെയുള്ള തീരാത്ത വ്യഥയിലും നീറി, ഞങ്ങൾ മക്കളുടെയും മരുമക്കളുടേയും സമ്മതത്തോട് കൂടിയുള്ള വെന്റിലേറ്ററിനെ അവസാനിപ്പിക്കുമ്പോൾ ഞങ്ങളുടെയും ഉമ്മയുടെയും എല്ലാ ആശകളും പ്രതീക്ഷകളും ആയിരുന്നു കരിഞ്ഞ് പോയത് , അതെ വിധി കാലചക്രത്തിന്റ പാളങ്ങളിൽ ഓടികൊണ്ടിരിക്കുക തന്നെയാണ്, നമ്മളും ഓരോ ദിവസമായി കൊഴിഞ്ഞ് പോകും, ഇന്നും മദര്‍ ആശുപത്രി കാണുമ്പോൾ ഒരു അകൽച്ചയാണ്, ഞങ്ങളുടെ ഉമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വൈരാഗ്യവും, ഈ രണ്ടര മാസം ദുനിയാവിൽ ഒരു പാട് വേദന അനുഭവിച്ചിട്ടുണ്ട് ഉമ്മ, അതിന് പകരമായി നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് പരലോകം സ്വർഗ്ഗത്താൽ അലങ്കൃതമാക്കി കൊടുക്കണേ!!!
റഹി
Share:

ബാലേട്ടൻ

സാമ്പ്രാക്കും... ബ്ബാസി സറമ്പറബാക്കും.... ബ്ബാസി സക്കമ്പക്കും, ബ്ബാസി!തകരപ്പാട്ടയിൽ കൊട്ടി പാടി ബാലേട്ടൻ വിശപ്പിന്റെ വിളിയിൽ വഴിയിൽ കണ്ടവരോട് ആവശ്യപെടും.അവസാന രണ്ടുവരി മാത്രം എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ..... "വിശക്കണ് സാറെ, എനിക്കൊരു പത്ത് പൈസ തരോ ...... "

സമാനതകൾ ഇല്ലാതെ ബാലേട്ടൻ കേച്ചേരിയിൽ ജീവിച്ചു.പാട്ടുകാരനായും ആശാരിയായും ഭ്രാന്തനായും!തന്റെ കിടപ്പുമുറിയും, തീൻ മേശയും വെളിസ്ഥലവും എല്ലാം തന്നെ വടക്കാഞ്ചേരി റോഡിന്റെ ഒരു ഓരം മാത്രമായിരുന്നു ബാലേട്ടന് !മത്സരാർത്ഥികളായ മനുഷ്യർ നിലനിൽപ്പിനായി മലവെള്ളപാച്ചലിൽ, മലക്കം മറിഞ്ഞ് ആടിയും ചാടിയും ഉയരങ്ങൾ നീന്താൻ പാടുപെടുന്നത് നോക്കി ബാലൻ നെടുവീർപ്പിട്ടു...ഇവർക്കെന്താ ഭ്രാന്താണോ??

ഒരു കൂട്ടം ഭ്രാന്തന്മാരുടെ നെറികെട്ട ഓട്ടങ്ങൾ കണ്ട് ആരോ വലിച്ചെറിഞ്ഞ കുറ്റി ബീഡി ചുണ്ടിൽ തിരികി മഞ്ഞപ്പല്ലുകൾ പുറത്ത് കാട്ടി തന്റെ തകരപ്പാട്ടയിൽ ആഞ്ഞു കൊട്ടിക്കൊണ്ട് ബാലേട്ടൻ പാടുകയായിരുന്നു.
സാബ്രക്കും.... ബ്ബാസ...................................................................

ജീവിതം അലിവുള്ളവരുടെ നാണയത്തുട്ടിലും ഭക്ഷണപ്പൊതിയിലുമായി.. ബാലേട്ടൻ ആസ്വദിച്ചു.സന്തുഷ്‌ടവും,സമൃദ്ധവുമായ ജീവിതം കൈവരിക്കാൻ ത്രാണിയില്ലാതെ പ്രതിസന്ധികളെ ഭയപെട്ട് ഭ്രാന്തെടുത്തു പായുന്ന കേച്ചേരിക്കാർക്കിടയിൽ ബാലേട്ടൻ ജീവിച്ചു കടന്നു പോയി! ആരെയും "ഭ്രാന്താ..... "എന്ന് മറുത്ത് വിളിക്കാതെ !
Share:
Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com