കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Tuesday, April 5, 2016

ഉപ്പയെ ഓര്‍ക്കുമ്പോള്‍

കഴിഞ്ഞ 33 വർഷങ്ങൾ...ഞങ്ങളുടെ ഉപ്പ ലോകത്തോടു് വിട പറഞ്ഞത് 1983 ഏപ്രിൽ 5 ന് ആയിരുന്നു ഞാനപ്പോൾ ഒമ്പതാം ക്ലാസ് കഴിഞ്ഞ് വേനൽലക്കാല അവധിയിലായിരുന്നു.
റഹി ഉപ്പയെ ഓര്‍ക്കുന്നു.

വീട്ടിൽ മരാമത്ത് പണികൾ തകൃതിയായി നടക്കുകയാണ്.എസ്. ഐ ട്രൈനിങ്ങിന്‌ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഉപ്പ, ഉമ്മയോട് പറഞ്ഞു, ഞാൻ പോകുന്നതിന്ന് മുമ്പ് ഈ അടുക്കളയിൽ എന്തെങ്കിലും വെച്ച് കഴിക്കണം, ഉമ്മ അത് കേട്ടതും സൂറമ്മാനേയും വിളിപ്പിച്ച് ഒരു പാൽ കാച്ചൽ നടത്തി ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി ചട്ടിയും, കലവും ഇറക്കിവെച്ച്  പുതിയ അടുക്കളയിൽ ചമ്രം പടിഞ്ഞിരുന്ന് ചോറ് തിന്നു. പതിവ് പോലെ ഉപ്പാടെ വക എല്ലാവർക്കും ഓരോ പിടിയും,എല്ലാവരേയും അടുത്ത് ഇരുത്തി ഉപ്പ തുടങ്ങി "കമറേ നീ നേരത്തെ വീട്ടിൽ വരണം, വായനശാലയും രാഷ്ട്രീയവും മാത്രമാവണ്ട പഠിപ്പും .. പാടത്തെ പണികളും ശ്രദ്ധിക്കണം" "സൂറാ ഒഴിവ് കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് വരണം, ഞാൻ അബ്ദുൽ കാദറിനും എഴുതുന്നുണ്ട് "തായി, റഹീ, റാബി നന്നായി പഠിക്കണം, വഴക്ക് കൂടരുത്, കുട്ടികളെ നോക്കണം (മെമിയും, പെപ്പും) ഉമ്മാനെ ദേഷ്യം പിടിപ്പിക്കരുത്, ഉമ്മാടെ തലവേദന കൂട്ടരുത്, വെല്ലിമ്മാനെ ശ്രദ്ധിക്കണം (വല്യ ഇക്ക അന്നും നാട്ടിൽ ഇല്ല ) ഉമ്മാനേയും,ഭാര്യയേയും,മക്കളേയും,(വെല്ലിമ്മ വീട്ടിൽ ഉണ്ട് ) ഒരിക്കൽ പോലും പിരിഞ്ഞ് നിൽക്കാത്ത ഉപ്പ പോകുമ്പോൾ എല്ലാവർക്കും ഒരു പോലെ സങ്കടമായിരുന്നു.

പോയി രണ്ട് ദിവസം കഴിഞ്ഞതും കത്ത് വന്നു.സുഖമായി എത്തിയെന്നും കൈ വേദനയും തരിപ്പും കൂടുതലാണെന്നും ,പിന്നെ ഞങ്ങളോടുള്ള സ്നേഹവായ്പും, ഉപദേശങ്ങളും, ഞങ്ങൾ ഓരോരുത്തരും മാറി മാറി വായിച്ചു.ആദ്യമായിട്ടുള്ള ഉപ്പയില്ലാത്ത ദിവസങ്ങൾ, എല്ലാവരും നല്ല കുട്ടികൾ ആയി തുടരവെ ഒരു ദിവസം ഒരു ഫോൺ  തൃശൂർ എസ്‌.പി ഓഫീസിൽ നിന്നാരായിരുന്നു....ഉപ്പാനെ സുഖമില്ലാതെ  തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ആക്കിയിരിക്കയാണെന്നും ഉമ്മയോട് ഉടനെ വരണമെന്നും. ഉമ്മ ഉടനെ വല്യേദ് വാപ്പാനെ അറിയിച്ചു.:. ചാവക്കാട്ടെ വെല്ലിമ്മാനേയും സൂറമ്മാനേയും വീട്ടിലാക്കി, വെല്ലിക്കാനെ കൂട്ടി ഉപ്പാടെ അടുത്ത് പോയി.... എല്ലാം പെട്ടന്നായിരുന്ന ഒരു കുടും‌ബാന്തരീക്ഷം കീഴ്മേൽ മറിയുന്നതിന്റെ തുടക്കം....

അവിടന്നങ്ങോട്ട് 42 ദിവസങ്ങൾ ഓർക്കുമ്പോൾ മനസിൽ വിങ്ങലാണ്.ഓരോ ദിവസവും രോഗം കുറവും കൂടുതലും, ഗൾഫിലുള്ള ഇക്കയും, അളിയനും നാട്ടിൽ വന്നു. ഞങ്ങൾക്ക് ഇക്കാനേയും കാണാൻ കിട്ടുന്നില്ല. ഉപ്പാടെ അടുത്ത് തന്നെ, അത് ഞങ്ങളെ കൂടുതൽ നൊമ്പരപെടുത്തി.എല്ലാവരേയും ഉപ്പാനെ കാണാൻ കൊണ്ട്പോയി . ഞാൻ വാശി പിടിക്കാത്ത കാരണം എന്നെ കാണിച്ചിരുന്നില്ല. ഒരു ദിവസം ഞാൻ സൂറമ്മാട്  "എനിക്ക് ഉപ്പാടെ ഒരു ഫോട്ടോ കാണിച്ച് തരോ " എന്ന് പറഞ്ഞ് കരഞ്ഞു .കൂടെ സൂറമ്മയും. അങ്ങിനെ ഞാനും കമറുക്കയും തീവണ്ടി കയറി ഉപ്പാനെ കാണാൻ..അവിടന്നങ്ങോട്ടുളള എന്റെ ദിവസങ്ങൾ .....

ചുവന്ന് തുടുത്ത് ചിരിച്ച് മാത്രം കണ്ടിട്ടുള്ള ഉപ്പാടെ കവിൾത്തടവും, ചുണ്ടുകളും, നരച്ച താടിയും ആ കിടപ്പും കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല .ഉപ്പാ .... എന്ന് കുറെ തവണ വിളിച്ചു ഒരു മറുപടിയും ഇല്ല. ഞാൻ വാവിട്ട് കരഞ്ഞു. ഉമ്മാനെയും ഇക്കാനെയും കണ്ടപ്പോൾ ഒന്നുകൂടി മുറുകി. എന്നിട്ടും ആ വിളിക്കും, കരച്ചിലിനും ഉപ്പാക്ക് മറുപടി പറയാൻ പറ്റുന്നില്ല. കണ്ണ് നിവർത്തി എന്നെ നോക്കി, രണ്ട് കണ്ണിൽ നിന്നും നിർത്താതെ കണ്ണീർ പോയി തുടങ്ങി. എന്റെ കരച്ചിൽ നിർത്താതെ വന്നപ്പോൾ ഉമ്മ പറഞ്ഞു ''ഉപ്പ കുറച്ച് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് വരും. ഡോക്ടർ പറഞ്ഞിട്ടുണ്ട് 41 ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് വിടാമെന്ന് " ഞാനപ്പോൾ വിരലിൽ എണ്ണി നോക്കി കുറച്ച് ദിവസമേയുള്ളൂ, ഉമ്മ വീണ്ടും "മക്കൾ പൊക്കോ ഞാനും ഇക്കയും ഉപ്പാനേയും കൂട്ടി ഉടനെ വരാം" ആ വാക്കിനെ മുൻനിർത്തി ഞങ്ങൾ തിരിച്ചു

31,32,33....... 40,41 ഞങ്ങൾ കുട്ടികൾ എണ്ണാൻ തുടങ്ങി. ഓരോ ദിവസവും കഴിയുമ്പോൾ ഞങ്ങൾ സന്തോഷിച്ചു.ഹാവൂ 41 ദിവസം കഴിഞ്ഞല്ലോ? നാളെ ഉപ്പ വരും. ഞങ്ങൾക്ക് സന്തോഷമായി എന്നാൽ നാല്‍‌പത്തിരണ്ടാം ദിവസം അത് സംഭവിച്ചു... ഉപ്പ വന്നു പക്ഷെ ഞങ്ങളെ ഉപ്പ കണ്ടില്ല. ഇന്നേക്ക് 33 വർഷം' ..... സർക്കാർ ബഹുമതികളോടെ .....തന്റെ സഹ പ്രവർത്തകർ അറ്റൻഷനിൽ നിന്ന് അവസാന സെല്യൂട്ടും ആചാരവെടിയും മുഴക്കി സേനയുടെ കർമ്മഭടന്ന് അവസാനയാത്രമൊഴി....

അവിടന്നങ്ങോട്ട് ഉമ്മാടെ സാന്ത്വനം. ഞങ്ങൾക്കെല്ലാവർക്കും ഉമ്മയും ഉപ്പയും ഒരാളായി മാറി.  അതിലും ഞങ്ങളിൽ അള്ളാഹു പിശുക്ക് കാണിച്ചു. ഉമ്മാനെയും അള്ളാഹു തിരിച്ചു വിളിച്ചു......എങ്കിലും ഞങ്ങളിൽ അവർ നൽകിയ ഊർജം വിവരിക്കാനാവില്ല. അവരുടെ ഓർമ്മയുടെ നനുത്ത കുളിരും, തണലും ഞങ്ങൾ മക്കളും, മരുമക്കളും,  പേരമക്കളം, മറ്റു കൂടപ്പിറപ്പുകളും ഇന്നും നെഞ്ചിലേറ്റി ജീവിതയാത്ര തുടരുന്നു....

വിധി ചരിത്രത്തിന്റെ പാളങ്ങളിൽ ഓടികൊണ്ടിരിക്കും... നമ്മൾ എല്ലാവരും ഒരുനാൾ മരണത്തിലേക്കു മടങ്ങും...അതിന്റെ നൊമ്പരം ജീവിച്ചിരിക്കുന്നവർക്ക് പിന്നീടു് സുഖമുള്ളതായിരിക്കില്ല.......

ഞങ്ങളുടെ നാഥാ ഞങ്ങളുടെ മാതാപിതാക്കളെ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണമേ... ഞങ്ങളിൽ നിന്നും ഇതിനകം വേർപിരിഞ്ഞ എല്ലാവരുടെയും കബറിടം വിശാലമാക്കുകയും ഞങ്ങളെയും അവരേയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കുകയും ചെയ്യേണമേ.... അള്ളാ. ..:

പ്രാർത്ഥനകളോടെ...
റഹി
Share:

1 comments:

Azeez Manjiyil said...

പ്രാർത്ഥനകളോടെ...

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com