കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Friday, November 18, 2016

ചിത.....റാഹി

മീനമാസത്തിലെ സൂര്യന്റെ ചൂട് നെറുകയിൽ എത്തി നിൽക്കുന്നുണ്ടെങ്കിലും, അമ്പല മൈതാനി ജനനിബിഡമായി തുടരുകയാണ്. ഒരു വിജനമായ 
വീഥി ഇവിടെ അന്യം തന്നെ.

ദൈവത്തിന്റെ പ്രീതിയ്ക്കും, അനുഗ്രഹങ്ങൾക്കും വേണ്ടി വഴിപാടുകളാൽ മൽസരിച്ച് ജനം മുന്നേറി കൊണ്ടിരിക്കുന്നു, ദൈവ കടാക്ഷത്തിനായ് ആളുകൾ നെട്ടോട്ടമോടുന്നു, വിശ്വം കാക്കാൻ കണ്ണും കാതും കൂർപ്പിച്ച് വിശ്രമമില്ലാതെ ഈശ്വരനും സദാസമയം തിരക്കിൽ തന്നെ.

പതിയെ വിരസമായ സായാഹ്നവും അടുത്തെത്താറായി, മങ്ങിയ വെയിൽ വിട പറഞ്ഞ് സന്ധ്യയ്ക്ക് വഴിമാറി കൊടുക്കുമ്പോൾ എന്റെ മനസിന്റെ ആഴങ്ങളിൽ കിടക്കുന്ന നൊമ്പരങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങും. ഉള്ളിൽ വിങ്ങുന്ന വിഷമങ്ങൾ ഒരു നെടുവീർപ്പായി മാറും. സന്ധ്യ സമയത്ത് ആൽമരത്തിന്റേയും, മറ്റു വൃക്ഷലതാദികളുടേയും മർമ്മരങ്ങൾ എന്റെ ചെവിയിൽ മൂളാറില്ല. അവയുടെ തെന്നൽ എന്നെ തലോടാറില്ല. ചന്ദന തിരികളുടേയും, ഭസ്മത്തിന്റേയും ഗന്ധം സുഖകരമായി തോന്നാറുമില്ല.
ആകാശത്ത് ഇരുണ്ട മേഘക്കീറുകൾ സ്ഥാനം പിടിക്കും തോറും അമ്പലനടയിൽ ദീപാലങ്കാരങ്ങൾക്ക് മോടികൂടും, എന്തോ ഈ വൈകുന്നേരത്തിന് ഇത്തിരി ഉൻമേഷം തോനുന്നുണ്ടോ?

ഭിക്ഷാപാത്രത്തിൽ തുടർച്ചയായി വീഴുന്ന നാണയ തുട്ടുകളുടെ ഈണത്തിൽ, ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നു, ആരാണ് ദാതാവ് എന്നറിയാൻ മുഖം പതിയെ ഒന്ന് ഉയർത്തി നോക്കി. അതെ ഞാൻ അയാളെ വ്യക്തമായി കണ്ടു..........

നിമിഷങ്ങൾക്ക് മുന്നെ ഉണ്ടായ എന്നിലെ ഉണർവ് പെട്ടെന്ന് മാഞ്ഞുപോയി. എന്റെ അസ്വസ്ഥതകളും നിരാശകളും മൂർദ്ധന്യത്തിലെത്തി, നടന്ന് പോകുന്ന ആളിനേയും കൂടെ തൊട്ടുരുമ്മി പോകുന്ന സ്ത്രീയേയും കണ്ടപ്പോൾ എന്റെ രക്തസമ്മർദ്ദം ക്രമാധീതമായോ? ശരീരത്തിൽ വൈദ്യുതി തരംഗം ഏററത് പോലെ ചടുലമായ ഒരു വിറയൽ അനുഭവപെട്ടോ? എന്നിലെ അന്ധാളിപ്പ് വർദ്ധിച്ചോ? എന്റെ കണ്ണിലെ നീരുറവകൾക്ക് വേഗത കൂടിയോ?
ഒരു സ്ത്രീയുടെ ആശകളും, അഭിലാഷങ്ങളും ഉള്ളിൽ ഒതുക്കി പ്രതീക്ഷകളില്ലാതെ, യാന്ത്രികമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഭൂതകാല ജീവിതത്തിലെ നിയോഗം എന്നിൽത്തന്നെ നിക്ഷേപിച്ച്, ആ ഭാണ്ഡവുമായി തനിയെ സഞ്ചരിക്കുകയായിരുന്നു ഇതുവരെ.

നന്മയുടെ പൂർണതയോടെ ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിൽ , അഛന്റെ ഉമയായും ,അമ്മയുടെ ദേവിയായും, ഞാനെന്ന ഉമാദേവിക്ക് കൊതിത്തീരുവോളം ജീവിക്കാൻ കഴിഞ്ഞില്ല.അഞ്ചാം വയസിൽ അച്ഛന് അപസ്മാരകം കൂടി, പിടഞ്ഞ് മരിക്കുന്ന നേർകാഴ്ചയാണ് എന്റെ ആദ്യത്തെ ദുരന്തം, എനിക്ക് അമ്മയും, അമ്മക്ക് ഞാനും എന്ന യാഥാർത്ഥ്യത്തിൽ ജീവിച്ചിരിക്കെ, നാലാം ക്ലാസിൽ , സ്ക്കൂളിൽ നിന്ന് വരുമ്പോൾ ഞാൻ കാണുന്നത് ഗോതമ്പ് നിറമുള്ള അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമാണ്, അതോടെ എന്നത്തേയ്ക്കും ഉള്ള ദുരന്തമായി. പിന്നീട് മുതിർന്നപ്പോൾ ഞാൻ കേട്ടിരുന്നു, ഏതോ പൈശാചിക രൂപത്തിൽ, കാമവെറി മൂത്ത കഴുകൻമാരുടെ വിളയാട്ടമായിരുന്നു, അമ്മയുടെ ആത്മാഹുതിക്ക് കാരണമെന്ന് .

ആ രണ്ട്ര്‌  ദീപങ്ങൾ പോയതോടെ മുന്നോട്ടുള്ള വഴി കൂരിരുട്ടായി, ശേഷിച്ച ജീവിതം അഛന്റെ അകന്ന ബന്ധുക്കൾ വീതം വെച്ചു. ശംബളം ഇല്ലാതെ ജോലിക്കാരിയെ കിട്ടിയതിലെ ആശ്വാസമായിരുന്നു എല്ലാവരിലും, ഓരോ ദിവസവും ഏത് വീട്ടിലേക്കാണ് എന്നതിന്റെ വ്യക്തമായ പട്ടിക അവരുടെ പക്കൽ തന്നെയാണ് . ഞാൻ വളരുന്നതോട് കൂടി എനിക്കുള്ള ജോലികൾക്കും വർദ്ധനവുണ്ടായി.വാത്സല്യത്തോടെ ഒന്ന് പെരുമാറാനോ സ്നേഹിക്കാനോ ഒരു വീട്ടിലും ആർക്കും അറിയില്ലായിരുന്നു. അടുത്തുള്ള സ്കൂളിൽ പോകാനുള്ള കാരുണ്യമായിരുന്നു എനിക്കുള്ള പ്രതിഫലം. വ്യത്യസ്ഥമായ ജോലികളാൽ ഞാൻ എപ്പോഴും തിരക്കിലാണ്. ചെയ്യാൻ പറ്റില്ല എന്നോ, വയ്യ എന്നോ മറുത്തൊരു മറുപടി വ്യക്തമായി പറയാൻ എനിക്ക് ആവില്ലല്ലോ, ഞാൻ സംസാരിക്കുമെങ്കിലും അത് എന്താണെന്ന് മനസ്സിലാക്കാനോ ശ്രദ്ധിക്കാനോ ആരും ശ്രമിക്കാറില്ല. കാരണം ശബ്ദത്തിലെ അവൃക്തതയാണ് എന്റെ ജീവിതത്തിലെ മറ്റൊരു തീരാശാപം.പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാവരും തീരുമാനത്തിൽ എത്തി "ഈ തൊണ്ടയിൽ കുരുങ്ങുന്ന വർത്തമാനവുമായി ബസ് കയറി പോയിട്ടൊന്നും ഇനി പഠിക്കേണ്ട, വീട്ടിലെ പണിയൊക്കെ എടുത്ത് ഇവിടെ കഴിയട്ടെ " അതോടെ എന്റെ പഠനവും പൂർത്തിയായി.

കുട്ടിമാമയുമായി അച്ചനുണ്ടായിരുന്ന ബന്ധം ഒന്നും എനിക്കറിയില്ലെങ്കിലും കുട്ടികൾ എല്ലാവരും രാജൻ കുട്ടി ചേട്ടനെ കുട്ടിമാമ എന്നാണ് വിളിക്കുന്നത്, ഞാനും അങ്ങിനെ വിളിക്കാൻ തുടങ്ങി, അടുക്കളയിൽ പലരും അതിന്ന് എതിരുപറഞ്ഞെങ്കിലും കുട്ടിമാമ മാത്രം ഒന്നും പറഞ്ഞില്ല.(എനിയ്ക്കും ആകെ ഒരു അടുപ്പംതോന്നിയതും കുട്ടിമാമയോട് മാത്രമാണ്)ജീവിതത്തിലാദ്യമായി കുട്ടിമാമ എന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞു " ഉമാദേവിയെ തയ്യൽ പഠിപ്പിക്കാൻ ഞാനാ സാവിത്രിയുടെ കടയിൽ ഏർപ്പാടാക്കീണ്ട്, വീടുകളിലെ പണിയൊക്കെ ഒതുക്കി വെച്ച് അത് പോയി പഠിച്ചൊ, ഒരു കൈ തൊഴിൽ ആകൂലോ", ഈ തീരുമാനത്തിൽ എത്താൻ അവർക്ക് രണ്ട് വർഷം വേണ്ടിവന്നു. എന്തായാലും ആദ്യമായാണ് ഒരാൾ എന്റെ പേര് വിളിച്ച് കാര്യം പറയുന്നത്, ഏത് വീടുകളിലും എന്റെ പേരിന് ഒരു പ്രസക്തിയും ഞാൻ കണ്ടിട്ടില്ല.

ആദ്യമൊന്നും താൽപര്യം തോന്നിയില്ലെങ്കിലും, ഒരു അടുക്കളയിൽ നിന്ന് വേറൊരു അടുക്കളയിലേക്ക് എന്നലോകത്തിൽ നിന്നുള്ള മാറ്റം ഞാൻ ഇഷ്ടപെടാൻ തുടങ്ങി. പുറത്തെ ശുദ്ധവായു എന്നിൽ പ്രത്യേക ഊർജം ഉണ്ടാക്കിയെടുത്തു, ഏത് വിഷയത്തോടുമുള്ള എന്റെ പ്രാവീണ്യം തയ്യൽ പഠിപ്പും എളുപ്പമാക്കി , ശരം വിട്ട പോലുള്ള യാത്രയിൽ ആരുടേയും കണ്ണിൽ പെടാതെയുള്ള എന്റെ നടത്തത്തിൽ സ്വപ്നചിറകുമായി പറക്കാൻ ദീപക് എന്ന ദീപു എത്തി, സാവിത്രി ചേച്ചീടെ ചാർച്ചക്കാരനാണ്, ഒരുപാട് വാക്കുകളാൽ നിശബ്ദമാവുന്ന എന്റെ ശബ്ദം കൊണ്ട് കുറെയേറെ എതിർത്തു നോക്കി. എന്റെ മനസിന് പുത്തൻ ഉണർവ് നൽകി കൊണ്ട് ദീപു ആ തീരുമാനത്തിൽ ഉറച്ച് നിന്നു. ആദ്യമായി വരണ്ട ആത്മാവിൽ പുതുമഴ വർഷിച്ച ദീപുവിനെ എന്തിനേക്കാളും ഞാൻ വിശ്വസിച്ചു

കണ്ണാടിയിൽ വിഷാദ രൂപത്തിൽ മാത്രം കണ്ടിട്ടുള്ള എന്റെ പ്രതിബിംബത്തെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തങ്കനിറമുള്ള ചർമത്തിന് തിളക്കം കൂടി, അധരങ്ങളുടെ വശ്യതയും കണ്ണുകളിൽ ഒളിഞ്ഞിരുന്ന തീഷ്ണതയും പുറത്തേയ്ക്ക് പ്രകടമായി, കറുത്ത് ചുരുണ്ട് ഇടതൂർന്ന മുടി എന്റെ മുഖത്തിന് കൂടുതൽ മോടിയാക്കി, പക്ഷെ തൊണ്ടയുടെ താളാത്മകമായ സ്വരത്തിന് മാത്രം ദൈവത്തിന്റെ പിശുക്ക് തുടർന്നു.എന്റെ പേരിനും, ശബ്ദത്തിനും അർത്ഥമുണ്ടാകാൻ തുടങ്ങി, സ്വപ്നനത്തിന് മഞ്ഞപൂക്കളും ചുവന്നപൂക്കളും ചേർത്ത ഉടുപ്പുകൾ ഞാൻ തയ്‌ച്ചുണ്ടാക്കി, ആകാശത്തിലേക്ക് രണ്ടും കൈ ഉയർത്തി പിടിച്ച് ഈ ലോകത്തിന്റെ കിരീടാവശി ഞാനാണെന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നിച്ച നിമിഷങ്ങൾ, ജീവിച്ച് തീർത്തതിൽ ഏറ്റവും തിളക്കമായ ദിവസങ്ങൾ.

അടക്കത്തോടേയും, അനുസരണയോടുമുള്ള ജീവിതയാത്രയിൽ സാവിത്രി ചേച്ചി ഒഴിച്ച് അധികമാരും ഞങ്ങളുടെ പ്രണയം അറിഞ്ഞില്ല, ഈ ലോകത്ത് ഏറ്റവും നല്ല സുന്ദരനും സുന്ദരിയുമായി, ഒരേ താളത്തിലും ഒരേ രാഗത്തിലും ചുവട് വെച്ച് ഞങ്ങളുടെ യാത്ര തുടർന്നു.

പുതിയ ജോലി കിട്ടി ദീപു മദ്രാസിലേക്ക് പോകുമ്പോഴുള്ള വേർപാട് മനസ്സിനെ വല്ലാതെനൊമ്പരപ്പെടുത്തിയെങ്കിലും എന്നെ സ്വന്തമാക്കുന്ന ദിവസം അടുക്കാനായല്ലോ എന്ന പ്രതീക്ഷയിൽ ക്ഷമയോടെ കാത്തിരുന്നു. നേരിട്ട് ഫോൺ ചെയ്യാനോ, കത്തുകൾ അയക്കാനോ സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ടാണ് ദീപു ചെയ്യാത്തത് എന്ന് ഞാൻ വിശ്വസിച്ചു. വീട്ടുജോലിയുടെ കൂടെ കുടുംബകാർക്കുള്ള വസ്ത്രങ്ങളുടെ തയ്യലും ഒരു ബാധ്യത ആയി എന്റെ ദിവസങ്ങൾ മുന്നോട്ട് പോയി.

ഒരു ദിവസം ദീപുവിന്റെ കൂട്ടുകാരൻ മനോജ് എനിക്ക് ഒരെഴുത്ത് മായി വന്നു, ഒപ്പം മനോജിന്റെ മൊബൈൽ ഫോണിൽ ഒരു സന്ദേശവും കാണിച്ചു തന്നു, "മനോജ് തരുന്ന എഴുത്ത് സമാധാനമായി വായിക്കുക, അനുസരിക്കുക "
ഞാൻ സന്തോഷത്തോടെ ആരും കാണാതെ മുറിയുടെ ഒരു കോണിൽ ചെന്ന് ആർത്തിയോടെ കത്ത് തുറന്നു,

"ഉമാദേവിക്ക് ദീപക് എഴുതുന്നത് " എന്ന ആദ്യ തലക്കെട്ട് വായിച്ചപ്പോൾ തന്നെ എല്ലാ പ്രസരിപ്പും ചോർന്ന് പോയി, (എന്റെ ദേവത, എന്റെ ദേവീ, എന്റെ ദേവീകടാക്ഷം എന്നെല്ലാം വാതോരാതെ ആവർത്തിച്ച് വിളിച്ചിരുന്ന വാക്കുകൾ ചെവിയിൽ അലയടിച്ചു) ഞാൻ വായനതുടർന്നു."ഇവിടെ വന്നതിൽ പിന്നെ ശക്തമായ വയറ് വേദനയായിരുന്നു, അതിന്ന് ശേഷമുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിൽ എന്റെ ജീവന്റെ കാലയളവ് അവർ ഏകദേശം തിട്ടപ്പെടുത്തി. ഏറിയാൽ ആറ് മാസമാണത്രേ, അപ്പോൾ എന്നെതന്നെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്, ആയതിനാൽ നമ്മുടെ ഒന്നിച്ചുള്ള സ്വപ്നം അസാധ്യമാണ്. അത് സംഭവിച്ചാൽ കൂടുതൽ നമ്മൾ സങ്കടപ്പെടും, അത് കൊണ്ട് നീ ബുദ്ധിയോടെ കാര്യങ്ങൾ മനസിലാക്കുക, അവിവേകമൊന്നും കാണിക്കാതിരിക്കുക,
മാപ്പ് "

ഞാൻ നിൽക്കുന്നിടം കീഴ്മേൽ മറിയുന്ന പോലെ തോന്നി, ചുമരിന്റെ മൂലയിൽ മുറുക്കെ പിടിച്ച് ഒരു പാട് നേരം ഇരുന്നു. ഇനി വിളിക്കാത്ത ദൈവങ്ങൾ ഇല്ല, ഒരു മണിക്കൂറായാലും ഒരു ദിവസമായാലും ഒന്നിച്ചുള്ള ജീവിതത്തിനും മരണത്തിനും ഞാൻ കൂട്ട് വരാമെന്ന് അവ്യക്തമായ ശബ്ദത്തിൽ കരഞ്ഞു പ്രാർത്ഥിച്ചു. തിരിച്ച് ദീപുവിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു വഴിയുമില്ലായിരുന്നു. എന്റെ മനസിന്റെ തുടിപ്പ് എങ്ങിനെയും അറിയിക്കാൻ കഴിഞ്ഞില്ല.

വീണ്ടും എന്റെ സംഗീതം ശോകമായി, എന്റെ സ്വരം അപസ്വരമായി. എങ്കിലും എല്ലാം സുഖമായിവരും എന്ന പ്രതീക്ഷയോടെ കുറെ കൂടി കാത്തിരുന്നു, എല്ലാം മാറിയാൽ ഒരു ദിവസം എന്നെ ഇറക്കി കൊണ്ട് പോകും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു.

ദീപുവിന് കൂടപ്പിറപ്പായി ഒരു സഹോദരി ഉണ്ടെന്ന് സാവിത്രി ചേച്ചി പറഞ്ഞു, അവരേയും എന്റെ അന്വേഷണത്തിൽ കാണാൻ സാധിച്ചില്ല, കാലം അതിന്റെ നേർരേഘയിൽ ദീർഘദൂരം സഞ്ചരിച്ചു. അവസാനം എന്റെ കാത്തിരിപ്പിന്റെ ശക്തിക്കുറഞ്ഞ് വന്നു. ദീപുവിന്റെ പ്രാണൻ പോയിക്കാണുമെന്ന തീരാദു:ഖത്തിൽ ഞാൻ ഉരുകി ഇല്ലാതായി, കുട്ടിമാമയുടെ വിയോഗവും എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

എനിക്ക് പ്രായമേറി വന്നപ്പോൾ അന്ധന്റേയും, വികലാംഗന്റെയുമൊക്കെ വിവാഹാലോചനകളുമായി, കാർന്നവന്മാർ മുന്നോട്ട് വന്നിരുന്നു.എന്റെ നിസംഗത ആരും പിന്നെ നിർബന്ധിച്ചില്ല. ആദ്യമായുള്ള നിഷേധം, തുടർന്നുള്ള അവിടുത്തെ നിലനിൽപ്പിനെ ബാധിച്ചു, എന്റെ മനസിന്റെ വിഷമം ശരീരത്തിനെയും ക്ഷീണിപ്പിച്ചു, പഴയ പോലെ ജോലിയെടുത്ത് ആരേയും തൃപ്തിപെടുത്താൻ കഴിയുന്നില്ല, അതോടെ എല്ലാവർക്കും ഞാനൊരു ബാധ്യതയായി.

ശേഷിച്ച ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ട് പോകും എന്ന ചോദ്യം വല്ലാതെ അലട്ടി, ആത്മഹത്യയ്ക്കുള്ള ആത്മബലം എന്നിൽ കണ്ടില്ല, ഒടുവിൽ ശാന്തി തേടിയുള്ള ഒരു യാത്ര ഞാൻ തീരുമാനിച്ചു, ദൂരെ എവിടെയെങ്കിലും ഒരു അമ്പലനട ലക്ഷ്യം വെച്ച് ഞാൻ ഇറങ്ങി, ഒരു തിരിച്ച് വരവില്ലാത്ത ഇറക്കം. അവസാന പടിയിറങ്ങുമ്പോൾ ആരും അരുത് എന്ന് വിലക്കിയില്ല,

എന്റെ രൂപത്തെ സൂക്ഷമമായി ഞാൻ തന്നെ വിലയിരുത്തി , എന്റെ ചർമ്മത്തിന് പണ്ടത്തെ പോലെ സ്വർണ്ണത്തിളമില്ല, കണ്ണിന് ആദ്യത്തെ വശ്യതയില്ല, ചുണ്ടുകളിൽ പുഞ്ചിരിയില്ല, ചീകിയൊതുക്കാത്ത വെളളി നൂലുകളാൽ മിശ്രിതമായ എന്റെ മുടിയിഴകൾ മുഖത്തിന് യോജിയ്ക്കുന്നില്ല.
യാത്ര തുടർന്നു, വാടിത്തളർന്ന്, മുഷിഞ്ഞ നിറം മാറിയ വസ്ത്രം ധരിച്ച ഞാൻ ദൂരെയേതോ അമ്പലനടയിലെ യാചകരിൽ ഒരാളായി, അവർ ഒരു ഭിക്ഷാപാത്രവും വിരിപ്പും എനിക്ക് സമ്മാനിച്ചു, എനിക്ക് കിട്ടുന്ന നാണയ തുട്ടുകളുടെ വിഹിതം എന്റെ സുരക്ഷയ്ക്ക് വേണ്ടി അവർക്കും വീതിച്ചു കൊടുത്തു, പ്രാണൻ പോകുന്നത് വരെ മാനം കെടാതെ ജീവിക്കണം.
കുട്ടിക്കാലത്ത് കുട്ടിമാമയുടെ വീട്ടിലെ പണിക്കാരിയും (ചീരു) ഞാനും പാത്രം കഴുകുമ്പോൾ പറയും "മോൾടെ ജന്മം എന്ത് ജന്മാ, വല്ലാത്തൊരു ജാതകം തന്നെ " ഇന്നീ നിമിഷം വരെ ഞാനതിന്റെ പൊരുൾ ഉൾകൊണ്ടിരുന്നില്ല.

എന്റെ കൺമുന്നിൽ ഇപ്പോഴും കാലം അധികം മാറ്റം വരുത്താതെ അയാളെ കാണുന്നത് വരെ, ആ മനുഷ്യന്റെ നിഴൽ കണ്ടാൽ പോലും ഞാൻ തിരിച്ചറിയും, അത്രയ്ക്കും തിളക്കത്തോടെ കൊത്തിവെച്ചതാണ് എന്റെ മനസിൽ.കണ്ണിന്റെ കൃഷ്ണമണി പോലെ നോക്കാമെന്ന് ഉറപ്പ് തന്നതും, എന്റെ ദേവിക്ക് ഇനി ഒരു കുറവുകളും ഉണ്ടാവില്ല എന്ന് ഒരായിരം തവണ പറഞ്ഞതും എന്നെക്കാൾ വിശ്വസിച്ചു. അയാളുടെ കണ്ണുകളിലെ നീചത്വം ഒരിക്കലും ഞാൻ മനസിലാക്കിയില്ല, എന്തിനായിരുന്നു ഈ ചതി, ഇത് കൗമാര പ്രായത്തിൽ പെൺകുട്ടിക്ക് പറ്റിയ അമളിയല്ല, ആര് കേട്ടാലും നെറ്റി ചുളിക്കുന്ന പ്രണയ നൈരാശ്യവുമല്ല.

മറിച്ച് ആശയ്ക്കോ സ്വപ്നങ്ങൾക്കോ സ്ഥാനമില്ലാതിരുന്ന ജീവിതത്തിൽ, എന്റെ കുറവുകൾ നിസാരവൽക്കരിച്ച് എന്നെ വിശ്വസിപ്പിച്ച് വഞ്ചിച്ചത് എന്തിനായിരുന്നു?ഈ വാഗ്ദാനം കൊണ്ട് അയാൾക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇനിയുംകിട്ടിയില്ല.

കാലം തെററി പെയ്തമഴയുടെ തുള്ളികൾ ,നിർത്താതെ ദേഹത്ത് വീണ കുളിർമയിൽ എന്റെ ബോധം വീണ്ടെടുത്തു. അതെ ശേഷിച്ച അരണ്ട വെളിച്ചവും അണഞ്ഞിരിക്കുന്നു, ഇനിയെന്ത്??? എന്ന ചോദ്യചിഹ്നത്തിൽ കാലംപരിഹാസചിരിയുമായി ഇനിയും ബാക്കി നിൽക്കുന്നു.
ഒടുവിൽ എന്റെ നഷ്ട സ്വർഗ്ഗത്തിൽ കരിഞ്ഞുണങ്ങിയ സ്വപ്ന കൂമ്പാരങ്ങളുടെ ചിതയ്ക്ക്, ഞാൻ തീ കൊളുത്തുകയാണ്, അതിലെ പുകയാണ് ഇനിയെന്റെ ശ്വാസം.

എന്റെ ഭിക്ഷാ പാത്രത്തിൽ വീഴുന്ന നാണയ തുട്ടുകളുടെ ശബ്ദം എനിക്ക് കേൾക്കേണ്ട, ആരുടെ ദാനമാണിതെന്ന് അറിയേണ്ട, എന്റെ മുഖം ഇനി ഉയർത്തില്ല. ഒരു നിറവും എനിക്ക് കാണേണ്ടiii
- റഹി -
സഹോദരി റാഹി എഴുതിയ 'ചിത' വായനക്കാര്‍‌ക്ക്‌ സമര്‍‌പ്പിക്കുന്നു.Share:

1 comments:

Azeez Manjiyil said...

റാഹി..അസ്സലായി കഥ പറഞ്ഞിരിക്കുന്നു.ഏതു വായനക്കാരനും ഒറ്റ ശ്വാസത്തില്‍ വായിച്ചു പോകുന്ന രചന.യഥേഷടം ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുടെ ചിലമ്പൊലികളില്‍ സ്വാഭാവികമായുണ്ടായേക്കാവുന്ന ശബ്‌ദ വ്യതിയാനം ഏറെക്കുറെ സൂക്ഷ്‌മമായിരിക്കുന്നു.അഥവാ ഒരു പെണ്‍‌കുട്ടിയുടെ ജീവിതം പതിയിലും പാതയിലും സമതലങ്ങളിലും ദുര്‍‌ഘടകങ്ങളിലും ഒക്കെ പതിച്ചൊഴുകുന്നതിന്റെ പ്രതികരണങ്ങള്‍ തൂലികത്തുമ്പിലൂടെ കിലുങ്ങുന്നത് കേള്‍‌ക്കാനാകുന്നുണ്ട്‌. അഭിനന്ദങ്ങള്‍..

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com