കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Saturday, May 7, 2016

കബന്ധങ്ങൾ

പുതിയ കഥ എഴുതണം ?? ഒരു കഥാബീജം തേടി ഒരുപാടു് അലഞ്ഞു!! പുതുതായി ഒന്നും വരുന്നില്ല.
ചുരണ്ടി പെയ്ൻറ്ചെയ്തു പഴയതു ഏതെങ്കിലും മിനുക്കിയെടുക്കാം എന്നു കാഥാകൃത്ത് കരുതി.... ....
തീവ്രമായ ആലോചനക്കൊടുവിൽ ഒരു കഥാതന്തു വീണുകിട്ടി ....കടിച്ചു വലിച്ചു എന്തെങ്കിലും എഴുതി നിറക്കാനാണെങ്കിൽ മൂശയിൽ കിടന്ന് പാകം വരുന്നില്ല.. തിളച്ചു മറിയുന്നുണ്ട്... പക്ഷെ ഒരു ശക്തിയില്ലായ്മ .... എല്ലാ ചേരുവകളും ആയിട്ടുണ്ട്. എന്നാലും, നുരഞ്ഞ് പൊന്തുന്നില്ല...
എവിടെയൊക്കെയോ ചേരുംപടി ചേരായ്ക... കഥാപാത്രങ്ങളും, കാലവും, രംഗങ്ങളും തയ്യാറായി. സംഭാഷണങ്ങളിലാണ്‌വിലങ്ങി നിൽക്കുന്നത്...എന്നാൽ സാഹസത്തിൽ നിന്നും പിന്മാറാൻ കഥാകാരൻ തയ്യാറുമല്ല..!!
 
അതെങ്ങിനെയാ.. അടിയന്തിരാവസ്ഥ നാട്ടിൽ പ്രഖ്യാപിച്ച കാലത്ത് പതിനാല് വയസ്സുമാത്രം പ്രായമുള്ള കഥാകൃത്ത്, എൻ.എൻ പിള്ളയേയോ, കെ.പി.എ.സി തോപ്പിൽ ഭാസി, കെ.ടി മുഹമ്മദ് എന്നീ നാടകാചര്യന്മാരെയൊന്നും  അറിയാൻ മനസ്സു പാകമാകാതിരുന്ന കാലത്ത്, കേച്ചേരി വലിയ സ്കൂളിൽ കണ്ട നാടക ദൃശ്യങ്ങൾ പുനരാവിഷ്ക്കരിച്ചു കഥ പറയണമെന്ന് ശഠിച്ചാൽ എന്തു ചെയ്യും...

സംഭാഷണം പറഞ്ഞത് ഹംസക്കയാണോ?...അതോ സലാംക്കയാണോ?...രണ്ടു പേർക്കും ചേർന്ന സംഭാഷണങ്ങൾ ആണ്. എന്തായാലും രവിയേട്ടൻ  (കഥാകൃത്തിനെ വായനയുടെയും സാഹിത്യത്തിന്റെയും " അശ്കിതകൾ" കുത്തിവെച്ച മഹാപാപികളിൽ ഒരുവൻ) ആയിരുന്നില്ല...വാസൻ പുത്തൂരിന്റെ രചന. അത്  തീർച്ച. നാടക സംവിധാനം ശേഖരേട്ടൻ (ശേഖർ അത്താനിക്കൽ, സുധ കോളേജ് കുന്നംകുളം. പിന്നീടു് ബോധി വേലൂർ.)നാടകാവതരണം സഹൃദയ കലാസാംസ്കാരിക വേദി കേച്ചേരി...

നാടകം: കബന്ധങ്ങൾ (തലകൾ ഇല്ലാത്തവർ)

അന്നു മനസ്സിൽ പതിഞ്ഞ നാടക സംഭാഷണങ്ങൾ, നസീറും സത്യനും ഒക്കെയായി അഭിനയിച്ചു കളിക്കുന്ന കൂട്ടത്തിൽ കഥാകാരനും ഇഷ്ടതോഴന്മാരിൽ ഒരാളായിരുന്ന ജബ്ബാറുമായി (കഥാകൃത്തിന്റെ വെല്ല്യാത്ത എന്ന വിളിപ്പേരിലുള്ള സഹോദരിയുടെ മകൻ)  തകർത്തു കളിക്കുമായിരുന്നു.

ഇനിയാണ് പണി... കഥയെങ്ങിനെയെങ്കിലും ചുരുക്കണ്ടെ? മൂശയാണെങ്കിൽ തിളച്ചുമറിയുന്നുമില്ല...നിനച്ചിരിക്കാതെ സ്റ്റേജിലെ ലൈറ്റുകൾ അണഞ്ഞു...
സലാംക്കാടെ ഘനഗംഭീര ശബ്ദം എല്ലാവരെയും നിശബ്ദരാക്കി.

"ഇനിയുള്ള രംഗത്തോടെ നാടകം അവസാനിക്കുന്നു". (ദയവായി എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക - ഈ ശബ്ദം രവിയേട്ടൻ തീർച്ച).

ഹംസക്കാക്ക് പതുങ്ങിയ സ്വരത്തിൽ സംഭാഷണം പറഞ്ഞു കൊടുക്കുന്ന ശേഖരേട്ടൻ സ്റ്റേജിന്റെ വലത്ത്.. മറയത്ത്... സംവിധായകന്റെ പിരിമുറുക്കം ശരിക്കും മുഖഭാവത്തിൽ കാണാം

കബന്ധവാഹകൻ ( ഹംസക്ക ഏറ്റുപറയുന്നു)

"അങ്ങിനെ കബന്ധങ്ങർ കലഹിക്കാനും , ഇണചേരാനും പെറ്റുപെരുകാനും തുടങ്ങി.."

അവസാന ബെല്ലു വരെ...നടനും സംവിധായകനും പിന്നെ സദസും  ഒരുവേള ഒന്നായി. സ്റ്റേജ് മുഴുവൻ നിറഞ്ഞു നിന്നു നാട്ടുകാർക്കു മുമ്പിൽ ഹംസക്കയും സലാംക്കയും  താരങ്ങളായി ..  സംഭാഷണങ്ങൾ വളരെ സ്പഷ്ടവും സ്ഫുടവുമായി ഇരുവരും ഉരുവിട്ടു.....

പതിവു രീതിയിൽ നിന്നും വിത്യസ്തമായി കഥപറഞ്ഞ ശേഖരേട്ടൻ, തന്നെ സഹായിച്ച നാടകപ്രവത്തകരോടും നാട്ടിലെ ആസ്വാദന നിലവാരത്തെയും മനസ്സിൽ നമിച്ചു...

നാടകം കഴിഞ്ഞിട്ടും ഒരുപാടുപേർ സ്കൂൾ മുറ്റത്തെ പൂമരത്തിനു താഴെ ചെറിയ ചാറ്റൽ മഴയെ വകവെയ്ക്കാതെ വട്ടം തിരിഞ്ഞു....

 "ഈ നശിച്ച ഭൂമിയിൽ ദുരന്തങ്ങൾ ഉണ്ടായത് അങ്ങിനെയാണത്രെ " !!  

വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ കഥാകൃത്തിനും സഹോദരനും പിതാവ് കഥാസാരം വിവരിച്ചു. വീട്ടു വരാന്തയിൽ കാത്തുനിന്ന മാതാവ് "നിങ്ങളീ ചെക്കന്മാരെ നാടകവും, കൂത്തും കാട്ടി നടത്തിച്ചോ...ഷംസുവിന് ഫൈനൽ പരീക്ഷയാ... സെക്കൻറ് ഗ്രൂപ്പ് എടുത്ത ഒരാളും ഇങ്ങനെ ഉഴപ്പില്ല... "

അടുക്കളയിലെ മങ്ങിയ വെളിച്ചത്തിൽ  ഭക്ഷണം കഴിക്കുമ്പോഴും, ഉമ്മ ഞങ്ങളുടെ നാടക വിവരണത്തിൽ അലിഞ്ഞ് നഷ്ടബോധത്തോടെ പറഞ്ഞു "ഹംസയോ രവിയോ സലാമോ ഒന്നും നാടകം കളിക്ക് പിരിവു ചോദിച്ചു വന്നപ്പോൾ ഇത്ര കേമമാവുമെന്ന് പറഞ്ഞില്ലല്ലോ..??

പിൻകുറി: 
ഹംസക്ക, സലാംക്ക, രവിയേട്ടൻ, വാസേട്ടൻ ശേഖരേട്ടൻ, കഥാകൃത്ത്, ജബ്ബാർ, വല്ല്യത്ത എന്നിവരും കെ.പി.എ.സി യും യു.പി സ്കൂളും നാടകങ്ങളും ഇപ്പോഴും നിലനിൽക്കുന്നു.

പക്ഷെ അടിയന്തിരാവസ്ഥ ജനിതക മാറ്റത്തോടെ ഇപ്പോഴും തുടരുന്നുണ്ടോ?  ചുരണ്ടി, പെയിന്റടിച്ച് ?

ഉപ്പയും ഉമ്മയും ഒരിക്കലും ഉറങ്ങാതെ ഞങ്ങൾക്കു കാവലായി " എന്റെ മക്കളെ കാക്കണെ പടച്ചവനെ ! " എന്ന പ്രാർത്ഥനയിൽ മുഴുകി സ്വർഗ്ഗത്തിൽ ......

ജയ്ഹിന്ദ്
Share:

2 comments:

Unknown said...

യൗവ്വനകൗതുകങ്ങൾ ഓർമചെപ്പിൽ നിന്ന് ഒഴുകിയിറങ്ങിയത് അത്യന്തം സുഗന്ധപൂരിതമായി..

Santhal Bodhi said...

ഈ കുറിപ്പിനോട് ഒപ്പം വേറെയും ചില അനുഭവ കുറിപ്പുകൾ വായിച്ചു ... ഇഷ്ട്ടായിട്ടോ ...

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com