കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

പ്രകൃതി നിയമം

ഒരുനാൾ,
സ്തുതി ഗീതമാലപിക്കുന്നവരുടെ
ചങ്ക് പിളർന്ന്,
ആത്മവിലാപം ജപമാലയാക്കി,
സൂര്യൻ കിഴക്കുണരും...

ഒരുനാൾ,
ദീനരോധനങ്ങൾ തുറുങ്ക്ഭേദിച്ച്
സിംഹഗർജ്ജനങ്ങളായ്,
ചക്രവാളങ്ങൾ കീഴടക്കും.....

ഒരു നാള്‍
തിന്മയുടെ ദുര്‍‌ഗന്ധമകറ്റി
നന്മയുടെ സുഗന്ധം വീശിയടിക്കും
നീതി നിഷേധിക്കപ്പെട്ടവര്‍
പുതിയ പൂക്കാലത്തിന്റെ മാസ്‌മരികതയില്‍
ആനന്ദ നൃത്തം ചവിട്ടും.

പക്ഷെ.
എന്റെ മഹാമൗനം....
ദുശ്ശക്തികളുടെ
കോട്ട കൊത്തളങ്ങള്‍ക്ക്‌
ഉരുക്ക് സ്‌തൂപമായി
ഉയരുമ്പോള്‍ ....
അജ്ഞതയുടെ അന്ധകാരത്തില്‍
ഒരു നിര്‍ദോഷിയുടെ ഒറ്റിക്കൊടുപ്പ്‌
പൂര്‍‌ണ്ണത പ്രാപിക്കുമ്പോള്‍ ...
 
വര്‍‌ഷ മേഘങ്ങള്‍ പറന്നകലും
ഉഷ്‌ണക്കാറ്റിന്‌ ഭ്രാന്ത്‌ പിടിക്കും...
ഒടുവില്‍
ഹതഭാഗ്യരുടെ നെടുനിശ്വാസം കൊണ്ട്‌
മാനം കറുത്ത്‌ തേന്‍ വര്‍‌ഷം പെയ്‌തിറങ്ങും.
മണ്ണുണരും
മനുഷ്യനുണരും
സസ്യലാതാദികള്‍
തളിരിടും
പൂവിടും
വസന്തം വീണ്ടും വര്‍‌ണ്ണഭേദങ്ങളോടെ
പൂത്തുലയും.
അതൊരു പ്രകൃതി നിയമമാണ്.

കമർ ബേക്കർ
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com