കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

മൃഗയാ - വിനോദങ്ങൾ

ആളുന്ന പകലിന്റെ അഗ്നിയിൽ
വെന്തുരുകി,
ഇഷ്‌ടദേവന്റെ പ്രീതിയും മോക്ഷവും കാംക്ഷിച്ച്
ഭക്തര്‍ ദേവ സന്നിധിയിൽ.

എല്ലാം ഭദ്രം.
അവിടുത്തെ അരുളും പൊരുളും ചൊരിഞ്ഞ്
അനുഗ്രഹിക്കണമേ....
മിഴിപൂട്ടി മനം തുറന്ന്‌
പ്രാർത്ഥനാനിരതരായി...

കാട്ടിൽ മോദിച്ച്‌ മദിച്ച് നടന്ന കരിയെ,
ചതിച്ച് കയത്തിൽ തള്ളിയിട്ട്,
ചട്ടം പഠിപ്പിച്ച്,
മെരുക്കിയ മനുഷ്യന്റെ
മൃഗയാ - വിനോദങ്ങൾ...

കൊമ്പന്റെ കാലിലും, ഉടലിലും
കാരിരുമ്പിന്റെ ചങ്ങലകള്‍..
പട്ടവും പടവും, കോലങ്ങളും ചാർത്തി എഴുന്നെള്ളിച്ചു..
ഉത്സവ പ്രഭുക്കള്‍..

കരിയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ
കണ്ണീർച്ചാൽ പകല്‍ പൂരത്തില്‍ ആവിയായി...
എല്ലാം പതിവുപോലെ..
ആരവങ്ങളിൽ....
പൂരം പൊടി പൂരം.

പെട്ടെന്നൊരു പ്രകമ്പനം
അമിട്ടുകളും, കതിനകളും
ഒരു തരി തിരിയില്‍ വെന്തെരിഞ്ഞ്
അഭിഷേക കര്‍‌മ്മത്തിലേയ്‌ക്കും, കർമിയിലേക്കും
പിന്നെ അലക്ഷ്യമായി എല്ലാവരിലേക്കും ചീറിയടുത്തു...
പൂരപ്പറമ്പിലും പാടത്തും,
കരിമരുന്നിന്റെയും,
വെന്തെരിഞ്ഞ മനുഷ്യ മാംസത്തിന്റെയും
ദുര്‍‌ഗന്ധം...

ചുറ്റും പൊട്ടിത്തെറി..
ജീവനുകൾ കരിഞ്ഞു കത്തുന്നു.
കബന്ധങ്ങളും,തലയോട്ടികളും.
ഉടല്‍ വേറിട്ട ശിരസ്സും
കീറക്കുടപോലെതോന്നും
കുടൽമാലകളും.
പൂരം......
കൂട്ട നിലവിളികളിൽ...
പൊടി പൂരം..


കരിയും കരിമരുന്നും സമ്മാനിച്ച ദേവ പ്രീതിയുടെ വൈകൃതം.
മുറിവുണങ്ങാത്ത നൊമ്പരക്കാഴ്‌ചകള്‍ക്ക്‌
കണ്‍ പാര്‍‌ക്കാനാകാത്ത
അഹങ്കാരിയുടെ
നെറികേടിനുമുമ്പില്‍
പ്രസാദം ചുരത്താത്ത
പ്രതിഷ്‌ഠകള്‍..

അണപൊട്ടിയ
കണ്ണുനീര്‍
ചാലിട്ടൊഴുകിയ
രക്തം
ഭേദമില്ലൊന്നിനും...
നിറത്തിലും മണത്തിലും മദത്തിലും

വ്യസനങ്ങൾ വാചാലമായി.
ആസ്ഥാനങ്ങള്‍ നടുങ്ങി!!
ലോകം ഒന്നായി ചോദിച്ചു!
ജനാധിപത്യ കവചമുള്ള
ഉപ ഭൂഖണ്ഡം,
മധ്യേഷ്യന്‍ രണാങ്കണങ്ങളിലെ 
കളിപ്പാട്ടങ്ങള്‍ പരീക്ഷിച്ചുവോ ?

പ്രഭുക്കളും പ്രജാ വത്സരരും 
കക്ഷിഭേദമന്യേ പ്രജകളുടെ ക്ഷേമം കണ്ണീരിൽമുക്കി
കയ്യടി നേടി...
അവന്റെ പിഴ... പിഴ..
അവന്റെ മാത്രം പിഴ...

ഭാഗ്യം.
ആരവങ്ങളിൽ മരണം പുൽകിയ
ഒരുവൻ എല്ലാം ഏറ്റെടുത്തത്രെ!!!

പരുത്തിയുടെ പരുപരുത്ത ചാക്കിൽ,
മുഖവും മേൽവിലാസവും നഷ്‌ടപ്പെട്ട്
ഉടലും കുടൽമാലകളും മാംസക്കഷ്‌ണങ്ങളുമായി...
ശീതീകരണികളിൽ കട്ട പിടിച്ചിരിക്കുന്നത് ആരൊക്കെയാണ്....?
ആകാശംമുട്ടെ സ്വപ്‌നങ്ങള്‍ നെയ്‌ത 
ആത്മമിത്രങ്ങൾ ആകാതിരുന്നെങ്കില്‍
ഓരോരുത്തരും ആത്മഗതം പൂണ്ടു.

തിരിച്ചറിയല്‍ ടെസ്റ്റ് മാത്രം ബാക്കി ...

അവസാന പരീക്ഷയുടെ ഫലവുമായി 
വരുന്ന ശിപായിയുടെ കയ്യിൽ 
എന്നെയും ചേർക്കണമേ ... 
പൊന്നുതമ്പുരാനേ...
ശീതീകരിച്ച ചാക്കുകെട്ടിൽ നിന്നും
ബന്ധുമിത്രാദികളുടെ...
അലമുറ മോർച്ചറിയിൽ മുഴങ്ങി.

ആത്മമോക്ഷത്തിന്ന് ഇനിയൊരു
ശേഷക്രിയ...
അന്ത്യകൂദാശ....
ഖബറടക്കം...
ചാക്കുകൾ മോക്ഷത്തിന്നായ് തേങ്ങി!!

ജനസേവ നടത്തുന്നവരും
ജനനായകരും സേവകരും ആനയും അമ്പാരിയും വെടിക്കെട്ടും
അടുത്ത ഉൽസവപ്പറമ്പ് ലക്ഷ്യമാക്കി നടന്നു.

മാറ്റമില്ലാതെ വീണ്ടും ദുഃഖവെള്ളിയാഴ്ചകൾ ഉൽപാദിപ്പിക്കാൻ...
പടക്കോപ്പും കച്ചയും കെട്ടി അവരെ യാത്രയാക്കി....

നിയമപാലനം,നിയമ ലംഘനങ്ങൾക്ക് ചൂട്ടു പിടിക്കുന്നുവോ?..

തല വെന്തെരിഞ്ഞ മരങ്ങളും
കൂടുകൾ കരിഞ്ഞ കിളികളും
മോന്തായവും ചുവരും തകർന്ന വീടുകളും
പടിപ്പുരയും പടക്കപ്പുരയും  അനാഥരായ ബാല്യങ്ങളും
വിധവകളും അങ്ങിനെ എത്രയെത്ര ഓർമ്മചിത്രങ്ങൾ,
ബാക്കി പത്രങ്ങൾ!

കാതങ്ങൾ അകലെ തെറിച്ചെത്തിയ 
ഒരു കണ്ണും, കരളും ചോദിച്ചു
നിങ്ങൾക്ക് എന്തു പറ്റി....??

ഞാൻ മൂകനായിരുന്നു.
ഉത്തരമില്ലാത്തവൻ..

**********************


പിൻകുറി:

മേടച്ചൂടിന്ന് ചെറിയ ശമനമായി മേഘക്കീറുകൾ മഴയായിപെയ്തിറങ്ങി
ഭുമിയിടെ വീണ്ടുണങ്ങിയ ചുണ്ടുകൾ ആ അമൃതവർഷം ഉദരത്തിൽ ശേഖരിച്ചു...

വേനൽമഴ തിമിർത്തു പെയ്‌തു...
കിണറും, കുളങ്ങളും, പുഴകളും ആനന്ദത്തോടെ ദാഹജലം ഏറ്റുവാങ്ങി...

മഴ നിന്നു...
മാനം ചുവന്നു...

വൃക്ഷശിഖരങ്ങളിൽ തങ്ങി നിന്നിരുന്ന ജലകണങ്ങൾ  മഴയുടെ മാറ്റൊലിയായി വീണ്ടും പെയ്‌തിറങ്ങി കൊണ്ടിരുന്നു....

ശക്തമായ മഴയും, ഇടിയും, മിന്നലും വരാനിരുന്ന മഹാവിപത്തിന്റെ
കാഹളമായിരിന്നോ ??

പ്രഭാതം ഞെട്ടിയുണർന്നു.ഇന്നു പുലർച്ചയ്‌ക്ക്‌ പെയ്‌ത പെരുമഴയിൽ
മരണസംഖ്യ 84.അവിടെനിന്നും 94 ലേക്ക്...

പിന്നെയും തുള്ളികൾ ഇറ്റിറ്റ് വീണു കൊണ്ടേയിരുന്നു.ഇലകൾ, അറ്റ് വീണു കൊണ്ടേയിരുന്നു.112 ആയും മാറ്റൊലി തുടർന്നു കൊണ്ടേയിരിക്കുന്നു...
പാതിയിലധികം വെന്തവർ 460ൽ പരം.ആശുപത്രിയിൽ അഭയം നേടിയവർ 1460ൽ പരം പേർ.ഇത് ഒന്നിലെ മാത്രം കണക്ക്.

കണ്ണും കാതും നഷ്ടപ്പെട്ടവർ?മനസ്സിന്നും, ചിന്തകൾക്കും ക്ഷതമേറ്റവർ?
പ്രണയവും സംഗീതവും സാഹിത്യവും നഷ്ടമായവർ...?

കനേഷുമാരിയിലെ പട്ടികകൾ പുതിയ കള്ളികൾ കൊണ്ടും, വെട്ടിത്തിരുത്തലുകൾ കൊണ്ടും നിറഞ്ഞു കവിഞ്ഞു.ജീവൻ നഷ്ടപ്പെട്ട ഉടലിന്ന് സമ്മാനത്തുക എത്ര കിട്ടിയാലും എന്തുണ്ട് കാര്യം???

കലവറ ഇടിയാത്തവർ ദാനം ചെയ്യട്ടെ.അവരുടെ ചെറുപൂരങ്ങൾ കണ്ട് വാഴ്ത്തപ്പെടട്ടെ.കനിവിന്റെ പുതിയ അപ്പോസ്‌തലാൻന്മാരെ.

മുത്തശ്ശി പത്രം മുഖസ്‌തുതിയില്ലാതെ സത്യം പറഞ്ഞു... ഊറ്റം കൊണ്ടു...
എല്ലാം ആദ്യം പുറം ലോകം കാണിച്ചത് ഞങ്ങൾ... !ഞങ്ങൾ മാത്രം !!


മാറ്റൊലി മഴ! പെയ്‌തുകൊണ്ടേയിരുന്നു.ശേഖരിണികളിൽ പാഞ്ഞെത്തിയ വെള്ളത്തിൽ അലിഞ്ഞ വെടിമരുന്ന് .രക്തവും മാംസവും എല്ലാം മലീമസമാക്കിയിരുന്നു.കുടിവെള്ളവും പ്രകൃതിയും ഒരു നാടിന്റെ ജനജീവിതവും, പ്രണയവും സ്വപ്‌നങ്ങളും.... എല്ലാം.


കമർ അൽബേക്കർ 
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com