കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 12, 2016

ഒരു കോൽ ഐസിന്റെ കഥ

ഒരു കോൽ ഐസിന്റെ കഥ:റഹി
................................................
എന്റെ രണ്ട് ഓർമ്മക്കുറിപ്പുകൾ വായിച്ച് ഇക്ക (കമർ ) എന്നെഫോൺ ചെയ്‌ത്‌ പറഞ്ഞു "റഹീ നീ കുഴപ്പമില്ലാതെ എഴുതീട്ടുണ്ടല്ലോ ? ഇനി കഥകളും, കവിതകളും ഒന്ന് പരീക്ഷിച്ച് നോക്കൂ .. നിനക്കതിന് സാധിക്കും".എങ്കിൽ ഒരു ശ്രമം നടത്താമെന്ന് ഞാനും. കയ്യിൽ പേനയും,ഡയറിയും എടുത്തു. എന്നിട്ട് കുട്ടികളോട് (ഗാഥൂനോടും, സാവനോടും ) പറഞ്ഞു "മമ്മാനെ കുറച്ച് നേരത്തിന് വിളിക്കേണ്ട. ഞാൻ കഥ എഴുതാൻ പോവുകയാണ്. ശല്യം ചെയ്യരുത്".

ഞാൻ ഏകാഗ്രതയ്‌ക്ക്‌ വേണ്ടി മുറിയടച്ച് ഇരുന്നു. എം.ടി യുടെ അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയേയും, പാതിരാവും പകൽ വെളിച്ചവും അതിലെ ഗോപിയേയും മനസിൽ സങ്കൽപിച്ചു. ഇനി പണ്ട് കലാകൗമുദിയിൽ അംഗോ ഭാഗങ്ങൾ വർണ്ണിപ്പിക്കുന്ന ഒരു നായികയും (പതിപ്പിലെ ചിത്രങ്ങൾ കണ്ടാൽ നമ്മൾ സങ്കടപെടും. ഇത്രയും വിശേഷിപ്പിച്ച നായികയാണോ ഇത് ) പിന്നെ പണ്ട് വായിച്ച കുറെ മനസിലാകാത്ത വാക്കുകളും. ( ആന്തരിക ധാര ,ഇരുമ്പി പെയ്യുന്ന ഇരുണ്ട രാത്രി, നിഗൂഢമായ ആനന്ദം) അങ്ങിനെ കടിച്ചാൽ പൊട്ടാത്ത പദങ്ങളും നിരത്തി കഥ വരുന്നതും നോക്കി ഞാൻ കാത്തിരുന്നു. ഇല്ല.കഥ വരുന്നില്ല. അയ്യോ ഇത് എനിക്ക് പറ്റിയ പണിയല്ല, സത്യം പറഞ്ഞാൽ ഈ കഥകളുടേയും , കവിതകളുടേയും ഭാവന സൃഷ്‌ടാക്കളെയാണ് നാം ഏറ്റവും കൂടുതൽ നമിക്കേണ്ടത് എന്ന് എനിക്ക് മനസിലായി. എന്തായാലും ഈ ദുർഘടം പിടിച്ച പാതയിൽ നിന്ന് തൽക്കാലം വിരമിച്ചു. ഞാൻ എന്നെ തന്നെ വിലയിരുത്തി. എനിക്കതിനൊന്നും കഴിയില്ല. എന്നും തേച്ച് മിനുക്കി വെച്ച പച്ചയായ ഓർമകളെ എനിയ്‌ക്കുള്ളൂ. എങ്കിൽ അറിയാവുന്നത് ചെയ്‌താൽ പോരെ.

എന്റെ നാലാം ക്ലാസിലേക്ക് പോകാം. ഞാനും സുധയും (സുധാ രാധിക, കൃഷ്‌ണനുണ്ണി ഹോട്ടൽ, ശേഖരേട്ടന്റെയും, രാധ ടീച്ചറുടെയും മകൾ ) ബൈജിയും (യൂസഫലി കേച്ചേരിയുടെ മകൾ ) ജ്യോതി (ജനാർദ്ധൻ ഡോക്‌ടറുടെ മകൾ) ഷെബീനയും (ഷെമി മോമത്ക്കാടെ മകൾ )ഇവരായിരുന്നു എന്റെ കൊച്ചു ലോകം.

കേച്ചേരി എൽ.പി സ്‌കൂളിന്റെ മുൻവശത്ത് തന്നെ കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന പല വിധ കച്ചവടങ്ങളും നിരന്നിരിക്കാറുണ്ട്. ചുവന്ന മിഠായി, കപ്പലണ്ടി മായി, പരിപ്പ്, കടല പിന്നെ ഞങ്ങൾക്ക് ആനന്ദാധിക്യം തരുന്ന പലകളറുകളിലുള്ള കോൽ ഐസും. പക്ഷെ ഇതിൽ എന്ത് വാങ്ങി കഴിക്കാനും ഞങ്ങൾക്ക് പേടിയാണ്. എവിടെ തിരിഞ്ഞാലും ഞങ്ങളെ തിരിച്ചറിയുന്നവരാണ് കൂടുതലും. പൈസയും കമ്മിയാകും. സുധയ്‌ക്ക്‌ അന്ന് പൈസ കിട്ടും. ഹോട്ടലിൽ തിരക്കില്ലാത്ത നേരത്ത് പമ്മി പമ്മി നിന്ന് അച്ചനെ മണിയടിച്ച് ചില്ലറ കൈക്കലാക്കും. എനിക്ക് പൈസ കിട്ടുന്ന കഥ രസകരമാണ്. വല്യ ഇക്കയ്‌ക്ക്‌ ( ഷംസു) കോളേജിൽ പോകാൻ ബസിനുള്ള ചില്ലറകൾ ഉപ്പ ഉമ്മാടെ കയ്യിൽ കൊടുക്കും. ഉമ്മ അത് ഭദ്രമായി അലമാരയിൽ ഒരു സ്റ്റീൽ പാത്രത്തിൽ നിക്ഷേപിക്കും.എണ്ണി തിട്ട പെടുത്താറില്ല. കോളേജിൽ പോകുമ്പോൾ പൈസ എടുത്ത് കൊടുക്കുന്ന ജോലി എന്റേതാണ്. ഞാൻ കള്ളത്തരം കാണിക്കില്ല എന്ന ദൃഢവിശ്വാസം ഉമ്മയ്‌ക്കുണ്ട്. ചില്ലറ എടുക്കാൻ അലമാര തുറക്കുമ്പോഴേക്കും ഇക്കയും പിന്നാലെ വരും. ചില ദിവസങ്ങളിൽ ചട്ടമ്പിത്തരം കാണിച്ചും, ചിലപ്പോൾ സ്വരം താഴ്ത്തി ഉപചാര വാക്കുകൾ പറഞ്ഞും എന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കുന്ന ചില്ലറയിൽ വല്ലപ്പോഴും ഞാൻ കരഞ്ഞ് വാങ്ങുന്ന തുട്ടുകളാണ് എന്റെ സമ്പാദ്യം.

അങ്ങിനെ ഒരു ദിവസം ഞാനും സുധയും കൂടി (ബൈജിയും, ജ്യോതിയും,ഷെബിയും ഇല്ലായിരുന്നു ) ചില്ലറ എടുത്ത് ഉച്ചയ്‌ക്ക്‌ സ്‌കൂൾ പടിക്കലേക്ക് ഓടിപ്പോയി, ചുവന്ന മിഠായി കഴിച്ചാൽ ടീച്ചറും അറിയും വീട്ടിലും കാണും. എന്തും പ്രശ്നം തന്നെ. ഒടുവിൽ ശങ്കിച്ച് ശങ്കിച്ച് ഒരു തീരുമാനത്തിൽ എത്തി. കോൽ ഐസ് കഴിക്കാം അതാകുമ്പോൾ ഒരു പൊടിപോലുമില്ല കണ്ട് പിടിക്കാൻ. ഞങ്ങൾ മുന്നോട്ട് നീങ്ങി വലിയ ചതുര പെട്ടി സൈക്കിൾ സ്റ്റാൻഡിൽ വെച്ച ഐസ്‌കാരന്റെ അടുത്തെത്തി. ''രണ്ട് ഐസ് ഒന്ന് ചോപ്പ് ഒന്ന് മഞ്ഞ " സുധ ഓർഡർ ഇട്ടു. അയാളുടെ മുറുക്കിയ തുപ്പലം നിറച്ച വായയിൽ ചുവന്ന പല്ല് കാണിച്ച് ചിരിച്ചു കൊണ്ട് രണ്ട് വിരലുകൾ വെച്ച് നേരെ തുപ്പി ചുണ്ടിൽ ബാക്കി വന്ന പിശിട് ഉള്ളനടിക്ക് മാത്രം വെളുപ്പുള്ള വിരലുകൾ കൊണ്ട് സ്ഥിരമായി ധരിക്കാറുള്ള ഉടുതുണിയിൽ തുടച്ച് ശുദ്ധി വരുത്തി. എന്നിട്ട്‌ രണ്ട് പേർക്കും ഐസ് തന്നു. ഞങ്ങൾക്ക് വൃത്തിയൊന്നും പ്രശ്‌നമില്ല. സെക്കൻറ് ബെൽ അടിക്കുന്നതിന് മുമ്പ്‌ ഈശ്വരാ ഇത് കഴിച്ച് തീർക്കണം. ആ ഉദ്ധേശത്തിൽ വായിൽ വെച്ചതും ബെൽ മുഴങ്ങി.

അത് കേട്ടതും എന്ത് ചെയ്യണമെന്ന വേവലാതി ആയി. അതിനും സുധ ഒരു ഉപായംകണ്ടു. ഭയങ്കര ബുദ്ധിയാണവൾക്ക്. (ടീച്ചറുടെ മകളും പഠിപ്പിസ്റ്റും ) ഒരു കാര്യം ചെയ്യ് നീ ഇത് രണ്ടും ബേഗിൽ ഇടൂ. സ്‌കൂൾ വിടുമ്പോൾ നമുക്ക് കഴിക്കാം .എന്റെ ബാഗിൽ ഇട്ടാൽ അമ്മ കാണും. ഞാൻ ശരിവെച്ചു. കാരണം എനിക്ക് ബുദ്ധി ഇല്ലല്ലോ. നേരത്തെ പറഞ്ഞ പോലെ എന്റെ കൊച്ചു ലോകം ഇവരാണല്ലോ? എന്റെ തോൽ ബാഗിൽ ഐസും ഇട്ട് ഞങ്ങൾ സമാധാനമായി കൊതിയോടെ ബെല്ലടിക്കുന്നതും കാതോർത്തിരുന്നു. അതാ... ഫസ്റ്റ് ബെൽ പിന്നെ കൂട്ടമണിയും. സുധ കേട്ട പാടെ പുറത്തേക്ക് വന്ന് ബേഗ് തുറന്നു. എന്റെ ബുക്കുകൾ ചുവപ്പും മഞ്ഞയും വെള്ളത്തിൽ കുതിർന്ന് കിടക്കുന്നു. രണ്ട് കോലുകൾ മാത്രം മിച്ചം. ഞങ്ങൾക്ക് രണ്ട് പേർക്കും പരാതികൾ ഇല്ല സങ്കടം മാത്രം.

അന്നത്തെ ആ കോൽ ഐസിന് പകരം വെക്കാൻ ഇന്നത്തെ ഒരു സ്വീറ്റ്സിനും കഴിയില്ല. ഉപ്പയും ഉമ്മയും കാണാതെ ബുക്കുകൾ അമ്മേടത്തിയാണ് (ഞങ്ങൾ കുട്ടികളുടെ എല്ലാ കുസൃതികൾക്കും വളം വെച്ച് കൊടുക്കുന്ന സുന്ദരിയായ അമ്മ ) പിന്നെ ഉണക്കിതന്നത്. ഇപ്പോൾ ഞങ്ങൾ ഒരുപാട് നാളായി കണ്ടിട്ടില്ല. കണ്ടാൽ ഞങ്ങൾ ആദ്യം പറയുന്നത് ഈ കഥയാണ്. കാലം മാറി. പിന്നീട് ഒരുപാട് സുഹൃത്തുക്കൾ മിന്നി മറഞ്ഞു. എങ്കിലും അന്നത്തെ നിഷ്‌കളങ്കവും, ഊഷ്‌മളതയോട് കൂടിയതും, നൈർമല്യം നിറഞ്ഞതുമായ ചങ്ങാത്തം ഇന്നുണ്ടോ?
......
റഹിയുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്‌ എന്റെ ബ്‌ളോഗില്‍ സഹോദരിയുടെ രചനകള്‍ക്ക്‌ ഇടം കൊടുക്കുന്നത്.
കമര്‍ ബക്കര്‍.
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com