കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Monday, May 16, 2016

പ്രിയ തപാൽക്കാരാ....

പ്രിയ തപാൽക്കാരാ....
നന്ദി !!

ഞാൻ, ഇന്ന വീട്ടിൽ ഇന്ന ആളുടെ മകൻ
എനിക്ക് ഇത്ര മക്കൾ,
ഇവിടെ, ഇന്നയിടത്ത്
ഇത്ര കാലമായി പണിയെടുക്കുന്നു...
ഇതാണെന്റെ മേൽവിലാസം...

അവിടെ നാട്ടിലെ, ഇന്ന റോഡിലെ, ഇത്രാമത്തെ
വഴിയിൽ വലതുവശത്തെ ഇന്ന നിരയിലാണ് എന്റെ വാസം....

രണ്ടു മേൽവിലാസവും
രണ്ടു തിരിച്ചറിയലും
ജനിക്കുന്നു.

തപാൽക്കാരന് നന്ദി!!

തപാൽ കിട്ടി വളരെ സന്തോഷം!!
ഇന്നലെവരെ ഇവരൊക്കെ എവിടെയായിരുന്നു?
ഇവരെന്റെ ആരെല്ലാമായിരുന്നു??
ഇത്രയും നാൾ ഇവരെന്നെക്കുറിച്ച് ഓർത്തിരുന്നുവോ???
സഞ്ചിയിൽ ശേഷിക്കുന്ന,
ഇവരിലിനിയും മേൽവിലാസമറിയാത്തവരെ
ഇനിയെങ്ങിനെ കണ്ടെത്തും..?
നിന്റെ വിളികൾ കേൾക്കാതെ
കതകുകൾ തുറക്കാതെ
മുഖംകോട്ടി, മൗനം തിന്ന് മറവിയിലേക്ക് ഒളിച്ചോടിയവർ സ്വന്തം മേൽവിലാസം ഓർത്തെടുക്കാൻ ആഗ്രഹിക്കാത്തവരുടെ
നീ മടക്കി കൊണ്ടു പോകുന്ന കത്തുകൾ സഞ്ചിയിൽ ഭദ്രമായി ഉറങ്ങട്ടെ!!
മേൽവിലാസമന്വേഷിക്കുക മാത്രമാണല്ലോ നിന്റെ നിയോഗം.

തപാൽക്കാരൻ
തുണിസഞ്ചി തുറന്ന്
ഒരോ കത്തുകളും എനിക്കു തന്നു.
പകരം, എന്റെ വിരലടയാളം മാത്രം ചോദിച്ചു...
വിവിധ വർണങ്ങൾ കൊണ്ടു് അലങ്കരിച്ച കത്തുകൾ...
പക്ഷെ, എല്ലാരുടെയും കയ്യക്ഷരത്തിന്ന്
ഒരേനിറവും വടിവും...
വിലാസങ്ങൾ പരിപൂർണ്ണവും...

തപാൽക്കാരാ....
എനിക്ക് സ്വന്തമായി കിട്ടിയ
എഴുത്തുകളും മേൽവിലാസങ്ങളും
എന്നെ ഒരുപാടു് മോഹിപ്പിക്കുന്നു.

എവിടെയോ തെറ്റിച്ചെഴുതിയ
ചിഹ്നങ്ങളും അക്ഷരങ്ങളും
തെളിഞ്ഞ് വന്ന കുറിമാനങ്ങൾ,
ക്ലാസ് മുറിയിൽ ടീച്ചർ പണ്ടു പറഞ്ഞ, വിട്ടുപോയവ
പൂരിപ്പിക്കാൻ കഴിയാതിരുന്നത്, ഇന്നു ഞാൻ പൂരിപ്പിച്ച ആഹ്ളാദം.

തപാൽക്കാരാ....
കൂട്ടായ്മയുടെ ആവേശവും
കുരുന്നുകളുടെ നിഷ്ക്കളങ്കതയും
കൈകൾ പരസ്പരം കോർത്ത,
കൂറ്റൻ ചിന്തകൾ കൂട്ടിയ കരുത്തും
കൂട്ടവർത്തമാനങ്ങളും
ഒന്നിച്ചൊരു കുഞ്ഞു സദ്യയും
മധുരം നുണയലും
ഞങ്ങളെ കുടുതൽ അടുപ്പിച്ചു.

പാട്ടിന്റെ പാലാഴിയിൽ
പട്ടുകുടയും വിശറിയും വെഞ്ചാമരവും പരസ്പരം വീശി കളിച്ചു ഞങ്ങൾ.
ചിലർ മോഹം തീർത്തത്
മൈക്കൾ ജാക്സനും
പുലിവേഷക്കാരനും കാവടിയാട്ടക്കരനുമായിട്ടായിരുന്നു..

മുതിർന്നവരെല്ലാം തന്നെ കുഞ്ഞുങ്ങൾക്കൊപ്പം
മുന്നിൽ കൂട്ടമായി നിറഞ്ഞാടി.
എല്ലാവരും കുഞ്ഞുങ്ങളായി.
ഒരുവേള, കുടുംബക്കാരനായ ശേഷം
കുട്ടിത്തത്തിലേക്കുള്ള
ആദ്യ തിരിച്ചു നടത്തം.
കളഞ്ഞ് പോയ കളിപ്പാട്ടങ്ങൾ തിരിച്ച് കിട്ടിയ സന്തോഷം.

തപാൽക്കാരാ.....
ഒരു പതാകയും,
മുഖ്യാഥിതിയും കട്ടൗട്ടറുകളും...
ആദരിച്ചാനയിക്കാൻ കുട്ടിയാനകളും നെറ്റിപ്പട്ടവും
ഗവർണ്ണറും ഇല്ലാതെ... പുഷ്പവൃഷ്ടിയും പനിനീർ തളിക്കലും ഇല്ലാതെ
ഗീർവാണ പ്രാസംഗികരോ ചിത്ര സംയോജക വാർത്താസംഘങ്ങളോ,
വിവിധ ചിത്രങ്ങൾ ആലേഖനം ചെയ്ത പരസ്യപ്പലകകളോ ഇല്ലാതെ,
ഒരു വഴിയും ഉപരോധിക്കാതെ,
ഒരു വാഹനവും തടയാതെ,
ഒഴുക്കിനെതിരെ നീന്താൻ
മോഹിപ്പിക്കുക മാത്രമാണ്
തപാൽക്കാരാ നിങ്ങൾ ചെയ്തത്.

മഹാസാഗരം നീന്തിക്കടന്ന് പല ദിക്കിലുമായി
ചിതറിക്കിടന്ന വളപ്പൊട്ടുകൾ പെറുക്കിയെടുത്ത് കളിമുറ്റം തീർത്തതിൽ ഞങ്ങൾ ധന്യരായി..
പൊട്ടിയ കുപ്പിച്ചില്ലുകൾ..
മുറിയാതെ ചേർത്തു വെക്കാൻ
ഓടി നടന്നതിന്ന്...
നിറഞ്ഞ ഹൃദയത്തിൽ നിന്ന്,
തപാൽക്കാരാ നിനക്ക്
ഒരിക്കൽ കൂടി നന്ദി...

കമർ
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com