കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Sunday, May 22, 2016

ചമയങ്ങൾ ഇല്ലാതെ.....

എന്റെ ഗ്രാമം, എത്ര സുന്ദരം...പുഴകൾ, മലകൾ, തോടുകൾ, കോൾപാടങ്ങൾ... എന്റെ ജീവന്റെ പച്ചപ്പും തുടിപ്പുകളും മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കാൻ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പുണ്യ ഗ്രാമം...

എല്ലാ മനുഷ്യന്റെയും ജീവിതത്തിൽ കണ്ടിരിക്കാനിടയുള്ള ഏറ്റവും സുന്ദരവും സുരക്ഷിതവുമായ പ്രദേശം അയാളുടെ ജന്മനാടു തന്നെയാണ്.
എന്റെ കേച്ചേരിയും, പട്ടിക്കരയും, പെരുമണ്ണും, എരനെല്ലൂരും, പെരുമലയും, ആളൂരും, പൊൻമലയും, ചിറനെല്ലൂരും, തൂവ്വാന്നൂരും.... തുടങ്ങി എനിക്ക് പരിചിതമായ ഗ്രാമങ്ങളുമായുള്ള പൊക്കിൾകൊടി ബന്ധം എന്റെ ജന്മനാടിനെ എനിക്കേറ്റവും പ്രിയങ്കരമാക്കുന്നു....

ഇതെഴുതുന്ന ഞാൻ ഏകദേശം കാൽ നൂറ്റാണ്ടിലിധികം പ്രവാസ ജീവിതം പിന്നിട്ടു ... എന്റെ ജീവിതത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ കാലഘട്ടവും ഇതുവരെ പിന്നിട്ട ആയുസിന്റെ പകുതി ദൂരവും ഓടിപ്പോയത് ഈ പോറ്റമ്മ തന്ന സുരക്ഷിതത്ത്വവും, സാമ്പത്തിക പുരോഗതിയും, അവസരങ്ങളുടെ അറ്റം പിടിച്ച് നടക്കാൻ തുടങ്ങിയ ആദ്യ പ്രവാസിയുടെ പിൻഗാമിയാവാൻ ഞാൻ തീരുമാനിച്ചുറച്ചതുകൊണ്ടു മാത്രമാണ്....

ജീവിക്കാനുള്ള കളരിയിലെ ഒട്ടുമിക്ക അടവുകളും ശീലിപ്പിച്ച അൽകോബാറും, ദമ്മാമും, യാൻബുവും, ഷാർജയും, അജ്‌മാനും, ദുബായിയും, എന്റെ പരിചിതമായ കേച്ചേരി ഗ്രാമങ്ങൾ എന്ന പോലെ മനസ്സിന്റെ ഭാഗമായി.

പല പ്രവാസിയും ഇവിടെ ജീവതം തിരഞ്ഞെടുക്കുന്നത് സ്വന്തം നാടു തരുന്ന തിരസ്‌കരണങ്ങളിൽ നിന്നും രക്ഷപ്പെടാനായിരുന്നു. ഇവിടുത്തെ അവസരങ്ങൾ അനുകൂലമാവുകയും,ആത്മാർത്ഥയും പരിശ്രമവും ഫല സമൃദ്ധമാവുകയും ചെയ്‌തതാണ് പലരുടെയും ജാതകങ്ങൾ മാറിമറിഞ്ഞത് .ഈ വിളനിലം ഉഴുതുമറിക്കാനും വിളയിറക്കി കൊയ്യാനും ... അവസരങ്ങളുടെ ഉപയോഗപ്പെടുത്തൽ മാത്രമാണ് ഇവിടത്തെ പ്രധാന മുദ്രാവാക്യം.പണിയെടുക്കൂ നീ സ്വയം ആർജിക്കൂ... ആരും ആരുടെയും 'ഹക്കിൽ' പിടിച്ച് പറിക്കാനില്ല .ചിലർക്കെങ്കിലും വിത്യസ്‌ത സാഹചര്യങ്ങൾ ഉണ്ടായിരിക്കാം.പക്ഷെ, അതൊക്കെ മനുഷ്യ സൃഷ്‌ടിയുടെ വിത്യസ്‌ത ഭാവങ്ങൾ മാത്രമായിട്ടാണ് തോന്നിയിട്ടുള്ളത് .

സ്വന്തം ജന്മനാടിന്റെ പരിമിതിയിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടാനുള്ള ഒരു ആദ്യയാത്ര.പിന്നീടു ആരും തിരിഞ്ഞു നോക്കാറില്ല, പിന്നിടുന്ന ഓരോ വർഷവും എക്കൗണ്ടു പുസ്‌തകവുമായി കൂട്ടലും, കിഴിക്കലും..ഒരിക്കലും തീരാത്ത ഗണിക്കലും - ഗുണിക്കലുമായി നീളുന്ന ഓട്ടം ....

പ്രവാസികളുടെ യാന്ത്രിക ജീവിതം സ്വന്തം തീരുമാനങ്ങളുടെ മാത്രം ആകത്തുകയാണ്.ജീവിതത്തിന്റെ എന്നും അടങ്ങാത്ത ആഗ്രഹങ്ങൾക്കും  ഒടുങ്ങാത്ത സ്വപ്‌നങ്ങൾക്കും  അപ്പുറമെത്താനുള്ള ഓട്ടങ്ങൾക്കിടയിൽ പലരും പലതും ത്യജിക്കുന്നു... നേടുന്നു....

നാടിന്റെ ദൈനംദിന സ്‌പന്ദനങ്ങൾ തൊട്ടറിയാൻ ഒരു കാലത്ത് ഗൾഫ് പ്രവാസികൾക്ക് ഇന്നത്തെപ്പോലെ കഴിയുമായിരുന്നില്ല. അതുപോലെ പല പ്രവാസികളുടെയും കുടുബ ജീവിതം വർഷങ്ങളുടെ ഇടവേളകളിലെ ചില മാസങ്ങളോ, ദിവസങ്ങളോ മാത്രമായിരുന്നു...

ഇന്നും പലരുടെയും ജീവിതം കണ്ണീർ മഴയിൽ കുതിർന്നതാണ്, നമ്മുടെ നാടിന്റെ പരിമിതികൾ അവരെ പ്രതീക്ഷകളുടെ തടവിൽ ഇവിടെ ജീവിപ്പിക്കുന്നു.

ചമയങ്ങളില്ലാതെ ദൈന്യതയാർന്ന കണ്ണുകളുമായി, തടവുകാരെ കൊണ്ടു പോകുന്ന പോലെ പണിസ്ഥലത്തേക്കും തിരിച്ചും "ഇന്ത്യൻ തൊഴിൽ ശക്തിയെ "വണ്ടിയിൽ അടക്കി പോകുന്നത്‌ പണ്ടൊക്കെ ഒട്ടുമിക്ക ദിവസവും റോളയിൽ നോക്കി നിന്നിരുന്ന കാലം എപ്പോഴും എന്റെ ഓർമ്മയിലെത്താറുണ്ട്.

ഒരു ദിർഹം പത്തു കൊണ്ടു് ഗുണിച്ച്, ദുരിതങ്ങളെ രൂപയുടെ ഡ്രാഫ്റ്റാക്കി മാറ്റി ജീവിതത്തിന്റെ രുചി ആസ്വദിച്ചവർ. അവരായിരുന്നു ഈ നാടിനെ ഇന്ന് കാണുന്ന കോൺക്രീറ്റ് കാടുകൾ ആക്കിയവർ.
ഇന്നും ആ വാഹനങ്ങൾ അഭംഗുരം യാത്ര തുടരുന്നു....

ഈ നാടിന്റെ മാറ്റങ്ങൾ പോലെ നമ്മുടെ മനസ്സിലും ജീവിതത്തിലും ഒടുങ്ങാത്ത മാറ്റങ്ങൾ ഉണ്ടായി.... ഗൾഫ് പോലെയുള്ള രാജ്യങ്ങളുടെ വളർച്ചക്കനുസൃതമായി നമ്മുടെ നാട്ടിലെ അവിദഗ്ദ്ധ തൊഴിലാളികൾ, അഭ്യസ്‌ത യുവത്വങ്ങൾ, ബുദ്ധിജീവികൾ, ഡ്രൈവർമാർ, പാചകക്കാർ, അങ്ങിനെ വിവിധ മേഖലയിലുള്ളവർ ഇവിടം പണിനിലമാക്കിയതിനാലാണ് നമ്മുടെ ചെറു ഗ്രാമങ്ങൾ പോലും ഇത്രയധികം സമ്പന്നതയുടെയും ജീവിത സൗകര്യങ്ങളിലും  വിദ്യഭ്യാസത്തിലും ഉയരങ്ങൾ കീഴടക്കിയത്.

ധിഷണാശാലികളായ ഈ രജ്യത്തെ ഭരണകർത്താക്കളുടെ നന്മയും, വീക്ഷണങ്ങളും നമ്മുടെ വളർച്ചകളെയും, സ്വപ്‌നങ്ങളെയും ആകാശത്തോളം ഉയർത്തി.... നന്ദിയും സന്തോഷവും ഇവിടത്തെ ജനതക്കും, ഭരണകൂടത്തിനും അർപ്പിക്കുന്നു.....
 ,,,,,,,,,,,,,,,,,,,,,,,,,,,,

കമർ അൽബേക്കർ
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com