കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Sunday, August 6, 2017

താക്കോൽ പഴുതിലൂടെ


ഒരു നാളൊടുങ്ങുന്ന
ജീവിത യാത്രയില്‍
ഒരുമിച്ച്‌ കളകളം പോലൊഴുകീ

കുന്നിലും കല്ലിലും
താഴ്‌വരകളോരോന്നിലും
കൗതുകം മാറാതെ
പുളഞ്ഞൊഴുകീ...

ഇരുളിന്‍ കരിമ്പടത്തില്‍
പൊന്‍ വെളിച്ചമായ്‌
കണ്ണിണകളില്‍ വർണ്ണക്കാഴ്ചയായി
ചുണ്ടിൽ നറു പുഞ്ചിരി നിറവായി
വണ്ടുണര്‍ന്നീടും വിസ്‌മയ പൂങ്കുലയായ്‌

നിശ്ശബ്ദ യാമങ്ങളില്‍ രാഗ മാലയായ്‌
വിരസതയിൽ പദ നിസ്വനം
നൃത്തമായ്‌
ചടുലമാം ചുവടുകളൊരു ചഷകമായി
ലഹരിയായ്‌
രാഗമായ്‌
സംഗീത സുധയായി
പെയ്‌തൊടുങ്ങിയതും
ഓര്‍‌മ്മയായോ..?

പണ്ടേതോ
ഏകാന്ത രാവിൽ
നിർവൃതിയിൽ
പാതി മയക്കത്തില്‍ ചെവിയിൽ നീ മന്ത്രിച്ച
പ്രണയാക്ഷരങ്ങളുടെ സ്വര ജതികള്‍
നീയില്ലായിരുന്നെങ്കിൽ...പ്രിയേ.....
എന്ന കനലക്ഷരങ്ങളുടെ പ്രതിധ്വനികള്‍

ജീവിത സായാഹ്ന ചക്രവാളത്തിലെ
പ്രഭ തീര്‍ന്ന സാന്ധ്യയിലെത്തിയപ്പോള്‍
കാര്‍കൊണ്ട വാനത്തെ മേഘങ്ങള്‍
തമ്മിലുടക്കുന്ന ഗര്‍‌ജ്ജനം കേട്ടു ഞെട്ടി
മഴ തോരുന്നതും കണ്‍പാര്‍ത്തിരുന്നപ്പോള്‍
ഗരിമയുടെ ഗർജ്ജനം കാതിലെത്തി

എന്തു ചെയ്‌തെന്തു ചെയ്‌തെന്ന ചോദ്യാക്ഷരം
എന്തു ചെയ്‌തെന്തു ചെയ്‌തെന്ന തോന്ന്യാക്ഷരം
ശരം കണക്കെന്റെ നെഞ്ചില്‍ തറച്ചൂ...

ഇത് കേട്ടെൻ ഉള്ളറയിലെ താഴിട്ട് പൂട്ടിയ
കിളിക്കൂടിൻ താക്കോൽ പഴുതിലൂടെ ...
നോക്കിക്കളിയാക്കി കിളി ചൊല്ലി ശരിയല്ലേ
നീ എന്തു ചെയ്തൂ ? നിനക്കായി മാത്രം
നീ എന്തു ചെയ്‌തൂ...നിനക്കായ്‌ മാത്രം.

റഹി​
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com