കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, March 23, 2017

ഇറോം എന്ന ബലിജന്മം....

ചോര നനഞ്ഞ
പകലുകളെയോര്‍ത്തു
രുചി വെടിഞ്ഞതു 
വേട്ടയാടപെട്ടവര്‍ക്കായിരുന്നു
സമരാഗ്നിയില്‍
ഉരുകിയ യൌവ്വനവും 
വിശപ്പു തിന്നൊട്ടിയ
അന്നക്കുഴലും
ഊഷരമാക്കിയ 
ഗർഭ പാത്രവും
ശോഷിച്ച  കൈകാലുകളും
നീ ആർക്കുവേണ്ടി
ഹോമിച്ചുവോ -
അവർ മാത്രം
നിന്നെ തിരിച്ചറിഞ്ഞില്ലല്ലോ ?

നിനക്ക് നഷ്ടപ്പെട്ട
നീലാകാശവും
കടലും കായലും
കാവും കരക്കാറ്റും
ചുംബനങ്ങളും
രതിരസങ്ങളും
നാസാരന്ദ്രങ്ങളെ
തുളക്കുന്ന
തീൻ വിഭവങ്ങളും
തലച്ചോറിന്റെ മേൽ
തടയണ കെട്ടി
ആർക്കു വേണ്ടിയാണോ
ഉപേക്ഷിച്ചത്
അവർ മാത്രം,
നിന്നെയിനിയും
അറിയുന്നില്ലല്ലോ ??

നിന്റെ ചോരയെ
വിരട്ടാനും
ആക്രമിക്കാനും
രാജ്യ ദ്രോഹിയെന്ന്
ചാപ്പ കുത്തി
തടവിലടാനും
പട്ടാള ബൂട്ടിന്ന് മുതുക്
തകർക്കാനും
ജനാധിപത്യം നിവേദിച്ച
കാടൻ വിഗ്രഹങ്ങൾ
കുഴിച്ച് മൂടാൻ,
നിന്റെ ഉടലടയാളങ്ങൾ
പരിചയാക്കിയ
നീയൊരു
നഷ്ടപ്പെട്ട തേൻമഴയായി
ഞങ്ങളിൽ
വർഷിച്ചു കൊണ്ടേയിരിക്കുന്നു.

മഹാ വൃക്ഷങ്ങൾക്ക്
കീഴിൽ കിളിർത്ത് വളർന്ന തൈമരമിന്ന്
മറ്റൊരു മഹാവൃക്ഷമായ്,
മുറിച്ചു മാറ്റാനാകാത്തവണ്ണം-
കട്ടിയുള്ള കാതലായ് മാറിയിരിക്കുന്നു.

നിന്റെ മന്ത്രണങ്ങൾ
നിന്റെ നിശ്വാസങ്ങൾ
നിന്റെ കണ്ണീരിന്റെ നനവും
എനിക്ക് തരിക
പ്രിയപ്പെട്ടവളെ
നിനക്ക് പകരം
നീ മാത്രമായതിനാൽ
ഞാനെന്റെ
കുലത്തിനെല്ലാം
നിന്നെ പകുത്തും കൊടുക്കാം

നീ അറിയുക
നീതി മണക്കുന്നോരു വോട്ടും
ഇവിടെയില്ലെന്ന്
അറിയുക,
നിന്റെ പ്രാണനില്‍
മുക്കിയെഴുതാനെത്രയോ
തൂലികകള്‍ കാലം
കാത്തുവച്ചിട്ടുണ്ടെന്നു

അറിയുക,
കിരീടവും
ചെങ്കോലുമില്ലാതെ
രാജ്യ രാജ്യാന്തരങ്ങളിലേക്ക്
പറന്നുയർന്ന നിന്റെ
നിശബ്ദ വാമൊഴികൾ
പറയുന്നുണ്ട് നീ
നിരാകരിക്കപ്പെട്ടവളല്ലെന്ന്

കമർ ബേക്കർ
22/03/2017⁠⁠⁠⁠
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com