കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Wednesday, April 8, 2020

പട്ടിയും രാമുട്ട്യേട്ടനും പിന്നെ അവനും....

"എടോ?"
"എന്താ,, രാമുട്ട്യേട്ടാ "
"താനെന്തിനാ കിടന്നിങ്ങനെ ഓടുന്നത് "
"അതെ, എന്നെയെങ്ങാനും പട്ടി കടിക്കാൻ വന്നാലോ?"
"അയിന്,,,, "

"ഓടിക്കൊണ്ടിരിക്ക തന്നെ ശരണം"

"ഇങ്ങനെ ഓടിയിട്ടും പട്ടി കടിക്കാൻ വന്നില്ലെങ്കിലോ??"

"ഭാഗ്യം, അല്ലാതെന്താ പറയാ?"

"ഉപദേശിക്കാന്ന് തോന്നരുത് ഞാനൊരു കാര്യം പറയാം"

"പറയൂ..."

" ആദ്യം നീ ഓട്ടം നിർത്തൂ..ഇല്ലേൽ ഞാനും കൂടെ ഓടണ്ടേ ഇത് പറയാൻ..”

"അപ്പോ പട്ടി? "

"അത് വരുമ്പോൾ വരട്ടെ അപ്പോൾ ഓടാലോ"

"എങ്ങാനും കടിച്ചാലോ?"

"കടിച്ചാലല്ലെ എത്രയോ വഴികളുണ്ടു്, കടിക്കാത്ത പട്ടിയെ ഓർത്ത് ഇപ്പഴേ വശം കെടണോ "

" ന്നാലും എന്താപോംവഴി രാമുട്ട്യേട്ടാ...?"

"പട്ടി കടിച്ചാൽ ചികിത്സകളുണ്ട്.. മ്മടെ രാജ്യത്ത്.  ഓർമ്മേലുള്ള ചിലത് പറയാം"

" പറയ് ൻ്റെ രാമുട്ട്യേട്ടാ "

"മെഡിക്കൽ കോളേജിൽ പോയി പൊക്കിളിന് ചുറ്റും  സൂചി കുത്താം"

"അപ്പോ നല്ല വേദന ആവും ല്ലേ? പിന്നെ "

“ അതിപ്പോ പട്ടി കടിച്ചാലും വേദനിക്കൂലോ...”

“ അതെ അതുകൊണ്ടാണല്ലൊ കടികൊള്ളാതിരിക്കാൻ ഞാനീ ഓടുന്നത്..”

" കൊരക്കണ പട്ടി കടിക്കില്ലടാ, കടിക്കണേൻ്റെ മുൻപ് പട്ടിയെ കെട്ടിയിട്ടു് വിഷമിളകുന്നുണ്ടോന്ന് നോക്കാം, വിഷ ലക്ഷണം കണ്ടാൽ തല്ലിക്കൊല്ലാം "

"അതിന് പട്ടി നമുക്ക് പിടിക്കാൻ നിന്നുതരോ..? “

" പാങ്ങില്ലാത്ത കാര്യങ്ങളുണ്ടോ ഭൂമിയിൽ?, പിന്നെ വൈദ്യരെ കണ്ടു് നാട്ടുമരുന്ന് ചികിത്സ നടത്താം, പെരുമ്പടപ്പിൽ പോയി വെളിച്ചെണ്ണയും നൂലും കെട്ടാം, ഇടവകലേച്ചൻ്റെ മുന്നിൽ കുരിശ് മുത്തി മുട്ടിപ്പായി പ്രാർത്ഥിക്കാം, അമ്പലത്തിൽ പോയി ഒന്നു മുട്ടിറക്കാം , ഉഗ്രശക്തിയുള്ള ദേവിമാർ രക്ഷിക്കാതിരിക്കില്ല."

“  ഇതൊക്കെ വല്യ ചെലവല്ലേ,... കൈകൂലി കൊടുത്താലല്ലാതെ ദൈവങ്ങൾ ഒന്നും കേൾക്കില്ലാലൊ .?”

"വടക്കേലെ പോത്തൻ വക്കീലിനെ കണ്ടു് മേൽക്കോടതിയിൽ ഒരു പരാതി കൊടുക്കാം, മേലിൽ ഒരു പട്ടിയും കടിക്കാതിരിക്കാൻ സർക്കാർ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് "

"സർക്കാരും കേടതിയും നന്നായി വിയർക്കണ്ടു്ന്നാ കേട്ടത് "

"അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഒരു അറ്റകൈ പ്രയോഗമുണ്ടു് ഈ പട്ടികളെയൊക്കെ നമ്മുടെ ആടിനെ കടിച്ച പേപ്പട്ടികളായി അങ്ങട് തല്ലിക്കൊല്ലാം.. ഒന്നോ രണ്ടോ ആടുകളെ മുറ്റത്ത് കെട്ടിയിടണം അവറ്റകൾക്ക്.... കുശാലായി വെള്ളവും വറ്റും കൊടുക്കണം...  അത് കണ്ടാ മ്മളു ആടുകളെ പൊന്ന് പോലെ നോക്കണ്ണ്ട്ന്ന് തോന്നേം ചെയ്യും "

"ഇങ്ങക്കിതൊക്കെ പറയാം.... നേരം വെളുക്കോളം ഉപാദികൾ ഉപദേശിക്കാം എന്നെ പട്ടി കടിക്കും കടിച്ചു പൊളിക്കും
ഞാൻ ഓടാണ്.... ഓടട്ടെ രാമുട്ട്യേട്ടാ "

"പറയാനുള്ളത് പണ്ടേ മുതൽ പറയുന്നതാടാ ചെക്കാ....ഇല്ലാത്ത പട്ടി കടിക്കു ച്ചാൽ നീ ഓടിക്കോ"

ശുചിത്വം പാലിക്കുക ...
വീട്ടിനകത്ത് തന്നെ ഇരിക്കുക...
സാമൂഹിക അകലം പാലിക്കുക...

ദേ, വീണ്ടും ....പട്ടി... രാമുട്ട്യേട്ടാ....

ശുഭം

ഒരു ഉട്ടോപ്പിയൻ കഥ
- കമർ
06/04/2020
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com