കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Friday, May 6, 2016

പെരുമ്പാവൂരിൽ നിന്നും നമ്മുടെ വീടുകളിലേക്ക് എത്ര ദൂരം?

സൗമ്യ.
നിന്റെ മരണമുഖത്ത്
ഒരു തീവണ്ടിയുടെ ഇരമ്പൽ
ഗോവിന്ദന്റെ ആക്രോശത്തെക്കാളും
വലിയതായിരുന്നു.
നിന്റെ നിലവിളികൾ തീവണ്ടി ചക്രത്തിൽ ഞെരിഞ്ഞമർന്നു....
പാളങ്ങളിൽ തളം കെട്ടിയ
രക്തക്കറ ഉണങ്ങും മുമ്പ്
നിനക്ക് പിറകെ എത്രയോപേർ....

നിർഭയ.
നിന്റെ സുഹൃത്തിനൊടുള്ള വിശ്വാസവും സുരക്ഷിതത്വവും മരണത്തിലേക്കുള്ള അവസാന വാഹനമായി...
ബസ് ജീവനക്കാർ,
അവർ നിന്റെ മാനവും ജീവനും കവർന്നു,
ബസ്സിന്റെ ഇരമ്പലിൽ നിന്റെയും സുഹൃത്തിന്റെയും നിലവിളികൾ അലിഞ്ഞില്ലാതായി...
തലയോട്ടി പിളർന്ന് നീ യാത്രയായി...
നിന്റെ രക്തക്കറ ഉണങ്ങും മുമ്പ് വീണ്ടും...നിനക്ക് പിറകെ എത്രയോപേർ..

ഇന്ന് ഞാൻ, ജിഷ.
ചരിത്രവും നിയമവും പഠിച്ച് എന്റെ
സമൂഹത്തിന്റെ കാവലാൾ ആകണമെന്ന് മോഹിച്ച ഒരു വിദ്യാർത്ഥിനി.
മൂക്കും മാറിടവും നെഞ്ചിൻ കൂടും
കുടൽ മാലകളും... കീറി പുറത്തെടുത്ത് 
ജനനേന്ദ്രിയത്തിൽ ഇരുമ്പ് ദണ്ഡ് കയറ്റി എന്നെയും എന്റെ ഭാഗ്യംകെട്ട രാജ്യം ആദരിച്ച്  യാത്രയാക്കിയിരിക്കുന്നു..

ഞാൻ,
ട്രെയിനിലോ ബസ്സിലോ
ഒറ്റയ്ക്ക് യാത്ര ചെയ്ത്,
അരക്കെട്ടും അടിവയറും
കാട്ടുന്ന ഇറുകിയ കുപ്പായങ്ങൾ ധരിച്ച്,
പെൺകുലത്തിന്റെ "മഹിമ" തകർത്തെന്ന് ഒരു പുരുഷ കേസരിയും ആക്ഷേപിക്കില്ല...

മറിച്ച്,
എന്റെ പുറം പോക്കിലെ കുടിലിന്റെ
അരണ്ട വെളിച്ചത്തിൽ പുസ്തകത്തെ പ്രണയിച്ച് ഒതുങ്ങുക മാത്രമായിരുന്നു ഞാൻ....
കോലായിയും, കിടപ്പുമുറിയും,
അടുക്കളയും എല്ലാംകൂടെ ഒരു തീപ്പിട്ടി കൂടിന്റെ വലിപ്പമുള്ള ആ കൊച്ചു കൂരയിൽ നിന്നും ആകാശം ഭേദിച്ച് എത്രയോ കാതങ്ങൾ അകലെ എന്റെ നിലവിളി മുഴങ്ങിയിരുന്നു...

പിശാചുക്കളുടെ കൂട്ടം സർവാംഗവും കുത്തി മുറിച്ച് കടൽമാലകൾ പുറത്തെടുക്കുമ്പോൾ
"പെൺകുട്ടിയുടെ നിലവിളി കേട്ടു "എന്ന് മൊഴിയുന്ന നല്ല അയൽപക്കക്കാർ എന്തു ചെയ്യുകയായിരുന്നു.?

തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ
പോർവിളി കാലത്ത് ,
എന്റെ ശവപ്പെട്ടിക്കരികിൽ നിന്നും പ്രസ്താവന ഇറക്കാൻ എല്ലാ പാർട്ടികളും ചാനൽ കാമറകളും മാറി നിന്നത് എന്തിനായിരുന്നു??

കാക്കിയിട്ടവർ ഹെൽമെറ്റ് വേട്ടയുടെ തിരക്കിലാണെപ്പോഴും
തലകൾ ഞങ്ങൾ സംരക്ഷിക്കും
എന്ന സത്യപ്രതിജ്ഞ നിറവേറ്റാനുള്ള തിരക്കിൽ...
ഓട്ടക്കലത്തിൽ കഞ്ഞി കുടിക്കുന്ന എന്റെ അടിവയർ പിളർത്തി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് ഏമാൻമാർക്ക് എന്തു ഗുണം???

നമ്മൾ
ഹിന്ദുവായതിനാലല്ല..
മുസ്ലീമായതിനാലല്ല..
ക്രിസ്ത്യാനിയായതിനാലുമല്ല...
ദളിതയോ ആദിവാസിയോ
പിന്നോക്ക വിഭാഗമോ ആയതിനാലല്ല..

സ്ത്രീയായതിനാലാണ്,
കാമവെറിയുടെ കൊലക്കത്തി നമ്മെ അരിഞ്ഞ് ഇല്ലാതാക്കുന്നത്..

ബാലികയായാലും വൃദ്ധയായാലും...
ഭ്രാന്തി തന്നെയായാലും..
ആക്രമിക്കപ്പെടുന്നത്..
സ്ത്രീത്വം ഒന്നു കൊണ്ടു് മാത്രം !!

നിർഭയ, സൗമ്യ ...
നിങ്ങൾ കേവലം "സംഭവങ്ങൾ " മാത്രം ആയി മാറിയിരിക്കുന്നു.
സൗമ്യനായി ഗോവിന്ദചാമിയും
നിർഭയരായി ബസ് ജീവനക്കാരും, 
സർക്കാർ ചിലവിൽ ജയിലിൽ സുരക്ഷിതർ..

എന്റെ കൊലപാതത്തിന്ന്
ഒട്ടും തിളക്കം കിട്ടിയില്ല.
പത്രത്താളിലെ അവസാന പേജിൽ
ഒരു രണ്ടു കോളം ചരമ വാർത്തയിൽ ഞാൻ ഒതുക്കപ്പെട്ടു .
എന്റെ ചിത്രങ്ങൾ പത്രങ്ങളും ചാനലുകളും തിരസ്ക്കരിച്ചു...
ഒരു ദരിദ്രയുടെ പടത്തിന്ന് എന്ത് വർണ്ണങ്ങൾ...???

ഒരു വിദ്യാത്ഥിനി കൊല ചെയ്യപ്പെട്ടു!!,
ദിവസവും കേരളത്തിൽ നടക്കുന്ന അഞ്ചു സ്ത്രീ പീഠനങ്ങളിൽ ഒരു സംഭവം മാത്രമായി,
ഞാനും " ജിഷ സംഭവമായി "
നിങ്ങളെപ്പോലെ ചുരുങ്ങിയില്ലാതാവും...

തന്തയ്ക്ക് പിറന്ന മകളെ
കൊന്നവരെയെല്ലാം കശാപ്പ് ചെയ്ത്
യമപുരിക്ക് അയച്ച് ,
എന്റെ കൊലക്ക് പകരം വീട്ടാൻ ഒരഛനോ,
ജനിച്ച മണ്ണിൽ മരണം വരെ ജീവിച്ചു മരിക്കാനുള്ള എന്റെ നിയമ സുരക്ഷയോ, നടപ്പാക്കാൻ ഒരു നട്ടെല്ലുള്ള ഭരണാധികാരി നമ്മൾക്കില്ലാതെ പോയി...!!!

വർണ്ണാഭമായ വാക്കുകളിൽ
രോഷം പൊതിഞ്ഞ്
എന്നെയും നിങ്ങളെയും ഓർത്ത്
വീണ്ടും കവിതകൾ പിറക്കും.
ദിക്കുകൾ പൊളിക്കുമാറ്
പ്രതിഷേധങ്ങൾ ആളിക്കത്തും.
ഹൃദയം തുളഞ്ഞു പോകുന്ന
മുദ്രാവാക്യങ്ങൾ ഉണ്ടാകും...
ചാനൽ ചർച്ചകൾ സെമിനാറുകൾ..
പതിവു ചേരുവകളുടെ ആഘോഷങ്ങളും ആരവവും....

എങ്കിലും
സൗമ്യ , നിർഭയ, ജിഷ...
ഇരകളുടെ പട്ടിക നീണ്ടു കൊണ്ടേയിരിക്കും.
കാമവെറിക്ക് കടുത്ത ശിക്ഷ
അവന്റെ പുല്ലിംഗം ഛേദിച്ച്
കരളും, കണ്ണും, ഹൃദയവും നമുക്ക് ഇല്ലാത്തവന് ദാനം കൊടുക്കാം

എന്തു നല്ല മുദ്രാവാക്യം....
പുരുഷകുലത്തിൽ പിറന്നതിൽ ലജ്ജിച്ചു തല പിന്നെയും പിന്നെയും താഴ്ത്തുന്നു ഞാൻ....
Share:

2 comments:

iqbal kechery said...

നന്നായിരിക്കുന്നു ഭാഷ കീപ്‌ ഇറ്റ്‌ അപ്പ്‌

Unknown said...



നമ്മുടെയൊക്കെ അനിയത്തിയുടെ മാനം പിക്കാക്സു കയറ്റിക്കുത്തിയെടുത്ത്, തൊണ്ട പൊളിഞ്ഞു നൊന്ത നിലവിളിയിൽ പൊതിഞ്ഞ്, വയറുനിറച്ച് ഒരിക്കെലെങ്കിലുമൊന്നുണ്ണണമെന്നു മാത്രം സ്വപ്നം കണ്ട ഒരു പ്രാണനെ ചൊറിച്ചിലു മാറാത്ത ഒരു തുള്ളി കാളകൂട ബീജത്തിൽ മുക്കി ശ്വാസം മുട്ടിച്ചു കൊന്ന ആ പുല.....മോനെ നമുക്ക് തെരുവിൽ പച്ചയ്ക്ക് കത്തിക്കുക തന്നെ ചെയ്യാം.പകരം, അവനു യഥെഷ്ട്ടം കള്ളും കഞ്ചാവും കറുപ്പും ഇന്റെർനെറ്റിലെ അടയ്ക്കാത്ത അശ്ലീല സൈറ്റുകളും ചുംബനസമരവും ജയിലിൽ ആടുബിരിയാണിയും നൽകി സൽക്കരിച്ച സർക്കാരുകളെ നിരപരാധിയെന്നു കണ്ടു വെറുതെ വിടാം.തുണിയില്ലാത്ത കോലത്തിൽ കൊല്ലപ്പെട്ട മക്കളുടെ അമ്മമാരുടെ, രക്തബന്ധങ്ങളുടെ ഹൃദയം നുറുങ്ങിയ ശാപവാക്കുകൾ കേട്ട് ഭൂമിയുടെ കാത് മരവിച്ചിരിക്കുന്നു.ഇനി ശപിക്കാൻ ദൈവം മാത്രം ബാക്കി.അതോടെ എല്ലാം തീർന്നു കിട്ടും.കമർക്ക ഭ്രാന്തമായ അലർച്ചയോടെ കടന്നുപോയ വഴികളിൽ കണ്ണീരോടെ കിതച്ചുകൊണ്ടിരിപ്പാണു ഞാൻ.കേൾക്കാതിരിക്കാൻ കാതു പൊത്തിപ്പിടിച്ച സഹോദരിമാരുടെ നിലവിളികൾ, ഞങ്ങളുടെ തലപിളർന്ന് ഉരുക്കിയ ഈയം പോലെ പകർന്നിരിക്കുന്നു താങ്കൾ.കോപത്തിന്റെ തീ മാത്രമാണിപ്പോൾ കണ്ണിലും കാതിലും ശ്വാസത്തിലും വരെ...!!!

...യാസിൻ.......

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com