കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Sunday, May 8, 2016

പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ?

പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ? റഹി.
പെറ്റമ്മയെ ഓർക്കാൻ ഒരു ദിവസം ? അതിന് പ്രസക്തിയുണ്ടോ? ഇന്നൊരു ദിവസം ഓർത്തെടുത്ത് മായ്ച്ച് കളയാൻ പറ്റുന്നതാണോ ഈ പൊക്കിൾകൊടി ബന്ധം?
നമ്മുടെ ഓരോ ദിവസത്തിന്റേയും തുടക്കവും ,ഒടുക്കവും അവരുടെ ഓർമകളിലൂടെയാണ്, ഞാനീ കുറിപ്പ് എഴുതാനാരംഭിക്കാൻ തുടങ്ങിയപ്പോൾ ഒരായിരം ഓർമ്മകൾ ഒറ്റ കുതിപ്പിന് പാഞ്ഞു വന്നു, സ്നേഹത്തിന്റെ മണം വീശിക്കൊണ്ട്, എങ്കിലും ഉമ്മാടെ അവസാനത്തെ ദിവസങ്ങൾ ഓരോന്നും ആലോചിക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ്.

അവസാന രണ്ടര മാസക്കാലം ഉമ്മ മദർ ആശുപത്രിയിൽ ആയിരുന്നു, കാലത്ത് എഴുന്നേറ്റ് ഇവിടുത്തെ ഉമ്മാക്കുള്ള ( അമ്മായി അമ്മ എന്ന് വിശേഷിപ്പിക്കാനെനിക്ക് ഇഷ്ടമില്ല, ഞാൻ എന്റെ ഉമ്മയേക്കാൾ കൂടുതൽ ജീവിച്ചത് ഇക്കാടെ ഉമ്മയുടെ കൂടെയാണ് ,എന്റെ ജീവിതത്തിൽ ഒരു പാട് സ്വാധീനിച്ച വ്യക്തി) ആവശ്യങ്ങളും ഭക്ഷണങ്ങളും ഒരുക്കി വെച്ച് വേഗം ആശുപത്രിയിലേക്ക് ഓടണം എന്ന ഒരേ ചിന്തയിലാണ് ഓരോ ദിനവും കടന്ന് പോയിരുന്നത്, പക്ഷെ ആദ്യത്തെ കുറച്ച് ദിവസമേ എനിക്ക് ആ ഭാഗ്യം ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും എന്റെ ജിച്ചുവിന് (എന്റെ മാതൃത്വത്തിന്റെ ആദ്യത്തെ അവകാശി) ചിക്കൻപോക്‌സ് പിടിപെട്ടു, എങ്കിലും അവനെ കുളിപ്പിക്കലും ഭക്ഷണ കാര്യങ്ങളും ചെയ്ത് വെച്ച് ഞാൻ ഉമ്മാനെ കാണാൻ പോകും, രണ്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും അവന്ന് കൂടുതൽ പൊന്താൻ തുടങ്ങി, എനിക്കും ഉമ്മാടെ അടുത്ത് പോകാൻ പേടി ആയി "നീ ഈ അവസ്ഥയിൽ ഉമ്മാനെ കാണാൻ വരേണ്ട, ഉമ്മാക്ക് എന്തെങ്കിലും വന്ന് പെട്ടാൽ അത് നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ റഹീ, നീ മോനെ നന്നായി നോക്ക് " എന്നായി എല്ലാവരും അത് കേട്ടപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി, ഉമ്മാടെ അടുത്ത് ജിച്ചൂന് പനിയാണെന്നും അത് കൊണ്ട് റഹിയോട് വരേണ്ട എന്ന് പറഞ്ഞാൽ മതിയെന്നും തീരുമാനിച്ചു, അങ്ങിനെ ഉമ്മാടെ വിശേഷങ്ങൾ ഫോണിലൂടെയും അല്ലാതേയും അറിഞ്ഞു, പതിനഞ്ച് ദിവസം കഴിഞ്ഞതും ഉമ്മാക്ക് ഇഷ്ടമുള്ള മോര് കറിയും ചോറും ആയി ഞാൻ ഉമ്മാടെ അടുത്ത് സെമി ഐ.സി.യു വിൽ കാണാൻ പോയി, ചോറ് വായിൽ കൊടുക്കുമ്പോൾ ഉമ്മ എന്റടുത്ത് ചോദിച്ചു "അതേ ഇച്ചു മണിക്ക് ( ഉമ്മ അങ്ങിനെയാണ് വിളിക്കാറ്) നല്ല ലൂസ് ഉള്ള ഷർട്ട് ഇട്ട് കൊടുക്കണം ,പൊന്തിയത് ഉള്ളിൽ ഉണങ്ങാൻ കുറച്ച് ദിവസം എടുക്കും, ചിക്കന്‍ കുറച്ച് കഴിഞ്ഞ് കൊടുത്താൽ മതീ ട്ടാ" അത് കേട്ടതും ഞെട്ടി ഞാൻ ഉമ്മാടെ മുഖത്തേക്ക് ചിരിച്ച് കൊണ്ട് എങ്ങിനെ അറിഞ്ഞെന്ന ഭാവത്തിൽ നോക്കി 'എനിക്ക് മനസിലായി ഇത്രയധികം ദിവസം ഒരു പനിക്കൊന്നും നീ എന്നെ കാണാൻ വരാതിരിക്കില്ല എന്ന് 'അതാണ് ഉമ്മ അവർക്ക് അകക്കണ്ണ് കൊണ്ട് എല്ലാം കാണാൻ കഴിയും, കാത് കൂർപിക്കാതെ കേൾക്കാൻ കഴിയും, സ്പർശിക്കാതെ തലോടാൻ കഴിയും, ആ ഉൾകാഴ്ച എത്ര പുകഴ്ത്തിയാലും മതിയാവില്ല, അന്ന് വായ് തോരാതെ കുറെ സംസാരിച്ചു, ആശുപത്രി വിട്ടാലുള്ള കാര്യങ്ങളായിരുന്നു കൂടുതലും, ജീവിതം തിരിച്ച് കിട്ടുമെന്ന് അത്ര വിശ്വാസമായിരുന്നു ,നമ്മുടെ വീട്ടിൽ ചെന്ന് ഉമ്മ കൽത്തപ്പം നെയ്യപ്പം എന്നിവ ഉണ്ടാക്കുന്നതും, മക്കളും പേരമക്കളായി വീട്ടിൽ കഴിയുന്നതും എല്ലാം, ഞാനും ഏറെ സന്തോഷിച്ചാണ് മടങ്ങി പോയത്
ഇവിടെ എത്തുമ്പോൾ എന്റെ സാവനും (രണ്ടാമത്തവൻ) ചെറിയൊരു പനി, രാത്രിയാകുമ്പോഴേക്കും ചിക്കൻപോക്സാണെന്ന തീരുമാനമായി അങ്ങിനെ ഈ പ്രക്രിയ തുടർന്നു ഗാഥൂനും (മോൾ) വന്നു, ഉമ്മാടെ അടുത്തേക്കുള്ള എന്റെ പോക്കിന്റെ ദിവസങ്ങൾ അകന്നകന്ന് പോയി, അത് കൊണ്ടും നിന്നില്ല, ചിക്കന്‍‌പോക്‌സിന്റെ വിരാമം എനിക്കും ഇക്കാക്കും ഒരുമിച്ച് ആരംഭിച്ച് കൊണ്ടായിരുന്നു, എല്ലാവരേക്കാളും കൂടുതലായി എന്നെ വ്രണങ്ങൾ കൊണ്ട് പൊതിഞ്ഞു, മാനസികമായും ശാരീരികമായും ഞാൻ തളർന്നു, ആർക്കും ഒന്ന് വന്ന് സഹായിക്കാൻ പറ്റുന്ന രോഗമല്ലല്ലോ! ഇവിടെ ഉമ്മാക്ക് വരുമോ എന്ന് പേടിച്ചു, ഉമ്മ മാത്രം രക്ഷപെട്ടു, ഞാനും ഇക്കയും ഒരു വിധം ഭേദമാകുമ്പോഴേക്കും ആശുപത്രിയിൽ ഞാൻ കണ്ട് പിരിഞ്ഞ ഉമ്മയെ അല്ല, ഉമ്മാടെ നില കൂടുതൽ വഷളായി, വെന്റിലേറ്ററിലെ സഹായത്താലുള്ള ഉമ്മാടെ ദിവസങ്ങൾ എനിക്കിവിടെ എഴുതാൻ കഴിയില്ല,
ഈ രണ്ടരമാസക്കാലം ഉമ്മ അറ്റാക്കും, ഡയാലിസിസും, ഓപറേഷനും എല്ലാം ആയി ഒരു പാട് വേദനകൾ സഹിച്ചു, ഞാൻ ചിക്കന്‍പോക്‌സ്സ് വരുത്തിയ ശരീരവേദന കൊണ്ടും, എന്റെ ഉമ്മാനെ ഒരു ദിവസം എനിക്ക് ശുശ്രൂഷിക്കാൻ കഴിയാതെയുള്ള തീരാത്ത വ്യഥയിലും നീറി, ഞങ്ങൾ മക്കളുടെയും മരുമക്കളുടേയും സമ്മതത്തോട് കൂടിയുള്ള വെന്റിലേറ്ററിനെ അവസാനിപ്പിക്കുമ്പോൾ ഞങ്ങളുടെയും ഉമ്മയുടെയും എല്ലാ ആശകളും പ്രതീക്ഷകളും ആയിരുന്നു കരിഞ്ഞ് പോയത് , അതെ വിധി കാലചക്രത്തിന്റ പാളങ്ങളിൽ ഓടികൊണ്ടിരിക്കുക തന്നെയാണ്, നമ്മളും ഓരോ ദിവസമായി കൊഴിഞ്ഞ് പോകും, ഇന്നും മദര്‍ ആശുപത്രി കാണുമ്പോൾ ഒരു അകൽച്ചയാണ്, ഞങ്ങളുടെ ഉമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വൈരാഗ്യവും, ഈ രണ്ടര മാസം ദുനിയാവിൽ ഒരു പാട് വേദന അനുഭവിച്ചിട്ടുണ്ട് ഉമ്മ, അതിന് പകരമായി നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് പരലോകം സ്വർഗ്ഗത്താൽ അലങ്കൃതമാക്കി കൊടുക്കണേ!!!
റഹി
Share:

2 comments:

Azeez Manjiyil said...

നിറമിഴികളോടെയാണ്‌ ഈ ഓര്‍‌മ്മ ചെപ്പ്‌ വായിച്ചെടുത്തത്.പ്രാര്‍ഥനയോടെ

Unknown said...

വ്യാഖ്യാനങ്ങളില്ലാത്ത വികാരങ്ങളുടെ ഒരു വൻ ശൃംഗമാണമ്മ...

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com